കോഴിക്കോട് ബീച്ച് ഫയർ സ്റ്റേഷന് താൽക്കാലിക കെട്ടിടം അനുവദിച്ച് കോഴിക്കോട് കോർപ്പറേഷൻ. നഗരവാസികളുടെ സുരക്ഷ പരിഗണിച്ചാണ് തീരുമാനമെന്ന് മേയർ ഒ സദാശിവൻ പറഞ്ഞു. ബീച്ച് ഫയർ സ്റ്റേഷൻ മീഞ്ചന്തയിലേക്ക് മാറ്റിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കോഴിക്കോട് നഗര ഹൃദയത്തിൽ പ്രവർത്തിച്ചിരുന്ന ബീച്ച് ഫയർ സ്റ്റേഷൻ നവീകരണത്തിൻ്റെ പേര് പറഞ്ഞാണ് മാറ്റിയത്. ഇത് നഗരവാസികളുടേയും വ്യാപാരികളുടേയും കടുത്ത എതിർപ്പിന് ഇടയാക്കി.
എന്നാൽ ആഭ്യന്തര വകുപ്പോ നഗരത്തിലെ എം എൽ എമാരോ കാര്യക്ഷമമായി ഇടപെടാത്തത് പ്രതിഷേധം കടുപ്പിപ്പിച്ചു. ജൂലൈ 13 മുതൽ കോഴിക്കോട് നഗരത്തിൽ ഫയർ സ്റ്റേഷനില്ല. തീപിടുത്ത സാധ്യതയുള്ള മിഠായ്ത്തെരുവ്, വലിയങ്ങാടി, പാളയം തുടങ്ങിയ പ്രധാന വാണിജ്യ കേന്ദ്രത്തിലേക്ക് അടിയന്തര സാഹചര്യത്തിൽ ഫയർഫോഴ്‌സിന് എത്താൻ സൗകര്യമൊരുക്കാൻ കോഴിക്കോട് കോർപ്പറേഷൻ തന്നെ മുൻ കൈ എടുത്തു. പഴയ കോർപ്പറേഷൻ ഓഫീസ് കെട്ടിടത്തിന് പിന്നിലായി പ്രവർത്തിക്കുന്ന 2 ഓഫീസുകളുടെ പ്രവർത്തനം മാറ്റിയാണ് ഫയർ സ്റ്റേഷന് താൽക്കാലിക സൗകര്യം ഒരുക്കുന്നതെന്ന് മേയർ ഒ സദാശിവൻ പറഞ്ഞു.
ഫയർ ഫോഴ്‌സ് വാഹനങ്ങൾ കെട്ടിടം പൊളിച്ചു മാറ്റിയ സ്ഥലത്ത് തന്നെ പാർക്ക് ചെയ്യും. ഓഫീസ് പ്രവർത്തനവും ജീവനക്കാരുടെ താമസവും കോർപ്പറേഷൻ കെട്ടിടത്തിലേക്ക് മാറ്റും. ഓഫീസിലേക്കുള്ള വഴിക്കായി ചുറ്റുമതിലിൻ്റെ ഭാഗം പൊളിക്കാനും തീരുമാനമായി. മുൻ എൽ ഡി എഫ് സർക്കാർ ഫയർ സ്റ്റേഷനായി രണ്ട് കോടി രൂപ ടോക്കൺ എമൗണ്ട് അനുവദിച്ചിരുന്നു. യു ഡി എഫിൻ്റെ പുതിയ ബജറ്റിൽ കൂടുതൽ തുക വകയിരുത്താത്തതാണ് പ്രതിസന്ധിക്ക് കാരണമായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here