ഫൈറ്റും ഡാൻസും ഹാസ്യവും ഈ കൈകളിൽ ഭദ്രം ; നീരജിന്റെ പ്രകടനം കയ്യടിനേടുന്നു

neeraj madha malayalam cinema

2023 ആ​ഗസ്ത് മാസത്തിലാണ് നഹാസ് ഹിദായത്തിന്റെ സംവിധാനത്തിൽ ആർഡിഎക്സ് എന്ന സിനിമ തിയേറ്ററുകളിലെത്തുന്നത്. ഷെയിൻ നി​ഗം, ആന്റണി പെപ്പെ, നീരജ് മാധവ് എന്നിവർ പ്രധാന കഥാപാത്രങ്ങളായ ചിത്രം ബോക്സോഫീസിൽ തരം​ഗമായി മാറി. നൂറ് കോടി ക്ലബ്ബിൽ ഇടം നേടിയ ആർഡിഎക്സ് മലയാളത്തിലെ മികച്ച ആക്ഷൻ സിനിമയുടെ പട്ടികയിലിടം നേടി. ഷെയിൻ നി​ഗം, ആന്റണി പെപ്പെ എന്നിവരോടൊപ്പം ചിത്രത്തിലെ നീരജ് മാധവിന്റെ പ്രകടനവും ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

ആർഡിഎക്സന് ശേഷം മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നീരജ് നായകനായി ഒരു സിനിമ തിയേറ്ററിലെത്തുന്നത്. മലയാളത്തിലെ സയൻസ് ഫിക്ഷൻ ചിത്രമായി കഴിഞ്ഞദിവസമാണ് പ്ലൂട്ടോ തിയേറ്ററിലെത്തിയത്. മൂന്ന് വ‍ർഷത്തെ ഇടവേളയ്ക്കിടയിൽ നീരജിന്റേതായി റാപ്പ് ​ഗാനങ്ങളും ഒരു വെബ്സീരിസും പുറത്തിറങ്ങിയതിനാൽ താരത്തിന്റെ വിടവ് ഒരു ചർച്ചാവിഷയമായിരുന്നില്ല. വിനീത് ശ്രീനിവാസന്റെ വർഷങ്ങൾക്ക് ശേഷം എന്ന സിനിമയിൽ അതിഥി താരമായും നീരജ് എത്തിയിരുന്നു. എന്നാൽ പ്ലൂട്ടോയിലെ നീരജിന്റെ പ്രകടനമാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിലെ ചർച്ചാവിഷയം.

ഹാസ്യത്തിന്റെ മേമ്പൊടിയിൽ പാട്ടും ഡാൻസും ഫൈറ്റുമെല്ലാം ചേർന്ന ഒരു തികഞ്ഞ എന്റർടെയ്നറാണ് ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്ത പ്ലൂട്ടോ. ഭൂമിയിലും മറ്റൊരു ​ഗ്രഹത്തിലും ജീവിക്കുന്ന രണ്ട് തോൽവികളായ യുവാക്കളുടെ സൗഹൃദം രസകരമായ രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. അൽത്താഫ് സലീം ആണ് ചിത്രത്തിൽ ഏലിയനായി അഭിനയിച്ചിരിക്കുന്നത്. സിനിമയിൽ അജു വർ​ഗീസിന്റെ വ്യത്യസ്തമായ ​ഗെറ്റപ്പ് നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആർഷ ബൈജുവാണ് ചിത്രത്തിലെ നായിക.

Also Read – കറുത്തരാത്രികൾ മുതൽ പ്ലൂട്ടോ വരെ ; മലയാള സിനിമയുടെ സയൻസ് ഫിക്ഷൻ യാത്രകൾ

ചിരിക്കാനും ആസ്വദിക്കാനും സാധിക്കുന്ന സിനിമയെന്ന നിലയിൽ കുടുംബ പ്രേക്ഷകർ പ്ലൂട്ടോയെ ഏറ്റെടുത്തിരിക്കുകയാണ്. അതോടൊപ്പം തന്നെ ചിത്രത്തിൽ നീരജ് നടത്തിയ പ്രകടനവും ഏറെ പ്രശംസിക്കപ്പെടുന്നുണ്ട്. പ്രത്യേകിച്ച് ക്ലൈമാക്സ് രം​ഗങ്ങളിൽ താരത്തിന്റെ കയ്യടക്കത്തോടെയുള്ള ആക്ഷൻ വലിയ കയ്യടി നേടുന്നു.

നിയാസ് മുഹമ്മദാണ് സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഛായാ​ഗ്രഹണം വിഷ്ണു ശർമ്മയും എഡിറ്റിം​ഗ് സനത് ശിവരാജുമാണ് നിർവ്വഹിച്ചിരിക്കുന്നത്.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News