നീറ്റ് ചോദ്യപേപ്പർ ചോർച്ചക്കെതിരായ ജന്തർ മന്തറിൽ നടന്ന വിദ്യാർഥി സമരം കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. സമരം അവസാനിച്ച് എല്ലാവരും തിരികെ വീടുകളിലേക്ക് മടങ്ങിയെങ്കിലും പലരുടെയും ആരോഗ്യസ്ഥിതി മോശമാണ്. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ പൊലീസും റാപ്പിഡ് ആക്ഷൻ ഫോഴ്സും തിരിച്ചറിയാൻ കഴിയാത്ത ആളുകളും ചേർന്ന് നടത്തിയ ക്രൂരമായ അതിക്രമത്തിൽ പലർക്കും മാരകമായ പരുക്കുകളാണ് ഏറ്റിരിക്കുന്നത്. ഇതിനെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നതിന് ഇടിയിലാണ് ‘പെല്ലറ്റ് ഗണ്ണുകളെ’ കുറിച്ചുള്ള ചർച്ചകളും ഉയരുന്നത്. ദില്ലിയിലെ പ്രതിഷേധങ്ങൾക്കിടെ പെല്ലറ്റ് ഗൺ ഉപയോഗിച്ചുവെന്ന ആരോപണം വലിയ വിവാദങ്ങൾക്ക് ആണ് വഴിതുറന്നിരിക്കുന്നത്. എന്താണ് ഈ പെല്ലറ്റ് ഗൺ? ഇത് എത്രത്തോളം അപകടകാരിയാണ്? നമുക്ക് പരിശോധിക്കാം.
എന്താണ് പെല്ലറ്റ് ഗൺ?
സാധാരണ തോക്കുകളിൽ നിന്ന് വ്യത്യസ്തമായി, ഒരൊറ്റ ഷോട്ടിൽ നിരവധി ചെറിയ ലോഹ ഉരുളകൾ, അതായത് പെല്ലറ്റ് അതിവേഗത്തിൽ പുറത്തേക്ക് ചീറ്റുന്ന ആയുധമാണിത്. സാധാരണ വെടിയുണ്ട ഒരു നിശ്ചിത ലക്ഷ്യത്തിലേക്ക് പോകുമ്പോൾ, പെല്ലറ്റുകൾ വലിയൊരു വിസ്തൃതിയിലേക്ക് ചിതറിത്തെറിക്കുന്നു. അതുകൊണ്ടുതന്നെ ഒരേസമയം ഒന്നിലധികം പേർക്ക് പരുക്കേൽക്കാൻ ഇത് കാരണമാകുന്നു. 12-ബോർ പമ്പ് ആക്ഷൻ ഗണ്ണുകളാണ് ഇതിനായി പ്രധാനമായും ഉപയോഗിക്കുന്നത്.
മാരകമാണിത്
ഇതിനെ ‘മാരകമല്ലാത്ത ആയുധം’ എന്നാണ് വിളിക്കുന്നത് എങ്കിലും, സത്യത്തിൽ ഇത് പലപ്പോഴും ‘മനുഷ്യരെ കൊല്ലാതെ കൊല്ലുന്ന’ ഒന്നാണെന്നാണ് പറയപ്പെടുന്നത്. അടുത്ത ദൂരത്തുനിന്നുള്ള പ്രയോഗം ജീവന് തന്നെ ഭീഷണിയായേക്കാം. ഇതിൽ നിന്നുള്ള ലോഹ ഉരുളകൾ ശരീരത്തിൽ തുളച്ചു കയറിയാൽ പലപ്പോഴും ശസ്ത്രക്രിയയിലൂടെ മാത്രമേ പുറത്തെടുക്കാൻ സാധിക്കൂ.
എന്തുകൊണ്ടാണ് ഇത് അപകടകരമാകുന്നത്?
