ഹോർമുസ് കടലിടുക്ക് അമേരിക്കയുടെ അധീനതയിലുള്ള പ്രദേശമാണെന്ന അവകാശവാദവുമായി ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്ത്. തന്ത്രപ്രധാനമായ ഈ കടലിടുക്കിൽ ഇതുവരെ 1,000ത്തിലധികം കപ്പലുകൾക്ക് യു എസ് സുരക്ഷയൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം ട്രൂത്ത് സോഷ്യലിലൂടെ അവകാശപ്പെട്ടു. ഇറാനുമായുള്ള ആണവ കരാറിനുള്ള സാധ്യതകളെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ട്രംപ് ഈ പരാമർശം നടത്തിയത്. ഹോർമുസിനെ അമേരിക്കയുടെ ഭൂപ്രദേശമായി ചിത്രീകരിച്ചിരിക്കുന്ന ഒരു മാപ്പും ട്രംപ് പങ്കുവച്ചിട്ടുണ്ട്.
അതേസമയം, അമേരിക്കയുടെ ഈ അവകാശവാദങ്ങളെ ഇറാൻ പൂർണ്ണമായും തള്ളിപ്പറഞ്ഞു. അമേരിക്ക തങ്ങളുടെ നിലപാടുകളിൽ മാറ്റം വരുത്തുകയും വാഗ്ദാനങ്ങൾ പാലിക്കുകയും ചെയ്തില്ലെങ്കിൽ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്നും അത് അടഞ്ഞുകിടക്കുമെന്നും ഇറാൻ്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്‌സെൻ റെസെയ് വ്യക്തമാക്കി.
Also Read: ഒഡീഷ തീരത്ത് ചരക്കുകപ്പൽ മുങ്ങി അപകടം: കപ്പലിലുള്ളത് 24 ജീവനക്കാർ
ഇറാനും ഒമാനും ഇടയിലായി സ്ഥിതി ചെയ്യുന്ന ഹോർമുസ് കടലിടുക്കിലൂടെയാണ് ലോകത്തിലെ മൊത്തത്തിലുള്ള എണ്ണയുടെയും വാതകത്തിന്റെയും വലിയൊരു ഭാഗം കടന്നുപോകുന്നത്. യു എസ്-ഇറാൻ സംഘർഷങ്ങൾക്കിടയിലും കഴിഞ്ഞ ദിവസങ്ങളിൽ ഈ പാതയിലൂടെയുള്ള കപ്പൽ ഗതാഗതത്തിൽ ചെറിയ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here