ദില്ലിയിലെ വിദ്യാർത്ഥി സമരത്തിനെതിരെ വിദ്വേഷ പരാമർശം നടത്തിയ സംഭവത്തിൽ ടിജി മോഹൻദാസിനെതിരെ ഗത്യന്തരമില്ലാതെ കേസെടുത്ത് പൊലീസ്. ടി ജി മോഹൻദാസിനെതിരെ പൊലീസ് കേസെടുക്കാതിരുന്നതിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. ഇതോടെയാണ് വളരെ വൈകി പൊലീസ് നടപടി എടുക്കാൻ തയ്യാറായത്.
ആർഎസ്എസ് പ്രചാരകൻ ടി ജി മോഹൻദാസിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരം സൈബർ പൊലീസാണ് കേസെടുത്തത്. അധിക്ഷേപം, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. എസ്എഫ്ഐ, എഐവൈഎഫ് എന്നിവരുടെ പരാതിയിലാണ് കേസ്.
ജന്തർ മന്തറിലെ വിദ്യാർത്ഥി സമരത്തിനെതിരെ ടി ജി മോഹൻദാസ് വിദ്വേഷ പരാമർശം നടത്തിയിരുന്നു. ജന്തർ മന്തറിന് ചുറ്റുമുള്ള നാല് കിലോമീറ്റർ പരിധിയിൽ കർഫ്യൂ പ്രഖ്യാപിക്കണമെന്നും, പ്രതിഷേധിക്കുന്ന ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാൻ മൂന്ന് തവണ ആവശ്യപ്പെട്ടശേഷം വെടിവെക്കണമെന്നും, നിരവധി പേർ മരിക്കുകയും നിരവധി പേർക്ക് അംഗഭംഗം സംഭവിക്കുകയും ചെയ്യുമെന്നും, തുടർന്ന് മൃതദേഹങ്ങൾ ശേഖരിച്ച് ആശുപത്രികളിൽ എത്തിക്കണമെന്നുമുള്ള തരത്തിലാണ് ടി.ജി മോഹൻദാസ് പ്രസ്താവന നടത്തിയിരുന്നത്.
ടിജി മോഹൻദാസ് യൂട്യൂബ് ചാനലിലൂടെ നടത്തിയതായി പുറത്തുവന്ന പ്രസ്താവനകൾ അത്യന്തം ഗൗരവമുള്ളതും ഞെട്ടിപ്പിക്കുന്നതുമാണെന്നും ചീണ്ടിക്കാട്ടിയായിരുന്നു എസ്എഫ്ഐ, എഐവൈഎഫ് എന്നിവർ പരാതി നൽകിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here