നീറ്റ് പരീക്ഷാ ക്രമക്കേടിനെ തുടർന്ന് രാജ്യത്ത് അലയടിച്ച് വിദ്യാർഥി-യുവജന പ്രക്ഷോഭത്തിനൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിപദത്തിൽ നിന്ന് രാജിവെച്ച് ഒഴിഞ്ഞ ധർമ്മേന്ദ്ര പ്രധാന് ബിജെപി പ്രവർത്തകർ സ്വീകരണം ഒരുക്കിയതിൽ പ്രതികരിച്ച് നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്. ധർമ്മേന്ദ്ര പ്രധാനെ ആഘോഷപൂർവം സ്വീകരിച്ച ബിജെപി പ്രവർത്തകരുടെ പ്രവർത്തിയിൽ അത്ഭുതമില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ബലാത്സംഗികളെയും കൊലപാതകികളെയും മാല അണിയിച്ച് ആഘോഷിക്കുന്നതും ഈ രാജ്യം കണ്ടിട്ടില്ലേയെന്ന് പ്രകാശ് രാജ് ചോദിച്ചു. അതുകൊണ്ടുതന്നെ ധർമ്മേന്ദ്ര പ്രധാനെ ബിജെപി പ്രവർത്തകർ സ്വീകരിച്ചതിൽ അത്ഭുതപ്പെടാനൊന്നുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ധർമ്മേന്ദ്ര പ്രധാന് ഭുവനേശ്വർ വിമാനത്താവളത്തിൽ വെച്ചാണ് ബിജെപി പ്രവർത്തകർ സ്വീകരണം നൽകിയത്. വസ്തുതാ പരിശോധന വൈബ്സൈറ്റായ ആൾട്ട് ന്യൂസിന്റെ സഹസ്ഥാപകൻ മുഹമ്മദ് സുബൈറിൻ്റെ ട്വീറ്റ് ഷെയർ ചെയ്തുകൊണ്ടായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം.
ന്യൂനപക്ഷ സമുദായങ്ങളെ ലക്ഷ്യം വച്ചുള്ള വിദ്വേഷ പ്രസംഗങ്ങൾക്കും ഭിന്നിപ്പിക്കുന്ന പ്രചാരണങ്ങൾക്കുമെതിരെ നിരന്തരം സംസാരിച്ച മുഹമ്മദ് സുബൈറിനെതിരെ വലിയ രാഷ്ട്രീയ വേട്ടയും പകപോക്കലുമാണ് മോദി സർക്കാർ നടത്തിയത്. കേന്ദ്രസർക്കാർ ജയിലിലടച്ച, സംഘ്പരിവാറിന്റെ ആക്രമണങ്ങൾ നിരന്തരം ഏറ്റുവാങ്ങിയ സുബൈർ തീവ്രവലതുപക്ഷ നിലപാടുകൾക്കെതിരെ പരസ്യമായി ശബ്ദമുയർത്തിയിരുന്നു. ഇതുതന്നെയാണ് സംഘപരിവാറിനെ ചൊടിപ്പിച്ചതും.
അതേസമയം രാജിവെച്ചതിന് പിന്നാലെ, ചൊവ്വാഴ്ചയാണ് ജന്മനാടായ ഒഡീഷയിലേക്ക് ധർമ്മേന്ദ്ര പ്രധാൻ മടങ്ങിയത്. ഭുവനേശ്വർ വിമാനത്താവളത്തിൽ പ്രധാനെ സ്വീകരിക്കാൻ മന്ത്രിമാരും ബിജെപി എംഎൽഎമാരും പ്രവർത്തകർക്കൊപ്പം ഉണ്ടായിരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബിജു പട്നായിക് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അഞ്ച് സംസ്ഥാന മന്ത്രിമാർ, 21 മറ്റ് ബിജെപി നിയമസഭാംഗങ്ങൾ, രണ്ട് മുൻ എംഎൽഎമാർ, മുതിർന്ന പാർട്ടി നേതാക്കൾ എന്നിവരും സന്നിഹിതരായിരുന്നു.
#WATCH | Odisha: A large crowd welcomed former Union Education Minister and BJP MP Dharmendra Pradhan at Bhubaneswar Airport
— ANI (@ANI) July 28, 2026
Dharmendra Pradhan resigned from the Union Education Minister's post on 25th July. pic.twitter.com/NY49Hl7hbL
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here