മലബാർ കലാപത്തിന് 105 വയസ്; ഒരുജനതയുടെ പോരാട്ടത്തിന്റെ കഥ

The Malabar rebellion of 1921 started as a resistance against the British Raj

1921 ആഗസ്ത് 20 നാണ് മലബാർ കലാപത്തിന് കാരണമായ ജനകീയ പ്രക്ഷോഭത്തിന് തുടക്കമാകുന്നത്. 1921 ൽ മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചതോടുകൂടിയാണ് ഖിലാഫത്ത് പ്രസ്ഥാനം മലബാറിൽ ശക്തിപ്രാപിക്കുന്നത്. ഖിലാഫത്ത് കമ്മിറ്റികൾ സജീവമാകുന്നത് അടിച്ചമർത്താൻ മലബാറിലും പ്രത്യേകിച്ച് ഏറനാട്ടിലും പോലീസ് ശ്രമം ആരംഭിച്ചു. ഇത് ജനകീയ പ്രക്ഷോഭത്തെ ശക്തമാക്കുകയാണ് ഉണ്ടായത്. ഒരു ദിവസം രാത്രി തിരൂരങ്ങാടിയിൽ നടത്തിയ അറസ്റ്റുകളെത്തുടർന്ന് പോലീസും ജനങ്ങളും തമ്മിൽ വലിയ ഏറ്റുമുട്ടലുണ്ടായി. മലബാർ കലാപത്തിന്റെ തുടക്കം അതായിരുന്നു.

തിരൂരിലെ പോലീസ് വേട്ടയിൽ ഔദ്യോഗിക കണക്ക് പ്രകാരം ഒൻപത് പേർ മരിച്ചെന്നും ആകെ നാൽപതോളം പേർ മരിച്ചിട്ടുണ്ടാകാമെന്നും പറയപ്പെടുന്നു. എന്നാൽ സംഘടിച്ചെത്തിയ ജനതയെ തോൽപ്പിക്കാൻ പോലീസിന് സാധിച്ചില്ല. അന്ന് അവർ തിരൂരിൽ നിന്ന് പിൻവാങ്ങിയെങ്കിലും പിന്നീട് വൻ സായുധസേനയെ അണിനിരത്തിയും കൂട്ടക്കൊല അഴിച്ചുവിട്ടുമാണ് ജനകീയ പ്രതിരോധത്തെ ബ്രിട്ടീഷുകാർ അടിച്ചമർത്തിയത്.

സാർവദേശീയവും ദേശീയവും പ്രാദേശികവുമായ നിരവധി വിഷയങ്ങൾ കണ്ണിചേർന്നാണ് 1921 ലെ പ്രക്ഷോഭം ആരംഭിക്കുന്നത്. ബ്രിട്ടീഷുകാർ ഇന്ത്യവിടുക എന്ന ലക്ഷ്യത്തോടെയുള്ള സ്വാതന്ത്ര്യസമര പോരാട്ടം, ജന്മി നാടുവാഴിത്തത്തിൽ പൊറുതുമുട്ടിയ ജനതയുടെ പ്രതിരോധം, ഖിലാഫത്ത് പ്രശ്‌നം എന്നിങ്ങനെ നിരവധി വിഷയങ്ങൾ പ്രക്ഷോഭത്തിന് കാരണമായി. മലബാറിലെ സാമൂഹിക-സാമ്പത്തിക പിന്നാക്കാവസ്ഥ, ഒന്നാം ലോകയുദ്ധത്തിനുശേഷം നേരിട്ട തൊഴിലില്ലായ്മയും പ്രതിസന്ധികളും, അരി ഉൾപ്പെടെ അവശ്യവസ്തുക്കളുടെ വിലക്കയറ്റം, നാടുവാഴികളും ബ്രിട്ടീഷ് ഭരണാധികാരികളും പൊലീസും അടിസ്ഥാന വർഗ-ജാതി വിഭാഗങ്ങൾക്കും സമുദായങ്ങൾക്കും നേരെ നടത്തിയ ഇടപെടലുകൾ, ഖിലാഫത് പ്രവർത്തകരോട് മലബാറിൽ ബ്രിട്ടീഷ് പൊലീസ് നടത്തിയ അതിക്രമങ്ങളും എന്നിങ്ങനെ നിരവധി വിഷയങ്ങൾ മലബാറിലെ ജനകീയ പ്രക്ഷോഭത്തിന് കാരണമായി.

1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനുശേഷം ബ്രിട്ടീഷുകാരെ അടിമുടി വിറപ്പിച്ച രാജ്യത്തെ ഏറ്റവും വലിയ ബ്രിട്ടീഷ് വിരുദ്ധ-ജന്മിത്വവിരുദ്ധ സ്വാതന്ത്ര്യപോരാട്ടമാണ് 1921 ലെ മലബാർ കലാപം. 2339 പേർ രക്തസാക്ഷികളായി എന്നാണ് ബ്രിട്ടീഷ് രേഖകളിൽ പറയുന്നത്. യഥാർത്ഥ കണക്ക് അതിലും കൂടുതലായിരിക്കുമെന്ന് ചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തുന്നു. 30,000-40,000 ഇടയിൽ പോരാളികൾ തടവറയിലടക്കപ്പെട്ടു. 1921 മുതൽ 1924 വരെയുള്ള വർഷങ്ങളിൽ 1600 ഓളം പോരാളികൾ ജയിലിൽ മരിച്ചു. 1290 പേരെ ശിക്ഷിച്ച് അന്തമാനിലേക്ക് നാടുകടത്തി. മലബാർ കലാപത്തിന്റെ ഭാഗമായ, 1921 നവംബറിലെ വാഗൺ ട്രാജഡി കൂട്ടക്കൊല ബ്രിട്ടീഷ് ഭരണകാലത്ത് നടന്ന ഏറ്റവും ക്രൂരമായ നരഹത്യയായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.

Also Read – എൻപിആറിനായി സെൻസസിൽ ഒളിച്ചുകടത്തൽ ; ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നീക്കം അത്യന്തം അപലപനീയം – പിണറായി വിജയൻ

1922 ജനുവരി 6 ന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും കൂടെയുണ്ടായിരുന്ന 27 പോരാളികളും കാളികാവിനടുത്ത് കല്ലാമൂലയിൽ പിടിയിലായി. 1922 ജനുവരി 9 ന് ചെമ്പ്രശ്ശേരി തങ്ങളെയും കോഴിശ്ശേരി മമ്മദിനെയും മേലാറ്റൂരിലെ ഗൂർഖാ ക്യാമ്പിൽ പട്ടാളക്കോടതി വിചാരണക്കുശേഷം വെടിവച്ചുകൊന്നു. 1922 ജനുവരി 20 ന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വധശിക്ഷ മലപ്പുറം കോട്ടക്കുന്നിൽ വെച്ച് ബ്രിട്ടീഷുകാർ നടപ്പാക്കി. ബ്രിട്ടീഷ് ഭരണകൂടത്തിനും ജന്മി നാടുവാഴിത്തത്തിനും എതിരെ നടന്ന ആ വലിയ ജനകീയ പ്രക്ഷോഭം അവിടെ അവസാനിച്ചു.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News