നിവിൻ ചിരിച്ചാൽ നമ്മളും ചിരിക്കും ; മമിതയും കൂടി ഒന്നിച്ചാലോ..!! പ്രേക്ഷക ഹൃദയം കീഴടക്കി ബത്‍ലഹേം കുടുംബ യൂണിറ്റ്

Nivin Pauly and Mamitha Baiju Bethlehem Kudumba Unit

ഭാവന സ്റ്റുഡിയോസിന്റെ ഓണാഘോഷ പരിപാടിയിൽ ഫഹദ് ഫാസിൽ, നിവിൻ പോളിയെ കുറിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു ; “നിവിൻ ചിരിച്ചാൽ നമ്മളും ചിരിക്കും, അങ്ങനെയൊരു നിവിനെയാണ് ബത്‍ലഹേം കുടുംബ യൂണിറ്റിൽ കാണാൻ കഴിയുകയെന്നാണ് എനിക്ക് തോന്നുന്നത്.” നിവിൻ കരഞ്ഞാൽ നമ്മുടെയും കണ്ണ് നിറയുമെന്ന് ദിലീഷ് പോത്തൻ അതിനോട് കൂട്ടിച്ചേർക്കുന്നുണ്ട്. രണ്ട് പേരുടെയും വാക്കുകൾ അന്വർത്ഥമാക്കുന്ന ഒരു സിനിമയാണ് ​ഗിരീഷ് എഡി മലയാളത്തിന് സമ്മാനിച്ചിരിക്കുന്നത്. ഓണക്കാലത്ത് മൂന്ന് തരം പായസവും പപ്പടം ഉൾപ്പെടെ പന്ത്രണ്ടിലധികം കൂട്ടങ്ങളുമായി ഒരു സദ്യകഴിച്ച അനുഭൂതി. അതാണ് ‘ബത്‍ലഹേം കുടുംബ യൂണിറ്റ്’.

ചിരിയിൽ പൊതിഞ്ഞ പശ്ചാത്തലത്തിൽ പറയുന്ന രണ്ട് പേരുടെ മനോഹരമായ പ്രണയകഥയാണ് ബത്‍ലഹേം കുടുംബ യൂണിറ്റ്. പ്രായമേറിയിട്ടും വിവാഹം കഴിഞ്ഞിട്ടില്ലാത്ത, നാട്ടിലെ എല്ലാവർക്കും പ്രിയപ്പെട്ട യുവാവായി ജസ്റ്റിൻ എന്ന കഥാപാത്രത്തിൽ, നിവിൻ പ്രേക്ഷകരെ കയ്യിലെടുത്തു. പഴയ നിവിൻ തിരിച്ചുവന്നു എന്നാണ് പൊതുവെ പറയപ്പെടുന്നതെങ്കിലും അഭിനയത്തിലും കഥാപാത്രത്തിന്റെ പ്രകടനത്തിലും ഒരു പുതിയ നിവിൻ പോളിയെ പ്രേക്ഷകന് അനുഭവപ്പെടുന്നുണ്ട്. ഫഹദ് ഫാസിലും ദിലീഷ് പോത്തനും പറഞ്ഞത് പോലെ, നിവിൻ ചിരിക്കുമ്പോൾ നമ്മളും ചിരിക്കുന്നുണ്ട്. നിവിന്റെ കണ്ണുനിറയുമ്പോൾ നമ്മുടെ കണ്ണുകളും ഈറനണിയുന്നുണ്ട്.

