കറുത്തരാത്രികൾ മുതൽ പ്ലൂട്ടോ വരെ ; മലയാള സിനിമയുടെ സയൻസ് ഫിക്ഷൻ യാത്രകൾ

ഹോളിവുഡ് സിനിമകളിലേത് പോലെ വലിയ ബഹിരാകാശ യുദ്ധങ്ങളോ സ്പെഷ്യൽ ഇഫക്റ്റുകളോ അവതരിപ്പിക്കാതെ തന്നെ നമ്മുടെ സാമൂഹിക യാഥാർത്ഥ്യങ്ങളെയും മനുഷ്യബന്ധങ്ങളെയും ഭാവി സാങ്കേതികവിദ്യയുമായി കൂട്ടിച്ചേർത്തുകൊണ്ട് വ്യത്യസ്തമായ സയൻസ് ഫിക്ഷൻ സിനിമകൾ സൃഷ്ടിക്കാൻ മലയാള സിനിമയ്ക്ക് കഴി‍ഞ്ഞിട്ടുണ്ട്. എന്നാൽ മലയാളത്തിലെ സയൻസ് ഫിക്ഷൻ സിനിമകളുടെ പരിണാമം എടുത്താൽ വളരെ ചുരുക്കം ചിത്രങ്ങൾ മാത്രമേ കാണാൻ കഴിയുന്നുള്ളു.

1967 ൽ പുറത്തിറങ്ങിയ സംവിധായകൻ മഹേഷിന്റെ കറുത്ത രാത്രികളാണ് മലയാളത്തിലെ ആദ്യത്തെ സയൻസ് ഫിക്ഷൻ സിനിമയായി അറിയപ്പെടുന്നത്. ആർ എൽ സ്റ്റീവൻസന്റെ സ്ട്രേഞ്ച് കേസ് ഓഫ് ഡോ. ജെക്ക്ലിൻ ആൻഡ് മി. ഹൈഡ് എന്ന നോവലിനെ ആസ്പദമാക്കിയാണ് കറുത്ത രാത്രികൾ ഒരുക്കിയത്. മെറിലാൻഡ് സ്റ്റുഡിയോയുടെ ബാനറിൽ നിർമ്മിച്ച ഈ ചിത്രത്തിൽ മധു, കെ.വി. ശാന്തി, ടി.കെ. ബാലചന്ദ്രൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. യുവ ഡോക്ടറും ശാസ്ത്രജ്ഞനുമായ സന്തൻ (മധു) ഒരു മനുഷ്യനെ അതിശക്തനായ രാക്ഷസനാക്കി മാറ്റാൻ കഴിയുന്ന മരുന്ന് കണ്ടുപിടിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. സമാന പ്രമേയത്തിൽ പിന്നെയും മലയാളത്തിൽ നിരവധി സയൻസ് ഫിക്ഷൻ സിനിമകൾ ഉണ്ടായി.

1987 ൽ പുറത്തിറങ്ങിയ സംവിധായകൻ ശശികുമാറിന്റെ ജൈത്രയാത്ര എന്ന സിനിമ, മനുഷ്യനെ അദൃശ്യനാക്കാൻ കഴിയുന്ന ഒരു ലോക്കറ്റ് ഉപയോ​ഗിച്ച് പ്രതികാരം ചെയ്യന്ന നായകന്റെ കഥയാണ് പറയുന്നത്.

പത്ത് വർഷത്തെ ഇടവേളയിലാണ് രണ്ട് സയൻസ് ഫിക്ഷൻ സിനിമകൾ വന്നത്. അതിനുശേഷം മലയാളത്തിൽ മികച്ച ഒരു ഒരു സയൻസ് ഫിക്ഷൻ സിനിമ വരുന്നത് 2007 ലാണെന്ന് പറയാം. 1990-കളോടെ മലയാള സിനിമ ഹാസ്യത്തിനും കുടുംബ കഥകൾക്കും പ്രാധാന്യം നൽകിത്തുടങ്ങിയിരുന്നു. ഇത്തരം സിനിമകൾക്ക് കിട്ടുന്ന പ്രേക്ഷക സ്വീകാര്യതയും വലിയ ബജറ്റ് മുടക്കി പരീക്ഷണ ചിത്രങ്ങളൊരുക്കാൻ മലയാള സിനിമ ഭയന്നതും മറ്റൊരു കാരണമാണ്. തൊണ്ണൂറുകളുടെ അവസാനത്തോടെ അതിശക്തരായ നായകനെ കേന്ദ്രീകരിച്ചുള്ള സിനിമകളിലേക്ക് മലയാളം പൂർണമായും കേന്ദ്രീകരിക്കപ്പെട്ടു. രണ്ടായിരത്തിന് ശേഷം ഇത് കൂടുതൽ ശക്തമാവുകയായിരുന്നു. എന്നാൽ പുതിയ പരീക്ഷണ ചിത്രങ്ങൾക്കായി പ്രേക്ഷകർ ദാഹിക്കുന്നുണ്ടായിരുന്നു. 2002 ൽ കാലചക്രം എന്നൊരു സയൻസ് ഫിക്ഷൻ ചിത്രം പുറത്തിറങ്ങുന്നുണ്ടെങ്കിലും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ല.