- കണ്ണുകളിൽ പെല്ലറ്റ് പതിച്ചാൽ അത് സ്ഥിരമായ കാഴ്ച നഷ്ടത്തിന് കാരണമാകും. ഡൽഹിയിൽ പ്രതിഷേധത്തിൽ പങ്കെടുത്ത 19 വയസ്സുകാരനായ സാഹിൽ എന്ന വിദ്യാർത്ഥിക്ക് ഇത്തരത്തിൽ കാഴ്ച നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
- നാഡികൾക്കും അസ്ഥികൾക്കും കേടുപാടുകൾ, ആന്തരികാവയവങ്ങൾക്ക് ഗുരുതരമായ പരുക്ക്, അണുബാധ എന്നിവയ്ക്കും ഇത് കാരണമാകുന്നു. ശരീരത്തിൽ തുളച്ചു കയറുന്ന പെല്ലറ്റുകൾ പലപ്പോഴും ശസ്ത്രക്രിയയിലൂടെ മാത്രമേ പുറത്തെടുക്കാൻ സാധിക്കൂ.
- വെടിയുതിർത്തു കഴിഞ്ഞാൽ ഈ പെല്ലറ്റുകൾ ഏത് ദിശയിലേക്കാണ് പോകുന്നതെന്ന് കൃത്യമായി നിയന്ത്രിക്കാൻ കഴിയില്ല. ഇവ പ്രതലങ്ങളിൽ തട്ടി തെറിക്കാനും സാധ്യതയുണ്ട്. ഇത് കൂടുതൽ ആളുകൾക്ക് പരുക്കേൽക്കുന്നതിന് കാരണമാകുന്നു.
സുപ്രീം കോടതിയിലേക്ക്
ഇന്ത്യയിൽ പെല്ലറ്റ് ഗണ്ണിന് പൂർണ്ണ നിരോധനമില്ലെങ്കിലും ഇതിന്റെ ഉപയോഗം വലിയ മനുഷ്യാവകാശ പ്രശ്നമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മുൻ ഇന്റലിജൻസ് ബ്യൂറോ സ്പെഷ്യൽ ഡയറക്ടർ യശോവർദ്ധൻ ആസാദും സിജെപി പ്രതിഷേധത്തിനിടെ പെല്ലറ്റ് ആക്രമണം നേരിട്ട രണ്ട് പേരും പെല്ലറ്റ് ഗണ്ണുകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ആയുധം വിവേചനരഹിതവും ഭരണഘടനാ വിരുദ്ധവുമാണെന്നാണ് ഇവർ വാദിക്കുന്നത്. പെല്ലറ്റ് ആക്രമണത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരവും ചികിത്സയും ഉറപ്പാക്കണമെന്നാണ് ആവശ്യം.
ജനക്കൂട്ടത്തെ പിരിച്ചുവിടാൻ വെടിയുതിർക്കുമ്പോൾ അത് അരയ്ക്ക് താഴെ മാത്രമേ പ്രയോഗിക്കാവൂ എന്നാണ് നിയമം. എന്നാൽ ദില്ലിയിലെ പ്രതിഷേധത്തിൽ പരുക്കേറ്റവർക്ക് നെഞ്ചിലും മുഖത്തും കഴുത്തിലുമാണ് പരിക്കേറ്റത് എന്നത് നിയമങ്ങൾ ലംഘിക്കപ്പെട്ടുവെന്ന ആരോപണത്തിന് ബലം നൽകുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ജനക്കൂട്ട നിയന്ത്രണത്തിനായുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജറിൽ പെല്ലറ്റ് ഗണ്ണുകൾ ഉൾപ്പെടുത്തിയിട്ടില്ലെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു. ഐക്യരാഷ്ട്രസഭയുടെ മാർഗ്ഗനിർദ്ദേശങ്ങളും പെല്ലറ്റ് ഗണ്ണുകളുടെ ഉപയോഗത്തിന് എതിരാണ്.
നിലവിൽ കാശ്മീർ, മണിപ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഉപയോഗിച്ചു വന്നിരുന്ന പെല്ലറ്റ് ഗണ്ണുകൾ രാജ്യതലസ്ഥാനമായ ഡൽഹിയിലും ഉപയോഗിച്ചു എന്ന ആരോപണം ഈ ആയുധത്തിന്റെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാക്കിയിരിക്കുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here