കെ എസ് ചിത്രയെ നിങ്ങൾ ആദ്യമായി കേട്ടത് എന്നാകും? എന്നുമുതലാകും ആ ശബ്ദത്തിന്റെ ലൂപ്പിൽ നിങ്ങൾ അകപ്പെട്ട് പോയിട്ടുണ്ടാവുക? ഓർത്തെടുക്കാൻ പോലും പ്രയാസമാകും. ചിത്ര പാടിത്തുടങ്ങിയതുമുതൽ മലയാളികൾ ആ ശബ്ദത്തെ കാതുകളിൽ നിന്ന് അകലാതെ വലിച്ചടുപ്പിച്ചെന്ന് പറയാം.
പാട്ടിനോളം ഒരാളെ എളുപ്പത്തിൽ കീഴടക്കുന്ന മറ്റെന്തുണ്ടാകും? കണ്ണടച്ച് പ്രിയപ്പെട്ടൊരു ഗാനം കേൾക്കുമ്പോൾ മറ്റെല്ലാം നമ്മൾ മറന്ന് പോകുന്നു. ചില പാട്ടുകളുടെ ഡയറക്റ്റ് എൻട്രി ഹൃദയത്തിലേക്കാണ്. ചിലരുടെ ശബ്ദവും അങ്ങനെ തന്നെ. അങ്ങനെ നമ്മളുടെ ഹൃദയത്തിൽ എന്നോ കയറിക്കൂടിയ ശബ്ദമാണ് ചിത്രയുടേത്. ഇന്നിതാ 63-ാം വയസിലും അവർ നമ്മെ അദ്‌ഭുതപ്പെടുത്തുന്നു. നമ്മുടെ കാതുകളെ കുളിരണിയിപ്പിച്ചു കൊണ്ടേയിരിക്കുന്നു. ചിത്രയുടെ സ്വാരമാധുരിക്ക് വയസാകുന്നേ ഇല്ലല്ലോ എന്ന് അത്ഭുതപ്പെടുത്തുന്നു.
മലയാളിക്ക് ആരാണ് ചിത്ര എന്ന് ചോദിക്കുന്നതിനു പകരം ആരല്ല എന്ന ചോദ്യത്തിന് ഉത്തരം പറയുന്നതാവും എളുപ്പം. ചിത്രപ്പാട്ടുകൾ നമ്മെ പലപ്പോഴും ഹീൽ ചെയ്യുന്നു. ആനന്ദിക്കുമ്പോൾ അതിന്റെ മധുരം ഇരട്ടിയാക്കുന്നു. ഭാവം വിഷാദമാണെങ്കിൽ ശബ്ദത്തിൽ വരുത്തുന്ന നേർത്ത ഇടർച്ചകൾ പോലും വലിയ ഒരു ഭാരം നെഞ്ചിനുമേൽ എടുത്തുവയ്ക്കുന്നതായി അനുഭവപ്പെടാം.
എം. ജി. രാധാകൃഷ്ണൻ, ജോൺസൺ മാഷ്, ഔസേപ്പച്ചൻ, വിദ്യാസാഗർ, എ. ആർ. റഹ്മാൻ, ഇളയരാജ, എം. എം. കീരവാണി തുടങ്ങി എത്രയോ സംഗീതസംവിധായകരുടെ ഈണങ്ങൾക്ക് ചിത്ര പൂർണതയേകി. പ്രണയവും വിരഹവും ഭക്തിയും കുസൃതിയുമെല്ലാം വരിഞ്ഞൊഴുകി. ഭാവങ്ങളും താളങ്ങളും എല്ലാം മാറിമാറിയുന്ന മാജിക്ക്. താരാട്ടുപാട്ടുകൾ പാടുമ്പോൾ മറ്റൊരു ചിത്രയായി മാറുന്നു. ഇതൊക്കെ തന്നെയാണ് ചിത്രയെ വേറിട്ടുനിർത്തുന്നതും.
കുപ്പിയിലെ വീഞ്ഞുപോലെ കാലങ്ങൾ പിന്നിടുമ്പോൾ ചിത്രപ്പാട്ടുകൾക്ക് രുചിയേറുമെന്നല്ലാതെ കുറയില്ല. അത് ലഹരിയായും മാറുന്നു. എത്രകേട്ടാലും മതിയായില്ലെന്ന് സംഗീതാസ്വാദകർ പറയുന്നു. 1979ൽ ആണ് കെ എസ് ചിത്ര ആദ്യമായി ഒരു സിനിമയ്‍ക്കായി ഗാനം ആലപിച്ചത്. എം ജി രാധാകൃഷ്‍ണന്റെ സംഗീതത്തിൽ, അട്ടഹാസം എന്ന ചിത്രത്തിലെ ചെല്ലം ചെല്ലം എന്ന ഗാനം പാടിക്കൊണ്ട് തുടക്കം. പിന്നീട് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ , ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു തുടങ്ങിയ വിവിധ ഭാഷകളിലായി ഇരുപത്തയ്യായിരത്തിൽ അധികം ചലച്ചിത്രങ്ങൾക്കായി അവർ പാടി. ഏഴായിരത്തോളം പാട്ടുകൾ അല്ലാതെയും പാടിയിട്ടുണ്ട്.
രാജ്യത്തെ തന്നെ മികച്ച ഗായികയ്ക്കുള്ള ആറ് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ, വിവിധ സംസ്ഥാന സർക്കാരുകളുടെ പുരസ്കാരങ്ങൾ, കൂടാതെ രാജ്യത്തിന്റെ ഉയർന്ന ബഹുമതികളിലൊന്നായ പത്മഭൂഷൺ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ഇക്കാലത്തിനിടെ ചിത്രയെ തേടിയെത്തി. ഓരോ നേട്ടങ്ങളിലും അവർ ആ നിറഞ്ഞ പുഞ്ചിരി തുടർന്നു, മലയാളികൾക്ക് ചിത്രയുടെ പാട്ടുകളെന്ന പോലെ അവരുടെ ചിരിയും പ്രിയങ്കരമാണത്രെ.
തലമുറകൾ കടന്നുപോയാലും ചിത്ര ഇവിടെ തുടരും. പകരം വയ്ക്കാനില്ലാത്ത ആ ശബ്ദത്തിലൂടെ, പാടിത്തീർത്ത പാട്ടുകളിലൂടെ. ഇനിയും നമ്മുടെ കാതുകളെ ആനന്ദിപ്പിക്കാൻ ഹൃദയം നിറയ്‌ക്കാൻ ചിത്ര ഇവിടെ ഉണ്ടാകും… പിറന്നാൾ ആശംസകൾ പ്രിയപ്പെട്ട പാട്ടുകാരീ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here