Also Read – ഒന്നും അറിയാത്ത കുട്ടിയല്ല ; വിസ്മയ മോഹൻലാലിന്റെ വാക്കുകൾ വൈറലാകുന്നു

2007 ലാണ് വിനയന്റെ സംവിധാനത്തിൽ അതിശയൻ പുറത്തിറങ്ങുന്നത്. മികച്ച കഥയും ശാസ്ത്രത്തിന്റെ ഉപയോ​ഗവുമെല്ലാം ചേർത്ത സയൻസ് ഫിക്ഷൻ ചിത്രമായിരുന്നു അതിശയൻ. ബോക്സോഫീസിൽ മികച്ച വിജയം നേടിയെങ്കിലും തുടർന്നും മലയാളത്തിൽ സയൻസ് ഫിക്ഷൻ ചിത്രങ്ങൾ വരുവാൻ പിന്നെയും കാത്തിരിക്കേണ്ടി വന്നു.

2007-ൽ തന്നെയാണ് അനിൽ ദാസ് സംവിധാനം ചെയ്ത ഭരതൻ ഇഫക്റ്റ് ഇറങ്ങുന്നത്. ചിത്രം പരാജയമായിരുന്നെങ്കിലും അതിൽ ഉപയോ​ഗിച്ചിരുന്ന സയൻസ് ഫിക്ഷൻ സിനിമാ ലോകത്ത് ചർച്ചയായി. മണിച്ചിത്രത്താഴ്, ഹരികൃഷ്ണൻസ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ മധു മുട്ടമാണ് ഭരതൻ ഇഫക്ടിന്റെ രചന നിർവഹിച്ചത്.

ഹൊറർ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകൻ രാഹുൽ സദാശിവന്റെ ആദ്യ സിനിമ റെഡ് റെയിൻ 2013 ലാണ് പുറത്തിറങ്ങുന്നത്. അന്യഗ്രഹജീവികളെ പ്രമേയമാക്കിയ ആദ്യ മലയാള ചിത്രമായിരുന്നു ഇത്. ഈ സിനിമയ്ക്കും വേണ്ടത്ര പ്രേക്ഷക ശ്രദ്ധ കിട്ടിയിരുന്നില്ല.

അജയ് ദേവലോകയുടെ ഹു (WHO) എന്ന സിനിമ 2018 ലാണ് പുറത്തിറങ്ങുന്നത്. സമയത്തെ ആസ്പദമാക്കിയുള്ള സയൻസ് ഫിക്ഷൻ ഉപയോ​ഗിച്ച് അവതരിപ്പിച്ച ഈ ചിത്രത്തിനും വലിയ സ്വീകാര്യത ലഭിച്ചില്ല.

2019 ൽ ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്ത നൈൻ എന്ന സിനിമ സാങ്കേതിക മികവിന്റെ കാര്യത്തിൽ മലയാളത്തിലെ ശ്രദ്ധേയമായ ഒരു ചിത്രമായിരുന്നു. പ്രിഥ്വിരാജ് സുകുമാരൻ നായകനായ ഈ ചിത്രത്തിലെ സയൻസ് ഫിക്ഷൻ രം​ഗങ്ങൾ വലിയ രീതിയിൽ പ്രശംസിക്കപ്പെട്ടു.

2019 ൽ തന്നെയാണ് രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന സിനിമ പുറത്തിറങ്ങുന്നത്. പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും ഒരുപോലെ ലഭിച്ച സിനിമയായിരുന്നു ഇത്. വിഎഫ്എക്സ് ഇല്ലാതെ റിയലിസ്റ്റിക് കഥാസന്ദർഭത്തിൽ പറഞ്ഞ സയൻസ് ഫിക്ഷൻ സിനിമ എന്ന രീതിയിൽ വലിയ ശ്രദ്ധനേടിയ സിനിമയായിരുന്നു ഇത്.

