മഹാപ്രളയം നൽകിയ പാഠങ്ങൾ ; ദുരന്തനിവാരണ രം​ഗത്ത് കേരളം നടത്തിയ മുന്നേറ്റം..

kerala state disaster management after 2018 flood pinarayi vijayan

1924 ന് ശേഷം ഉണ്ടായ നൂറ്റാണ്ടിലെ മഹാപ്രളയം എന്നാണ് 2018 ലെ പ്രളയത്തെ വിശേഷിപ്പിക്കുന്നത്. കേരളത്തിന് വലിയ പാഠങ്ങളാണ് ആ പ്രളയ ദുരന്തം പകർന്നുനൽകിയത്. ലോകമെമ്പാടും അതിതീവ്രമായ മഴയും വെള്ളപ്പൊക്കവും വർധിച്ചുവരുമെന്ന മുന്നറിയിപ്പിന്റെ കൂടി സാഹചര്യത്തിൽ 2018 ന് ശേഷം കേരളം കൈക്കൊണ്ട മുൻകരുതൽ നടപടികൾ മാതൃകാപരമായിരുന്നു.

2018 ലെ മഹാപ്രളയത്തിന് ശേഷം കാലാവസ്ഥാ വ്യതിയാനത്തെ മുന്നിൽ കണ്ടുകൊണ്ടുള്ള ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിയുള്ള പദ്ധതികളാണ് അന്നത്തെ എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ചത്. ദുരന്തനിവാരണ അതോറിറ്റിയുടെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. നിലവിലുള്ള ദുരന്തനിവാരണ സംവിധാനങ്ങളെ വിപുലീകരിച്ചും ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പുതിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കിയും കേരളത്തിന്റെ ദുരന്തനിവാരണ രംഗത്ത് വലിയ മാറ്റങ്ങൾ തന്നെ ഉണ്ടായി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവർത്തനം ശക്തിപ്പെടുത്തിക്കൊണ്ടാണ് ഈ രം​ഗത്ത് പുതിയ ചുവടുവെയ്പുകൾക്ക് സർക്കാർ തുടക്കം കുറിച്ചത്.

ഡാമുകളിലെ ജലനിരപ്പ് മുൻകൂട്ടി ശാസ്ത്രീയമായി നിരീക്ഷിക്കുവാനും ഷട്ടറുകൾ തുറക്കേണ്ട സാഹചര്യം ക്രമീകരിക്കുവാനും പുതിയ റൂൾ കർവുകൾ നടപ്പിലാക്കി. മേഘങ്ങളുടെ ഘടനയും മഴയുടെ അളവും കണക്കാക്കി എവിടെയൊക്കെ കനത്ത മഴ പെയ്യുമെന്ന് നേരത്തെ അറിയാൻ റഡാറുകളും സെൻസറുകളും അടങ്ങിയ ആധുനിക മുന്നറിയിപ്പ് സംവിധാനങ്ങൾ ഒരുക്കി. മഴ, ഇടിമിന്നൽ, കാറ്റ് എന്നിവ വരുന്നതിന് മുന്നോടിയായി ജനങ്ങൾക്ക് അവരുടെ മൊബൈൽ ഫോണിൽ കൃത്യമായി മുന്നറിയിപ്പുകൾ ലഭിച്ചതു തുടങ്ങിയത് ഇതിന്റെ ഭാ​ഗമായിരുന്നു. കേരളത്തിന്റെ സ്വന്തം ദുരന്തനിവാരണ സേനയായ സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സിന്റെ പ്രവർത്തനം വിപുലപ്പെടുത്തി.

Also Read – കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; ഇന്ന് ഒമ്പത് ജില്ലകളിൽ റെഡ് അലേർട്ട്

പ്രളയക്കെടുതികൾ നേരിടാൻ പോലീസുകാർക്ക് നീന്തലും ബോട്ട് ഡ്രൈവിങ്ങും ഉൾപ്പെടെയുള്ള പ്രത്യേക ജലരക്ഷാ പരിശീലനങ്ങൾ സം​ഘടിപ്പിച്ചു. ലൈഫ് ജാക്കറ്റുകൾ, റബ്ബർ ഡെങ്കികൾ, അത്യാധുനിക ആശയവിനിമയ ഉപകരണങ്ങൾ എന്നിവ എല്ലാ പോലീസ് സ്റ്റേഷനുകളിലും ഉറപ്പാക്കി. അതോടൊപ്പം പ്രാദേശിക മത്സ്യത്തൊഴിലാളികൾ, സന്നദ്ധ സംഘടനകൾ, മറ്റ് വകുപ്പുകൾ എന്നിവരുമായി ചേർന്ന് പ്രവർത്തിക്കാനുള്ള കൃത്യമായ പ്രോട്ടോക്കോൾ രൂപീകരിച്ചു. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ പൊതുജനങ്ങൾക്ക് ശാസ്ത്രീയമായ പരിശീലനം ഉറപ്പുവരുത്തി.

കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസിലും വലിയ തോതിലുള്ള ആധുനികവൽക്കരണവും പ്രത്യേക പരിശീലനങ്ങളും നടപ്പിലാക്കി. ജലദുരന്തങ്ങൾ നേരിടാൻ ‘ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്‌ഡ് ട്രെയിനിങ് ഇൻ വാട്ടർ റെസ്ക്യൂ’ രൂപീകരിച്ചു. എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ആധുനിക സ്കൂബാ ഡൈവിങ് റെസ്ക്യൂ ടീമുകൾ സജ്ജമാക്കി. രാജ്യത്ത് ആദ്യമായി വനിതാ സ്കൂബാ റെസ്ക്യൂ ടീം രൂപീകരിച്ചതും ദുരന്തനിവാരണ രം​ഗത്ത് വലിയ മാറ്റത്തിന് വഴിയൊരുക്കി. വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ ദുരന്തങ്ങൾ നേരിടാൻ അത്യാധുനിക ഉപകരണങ്ങൾ, ലൈഫ് ജാക്കറ്റുകൾ, ഡൈവിങ് ഉപാധികൾ എന്നിവ ഉറപ്പാക്കി.

ചുരുക്കത്തിൽ 2018 ലെ പ്രളയത്തിന് ശേഷം കേരളം ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ വലിയ മുന്നേറ്റം തന്നെ സൃഷ്ടിക്കുകയുണ്ടായി.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here