വേണ്ടെന്ന് വെച്ച കഥ, റിലീസിന് ശേഷം സംഭവിച്ചത് ചരിത്രം ; വീണ്ടും ജെന്റിൽമാൻ കാണും മുൻപ് ആ കഥ അറിയാം..

1993 ലാണ് അർജുൻ നായകനായി ഷങ്കർ സംവിധാനം ചെയ്ത ജെന്റിൽമാൻ തിയേറ്ററുകളിലെത്തുന്നത്. തെന്നിന്ത്യയിലാകെ തരം​ഗമായി മാറിയ ജെന്റിൽമാൻ 33 വർഷങ്ങൾക്ക് ശേഷം റീ-റിലീസിന് ഒരുങ്ങുകയാണ്. 4കെ അൾട്രാ എച്ച്‍ഡി ദൃശ്യ നിലവാരത്തിലും ഡോൾബി അറ്റ്മോസ് ശബ്ദ സാങ്കേതികവിദ്യയോടെയും ചിത്രം റീമാസ്റ്റർ ചെയ്ത് വീണ്ടും തിയേറ്ററുകളിൽ എത്തിക്കുമെന്നാണ് നിർമാതാവ് കെ ടി കുഞ്ഞുമോൻ അറിയിച്ചിട്ടുള്ളത്.

തുടർച്ചയായ പരാജയങ്ങൾക്ക് ശേഷമാണ് ബ്ലാസ്റ്റ് എന്ന ചിത്രത്തിലൂടെ 2026 ൽ ഒരു വൻ വിജയം നടൻ അ‍ർജുനെ തേടിയെത്തിയത്. ഇതേ വർഷം തന്നെ ജെന്റിൽമാൻ തിയേറ്ററിലേക്കെത്തുമ്പോൾ അർജുന്റെ സിനിമാജീവിതം കൂടി സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്.

1980 കളിൽ കന്നടയിലൂടെയാണ് അർജുൻ സിനിമാ മേഖലയിലേക്കെത്തുന്നത്. അതിവേ​ഗം തന്നെ നായക നടനായി അർജുൻ വളർന്നു. തമിഴ്, തെലുങ്ക് സിനിമകളിലും ഒഴിച്ചുകൂടാനാകാത്ത നായകനായി അർജുൻ മാറി. ആക്ഷനിലും ഡാൻസിലും തിളങ്ങി. രജനീകാന്ത്, കമൽഹാസൻ തുടങ്ങിയവരോടൊപ്പം നായകപ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്തു. പക്ഷേ, എൻപതുകളുടെ അവസാനത്തോടെ നിരന്തരമായ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. എന്നാൽ പരാജയത്തിൽ തളർന്നിരിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല.

1990 കളിൽ നടനെന്ന നിലയിൽ മാത്രമല്ല സംവിധായകൻ, നിർമ്മാതാവ്, രചയിതാവ് എന്നീ നിലകളിലും അർജുൻ തിളങ്ങി. 1992 ൽ അർജുൻ എഴുതി സംവിധാനം ചെയ്ത സേവ​കൻ എന്ന സിനിമ സൂപ്പർഹിറ്റായി. അർജുൻ തന്നെയായിരുന്നു സിനിമയുടെ നിർമ്മാതാവും നായകനും. 1993 ലും 1994 ലും അർജുൻ സ്വന്തം സൂപ്പർഹിറ്റുകളൊരുക്കി. അതോടെ ഇനി സ്വന്തമായി മാത്രമേ സിനിമ ചെയ്യുന്നുള്ളു എന്ന ഉറച്ച തീരുമാനത്തിലെത്തുകയായിരുന്നു അർജുൻ. ഈ സമയത്താണ് ഷങ്കർ തന്റെ ആദ്യ സിനിമയെന്ന സ്വപ്നവുമായി അർജുന്റെ അടുക്കലെത്തുന്നത്. സാധാരണയിൽ നിന്നും വ്യത്യസ്തമായ കഥയും വലിയ ബജറ്റും കാരണം പലരും ഉപേക്ഷിച്ച സിനിമയായിരുന്നു ജെന്റിൽമാൻ. എന്നാൽ അർജുൻ തന്നെ ഈ കഥാപാത്രം ചെയ്യണമെന്ന് ഷങ്കറിന് നിർബന്ധമായിരുന്നു. മനസില്ലാമനസ്സോടെയാണ് അർജുൻ കഥകേൾക്കാനിരുന്നത്. കഥയിഷ്ടപ്പെട്ട അർജുൻ സിനിമ ചെയ്യാമെന്ന് സമ്മതിക്കുകയായിരുന്നു. പിന്നെ നടന്നത് തമിഴ് സിനിമാ വ്യവസായത്തെ തന്നെ ഞെട്ടിച്ച ചരിത്രമായിരുന്നു.

Also Read – ഭരതൻ വരച്ച സിനാമാലോകം, ഓർമയിൽ ഇന്നും മിഴിവാർന്ന ഫ്രെയിമുകളും

ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ സാങ്കേതിക മികവും ശക്തമായ കഥാപറച്ചിലും കൊണ്ട് പുതിയ അധ്യായം രചിച്ച ക്ലാസിക് ചിത്രങ്ങളിൽ ഒന്നായി ‘ജെന്റിൽമാൻ’ മാറി. സാമൂഹിക പ്രസക്തിയുള്ള വിഷയത്തെ കച്ചവട സിനിമയുടെ ശൈലിയിൽ കൂട്ടിച്ചേർത്തുകൊണ്ടാണ് ഷങ്കർ‌ തന്റെ ജെന്റിൽമാൻ ഒരുക്കിയത്. അർജുനൊപ്പം നായികയായി എത്തിയത് മധുബാലയായിരുന്നു. ഗൗണ്ടമണി, സെന്തിൽ, ചാരുഹാസൻ, സുബാഷ്‌രി, വിനീത് തുടങ്ങി നിരവധി പ്രമുഖ താരങ്ങൾ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. എ.ആർ. റഹ്മാൻ ഒരുക്കിയ സംഗീതം വർഷങ്ങൾക്കിപ്പുറവും ഹിറ്റാണ്.

മികച്ച സിനിമ, സംവിധായകൻ, സം​ഗീത സംവിധായകൻ എന്നിവയ്ക്കുള്ള സൗത്ത് ഫിലിം ഫെയർ പുരസ്കാരം, മികച്ച നടൻ, സംവിധായകൻ, സം​ഗീത സംവിധായകൻ, പിന്നണി ​ഗായിക എന്നിവയ്ക്കുള്ള തമിഴ്നാട് സംസ്ഥാന പുരസ്കാരം എന്നിവ ജെന്റിൽ കരസ്ഥമാക്കിയിരുന്നു. മികച്ച സിനിമയ്ക്കുള്ള സ്പെഷ്യൽ അവാർഡും നിർമ്മാതാവ് കെ ടി കുഞ്ഞുമോൻ ഏറ്റുവാങ്ങി.

റീ-റിലീസ് പ്രഖ്യാപനം സിനിമാപ്രേമികൾ വലിയ ആവേശത്തോടെയാണ് കാണുന്നത്. നിർമ്മാതാവ് കെ.ടി. കുഞ്ഞുമോനാണ് ജെന്റിൽമാൻ വീണ്ടും വരുമെന്ന വിവരം പങ്കുവെച്ചത്. റിലീസ് തിയതി ഉടൻ പ്രഖ്യാപിക്കും.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News