2021 ൽ പുറത്തിറങ്ങിയ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി പൂർണ അർത്ഥത്തിൽ ഒരു സയൻസ് ഫിക്ഷൻ സിനിമയായിരുന്നില്ല. എങ്കിലും ടൈം ലൂപ്പ്, അന്യഗ്രഹജീവികൾ തുടങ്ങിയ സയൻസ് ഫിക്ഷൻ ഘടകങ്ങൾ കഥയിൽ സ്വാഭാവികമായി ഇഴചേർത്തിട്ടുണ്ട്.

Also Read – വേണ്ടെന്ന് വെച്ച കഥ, റിലീസിന് ശേഷം സംഭവിച്ചത് ചരിത്രം ; വീണ്ടും ജെന്റിൽമാൻ കാണും മുൻപ് ആ കഥ അറിയാം..

2021 ലാണ് ടോവിനോ തോമസ് നായകനായ മിന്നൽ മുരളി പുറത്തിറങ്ങുന്നത്. നടൻ ബേസിൽ ജോസഫ് ആയിരുന്നു സംവിധായകൻ. കോവിഡ് സമയത്ത് ഒടിടിയിലൂടെയാണ് മിന്നൽ മുരളി പ്രേക്ഷകന് മുന്നിലേക്കെത്തുന്നത്. ലോകമാകെ മിന്നൽ മുരളിയെ ഏറ്റെടുത്തു. മലയാള സിനിമയിൽ നിന്നും ഒരു സയൻസ് ഫിക്ഷൻ ചിത്രത്തിന് ലഭിച്ച ഏറ്റവും വലിയ അം​ഗീകാരമായി അത് മാറി. മലയാളത്തിലെ സിനിമകൾക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്നും പ്രേക്ഷകർ ഉണ്ടാകാൻ ഇതൊരു കാരണമായിരുന്നു. കൂടുതൽ ബജറ്റ് മുടക്കി ഇപ്പോഴത്തെ സാങ്കേതിക വിദ്യകളുടെ ഉപയോ​ഗത്തോടെ മികച്ച സയൻസ് ഫിക്ഷൻ സിനിമകളൊരുക്കാൻ നിർമ്മാതാക്കൾക്ക് ധൈര്യം പകർന്ന സിനിമ കൂടിയായിരുന്നു മിന്നൽ മുരളി.

2022 ൽ പുറത്തിറങ്ങിയ സന്തോഷ് ശിവന്റെ ജാക്ക് എൻ ജിൽ ഒരു സയൻസ് ഫിക്ഷൻ കോമഡി ചിത്രമായിരുന്നെങ്കിലും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. 2022 ൽ കൃഷ്ണേന്തു കലേഷ് സംവിധാനം ചെയ്ത പ്രാപ്പെട മറ്റൊരു സയൻസ് ഫിക്ഷൻ ചിത്രമാണ്. നിരൂപക പ്രശംസകൾ നേടിയ ഒരു സിനിമയായിരുന്നു അത്. 2023 ൽ എസ് ബാബു സംവിധാനം ചെയ്ത പെൻഡുലം ഒരു മിസ്റ്ററി ത്രില്ലറാണ്. ഒടിടിയിൽ ശ്രദ്ധിക്കപ്പെട്ട ഒരു സിനിമയായിരുന്നു ഇത്.

സംവിധായകൻ ക‍ൃഷാന്തിന്റെ സിനിമകൾ മലയാളത്തിലെ മികച്ച സയൻസ് ഫിക്ഷൻ ചിത്രങ്ങളാണ്. സമകാലിക മലയാളം സിനിമയിൽ വലിയ ബജറ്റിന്റെ ബഹളമോ വലിയ നായകരുടെ പ്രാതിനിധ്യമോ ഇല്ലാതെ എങ്ങനെ സയൻസ് ഫിക്ഷൻ ഒരുക്കാം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കൃഷാന്തിന്റെ സിനിമകൾ. ആവാസവ്യൂഹം, മസ്തിഷ്ക മരണം എന്നിവയെല്ലാം മികച്ച ഉദാഹരണമാണ്.

