യുഎഇയിലെ തൊഴിലാളികളുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾക്ക് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി മാനവ വിഭവശേഷി, എമിററ്റൈസേഷൻ മന്ത്രാലയം. തൊഴിലാളികളുടെ ആരോഗ്യ ഇൻഷുറൻസിന്റെ മുഴുവൻ ചെലവും വഹിക്കേണ്ടത് തൊഴിലുടമകളാണെന്നും, തൊഴിലാളികളിൽ നിന്ന് ഇതിനായി യാതൊരു തുകയും ഈടാക്കാൻ പാടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
തൊഴിലാളികളുടെ ആരോഗ്യ ഇൻഷുറൻസ് സംബന്ധിച്ച പുതിയ മാർഗനിർദേശങ്ങൾ തൊഴിലുടമകൾക്ക് അധിക ബാധ്യതകൾ ഏർപ്പെടുത്തുന്നതല്ലെന്നും, നിലവിൽ പ്രാബല്യത്തിലുള്ള ഇൻഷുറൻസ് വ്യവസ്ഥകൾ കൂടുതൽ വ്യക്തമായി വിശദീകരിക്കുന്നതാണെന്നും മന്ത്രാലയം അറിയിച്ചു.
പുതിയ സംവിധാനപ്രകാരം, ഒരു തൊഴിലാളിയുടെ വർക്ക് പെർമിറ്റ് അനുവദിക്കുന്നതിനും പുതുക്കുന്നതിനും സാധുവായ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണ്. മോഹ്‌റെയുടെ ഡിജിറ്റൽ സംവിധാനങ്ങൾ വർക്ക് പെർമിറ്റ് അപേക്ഷാ സമയത്ത് ഇൻഷുറൻസ് വിവരങ്ങൾ സ്വമേധയാ പരിശോധിക്കും. ഇതിലൂടെ അപേക്ഷാ നടപടികൾ വേഗത്തിലാക്കാനും നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സാധിക്കും.പുതിയ മാർഗനിർദേശത്തിൽ തൊഴിലാളികളുടെ അവകാശങ്ങൾ കൂടുതൽ ശക്തമായി വ്യക്തമാക്കിയിട്ടുണ്ട്.
തൊഴിലുടമകൾ ആരോഗ്യ ഇൻഷുറൻസ് പോളിസിയുടെ സബ്‌സ്‌ക്രിപ്ഷനും പുതുക്കലിനുമുള്ള മുഴുവൻ ചെലവും വഹിക്കണം. ഈ ചെലവിൽ തൊഴിലാളികൾക്ക് യാതൊരു സാമ്പത്തിക ബാധ്യതയും ഉണ്ടാകില്ല. അതുപോലെ, തൊഴിലാളിയുടെ ഇൻഷുറൻസ് വർക്ക് പെർമിറ്റിന്റെ മുഴുവൻ കാലയളവിലും തുടർച്ചയായി സാധുവായിരിക്കണം. ഇടയ്ക്കിടെ മാത്രം ലഭിക്കുന്നതോ ഭാഗികമായതോ ആയ ഇൻഷുറൻസ് അനുവദനീയമല്ല.
വർക്ക് പെർമിറ്റ് സാധുതയുള്ള സമയത്ത് തൊഴിലാളിയെ ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അവസ്ഥയിലാക്കുന്ന തരത്തിൽ തൊഴിലുടമയ്ക്ക് പോളിസി റദ്ദാക്കാനും കഴിയില്ല. കൂടാതെ, ആരോഗ്യ ഇൻഷുറൻസ് പോളിസി അധികൃതർ അംഗീകരിച്ച കുറഞ്ഞ പരിരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതായിരിക്കണമെന്നും ഗൈഡിൽ വ്യക്തമാക്കിയിട്ടുണ്ട്.തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും, തൊഴിൽ വിപണിയിലെ സുതാര്യതയും നിയമാനുസൃത നടപടികളും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമാണ് പുതിയ മാർഗനിർദേശങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here