നിവിൻ പോളിയോടൊപ്പം മമിത ബൈജുവും ഒന്നിക്കുന്നു എന്നതാണ് ബത്‍ലഹേം കുടുംബ യൂണിറ്റിനെ തുടക്കം മുതൽ ശ്രദ്ധേയമാക്കിയത്. പ്രേമലുവിന് ശേഷം ​ഗിരീഷ് എഡി ചിത്രത്തിൽ മമിത വരുന്നു എന്നതും പ്രധാന ആകർഷണമായിരുന്നു. ഈ രണ്ട് പ്രതീക്ഷകളും മമിത ബൈജു തെറ്റിച്ചില്ല. സൂപ്പർ ശരണ്യയിലെ സോനാരെയിൽ നിന്നും പ്രേമലുവിലും അവിടെ നിന്നും തെന്നിന്ത്യൻ സൂപ്പർതാരങ്ങളോടൊപ്പം അഭിനയിച്ച് വലിയ പ്രശംസകൾ ഏറ്റുവാങ്ങി നിൽക്കുമ്പോഴാണ് മമിതയെ തേടി ബത്‍ലഹേം കുടുംബ യൂണിറ്റ് എത്തുന്നത്.

Also Read – ഹൃദയത്തോട് ചേർത്ത എല്ലാവർക്കും…. പ്രേക്ഷകരോട് നന്ദി പറഞ്ഞ് ​ഗിരീഷ് എഡി

നാട്ടിൻപുറത്തെ ഒരു സാധാരണ പെൺകുട്ടിയുടെ ഭയപ്പാടുകളും അരക്ഷിതാവസ്ഥയും ചേർന്ന ആഷ്ലി എന്ന കഥാപാത്രം മമിതയുടെ കൈകളിൽ ഭദ്രമായിരുന്നു. തനിക്ക് വിശ്വാസവും സുരക്ഷിതത്വവും തോന്നുന്ന ഇടങ്ങളിൽ സ്വാതന്ത്ര്യമെടുത്ത് പെരുമാറുന്ന പെൺകുട്ടിയായും അല്ലാത്തയിടങ്ങളിൽ ഒതുങ്ങിയ ജീവിതം നയിക്കുന്നവളായും മമിത ​ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ഇതോടെ അയൽവക്കത്തെ കുട്ടിയായി മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം ഉറപ്പിക്കുകയാണ് താരം.

​ഗിരീഷ് എഡിയുടെ സിനിമാശൈലി മലയാളി പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നു എന്നതിന്റെ മികച്ച ഉദാഹരണം കൂടിയാണ് ബത്‍ലഹേം കുടുംബ യൂണിറ്റ്. കഥയുടെ ഒഴുക്കിനനുസരിച്ച് ഹാസ്യം കൈകാര്യം ചെയ്തുകൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. നിവിനോടൊപ്പം സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ തുടങ്ങി ചിത്രത്തിൽ ചെറുതായി വന്നുപോയവർ വരെ പ്രേക്ഷകരെ മനംനിറച്ച് ചിരിപ്പിച്ചു.

നമ്മുടെ ചുറ്റുപാടും കാണുന്ന മനുഷ്യരും അവരുൾപ്പെടുന്ന വിവിധ സംഭവങ്ങളും രസകരമായി കോർത്തിണക്കിയപ്പോൾ ഓരോ വ്യക്തിക്കും അത് നേരിട്ടനുഭവിക്കാൻ സാധിച്ചു. എല്ലാതലമുറയെയും ഒരുപോലെ ആകർഷിക്കുന്ന സിനിമയെന്ന നിലയിൽ കുടുംബ പ്രേക്ഷകർ തിയേറ്ററിലേക്ക് ഒഴുകിയെത്തുകയാണ്.

Also Read – മമിതയ്ക്ക് ഹാട്രിക്? നിവിൻ ഡബിൾ സെഞ്ച്വറിയിലേക്ക്!!

ഭാവന സ്റ്റുഡിയോസിൻറെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത്. വിഷ്ണു വിജയ് ഒരുക്കിയ പാട്ടുകളും പശ്ചാത്തല സംഗീതവും അജ്മൽ സാബു ഒരുക്കിയ ദൃശ്യങ്ങളും ചിത്രത്തെ മികച്ചതാക്കി.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News