അരുൺ ചന്തുവിന്റെ സംവിധാനത്തിൽ 2024 ൽ പുറത്തിറങ്ങിയ ഗഗനചാരി മലയാളത്തിലെ മറ്റൊരു പ്രധാന സയൻസ് ഫിക്ഷൻ സംരംഭമാണ്. അന്യ​ഗ്രഹ ജീവികളുടെയും മനുഷ്യരാശിയുടെയും ശാസ്ത്രത്തിന്റെയും വിവിധ തലങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് കുറഞ്ഞ ബജറ്റിൽ ഒരുക്കിയ മനോഹരമായ ചിത്രമായിരുന്നു ഇത്.

2025 ലാണ് ലോക ചാപ്റ്റർ 1 ഇറങ്ങുന്നത്. സയൻസ് ഫിക്ഷൻ ​ഗണത്തിൽപ്പെടുത്താവുന്ന ഒരു സിനിമയല്ലെങ്കിലും മിത്തും വിശ്വാസങ്ങളും ചേർന്ന് ആധുനിക സാങ്കേതിക വിദ്യയെ ഫലപ്രദമായി ഉപയോ​ഗപ്പെടുത്തിയ ഫാന്റസി ഫിക്ഷൻ സൂപ്പർ ഹീറോ സിനിമയായിരുന്നു ഇത്. മലയാളത്തിലെ ആദ്യത്തെ മുന്നൂറ് കോടി ക്ലബ്ബിലിടം നേടിയ സിനിമയായി ലോക മാറി. ലോകയുടെ വിജയത്തോടെയാണ് വലിയ മുതൽമുടക്കിലുള്ള സിനിമകളൊരുക്കാൻ മലയാളം ധൈര്യപ്പെട്ടുതുടങ്ങിയത്. ലോകയ്ക്ക് ശേഷം പ്രഖ്യാപിച്ച സിനിമകളിലെല്ലാം അമിതമായ ഫാന്റസിയുടെയും സയൻസ് ഫിക്ഷന്റെയും സ്വഭാവം ഉണ്ടായിരുന്നു.

ഏറ്റവും ഒടുവിലായി ഇപ്പോൾ പ്ലൂട്ടോ എന്ന സിനിമ പുറത്തിറങ്ങിയിരിക്കുകയാണ്. ഹാസ്യത്തിന്റെ മേമ്പൊടിയിൽ സംവിധായകൻ ആദിത്യൻ ചന്ദ്രശേകർ ഒരുക്കിയ പ്ലൂട്ടോ-യ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ജയസൂര്യ നായകനായ കത്തനാർ ആണ് ഇനി മലയാളത്തിൽ പുറത്തിറങ്ങാനുള്ള ഫാന്റസി ത്രില്ലർ സ്വഭാവത്തിലുള്ള സിനിമ. മാത്രമല്ല സയൻസ് ഫിക്ഷൻ, ഫാന്റസി സ്വഭാവത്തിലുള്ള നിരവധി സിനിമകളുടെ ചർച്ചകൾ അണിയറയിൽ പുരോ​ഗമിക്കുകയാണ്.

ഈയൊരു സിനിമാചരിത്രം പരിശോധിക്കുമ്പോൾ അടുത്തകാലത്തായി മാത്രമാണ് മലയാള ചലച്ചിത്രരം​ഗത്ത് സയൻസ് ഫിക്ഷൻ, ഫാന്റസി കഥകൾ കൂടുതലായി വന്നിട്ടുള്ളതെന്ന് മനസിലാക്കാം. വലിയ മുതൽമുടക്ക്, മികച്ച സിജിഐ വിഎഫ്എക്സ് എന്നിവയുടെ നിർമാണച്ചെലവ്, കേരളത്തിന്റെ പരിമിതമായ വിപണി എന്നിവയെല്ലാമാണ് ഇതുവരെയും മലയാളസിനിമയുടെ മുന്നിൽ തടസ്സങ്ങളായി ഉണ്ടായിരുന്നത്. എന്നാൽ ഈ പരിമിതികളെ ഇപ്പോൾ മലയാള സിനിമ തകർത്തിരിക്കുകയാണ്. പാൻ ഇന്ത്യൻ മലയാള സിനിമകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. വിപണിയിലുണ്ടായ ഈ മാറ്റം ഭാവിയിൽ കൂടുതൽ മികച്ച സിനിമകൾ വരുന്നതിന് കാരണമാകുമെന്നാണ് സിനിമാപ്രേമികൾ പ്രതീക്ഷിക്കുന്നത്.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News