സ്നേഹലത: ഭരണകൂട ഭീകരതയുടെ ഇര; ‘മിസ’ എന്ന കരിനിയമവും

Who is Snehalatha Reddy

ജനാധിപത്യ അവകാശങ്ങൾക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും മേൽ ഭരണകൂടങ്ങൾ നടത്തുന്ന കടന്നുകയറ്റങ്ങളുൾപ്പെടെയുള്ള ഇന്ത്യയുടെ തീക്ഷണമായ ചരിത്രം ചർച്ചയാക്കുന്ന നാടകമാണ് ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളന വേദിയിൽ അവതരിപ്പിച്ച മിസ. രാജ്യത്ത് നിലനിന്നിരുന്ന ഭരണകൂട ഭീകരതയെയും മൗലികാവകാശ നിഷേധങ്ങളെയും കുറിച്ചുള്ള ഈ ചർച്ചകൾക്കിടയിൽ ഏറ്റവും പ്രധാനം, മിസ എന്ന കരിനിയത്തെപ്പറ്റിയും, ആ നിയമത്തിന്റെ ഇരയായ സ്നേഹലത റെഡ്ഡി എന്ന കലാകാരിയുടെ ജീവിതവും മനസ്സിലാക്കുക എന്നതാണ്.

ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ നിയമങ്ങളിൽ ഒന്നാണ് മിസ. 1971ൽ ഇന്ദിരാ​ഗാന്ധി ​ഗവൺമെന്റാണ് ഈ നിയമം പാസാക്കുന്നത്. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമം കൊണ്ടുവന്നതെങ്കിലും പിന്നീട് പല തരത്തിലുള്ള രാഷ്ട്രീയ അടിച്ചമർത്തലുകൾക്കും ഈ നിയമം ഉപയോ​ഗിച്ചു. വാറണ്ട് കൂടാതെ ഏത് വ്യക്തിയെയും സംശയത്തിന്റെ പേരിൽ കരുതൽ തടങ്കലിൽ വയ്ക്കാൻ ഈ നിയമം പൊലീസിന് അധികാരം നൽകിയിരുന്നു. മിസ ആക്ട് പ്രകാരം അറസ്റ്റ് ചെയ്യപ്പെടുന്നവർക്ക് കോടതിയെ സമീപിച്ച് ജാമ്യം നേടാനുള്ള അവകാശവും പ്രാരംഭഘട്ടത്തിൽ നിഷേധിച്ചിരുന്നു. 70കളിൽ നിലനിന്നിരുന്ന ഏറ്റവും വലിയ മൗലികാവകാശ ലംഘനങ്ങളുടെ മുഖമായിരുന്നു മിസ.

Also Read: ‘നാടകത്തിൻറെ ഒരു ഭാഗം മാത്രം മുറിച്ചെടുത്ത് പ്രചരിപ്പിക്കുന്നു, ഭരണകൂട ഭീകരതക്കെതിരെ ഇനിയും ചോദ്യം ചോദിക്കും’: ചിന്നൂസ് ചിലങ്ക

1975-ൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതോടെ മിസ നിയമത്തിന്റെ ഏറ്റവും ക്രൂരമായ മുഖമാണ് പുറത്തുവന്നത്. ആ കറുത്ത കാലഘട്ടത്തിൽ പൗരന്മാരുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തിയവരിൽ പ്രമുഖയായിരുന്നു പ്രശസ്ത നടിയും നാടകപ്രവർത്തകയുമായ സ്നേഹലത റെഡ്ഡി. ആന്ധ്രാപ്രദേശിൽ ജനിച്ച സ്നേഹലത അഭിനയം, രചന, സംവിധാനം തുടങ്ങി തിയേറ്റർ രംഗത്തിന്റെ എല്ലാ മേഖലകളിലും തിളങ്ങി. ചെന്നൈയിലെ നാടകപ്രസ്ഥാനങ്ങൾക്ക് മികച്ച സംഭാവനകൾ നൽകിയ അവർ, കന്നഡ, തെലുങ്ക് ചലച്ചിത്ര-നാടക രംഗങ്ങളിലും സജീവമായിരുന്നു.

Also Read: ‘മിസ’ നാടകത്തിനെതിരെയുള്ള സംഘപരിവാർ സൈബർവേട്ട: സർഗാത്മക പ്രതിഷേധത്തിന് ആഹ്വാനവുമായി പുരോഗമന കലാസാഹിത്യ സംഘം

1976-ൽ സ്നേഹലതയെ, സോഷ്യലിസ്റ്റ് നേതാവ് ജോർജ് ഫെർണാണ്ടസിനൊപ്പം ബറോഡ ഡൈനാമൈറ്റ് കേസിൽ ഉൾപ്പെടുത്തി മിസ നിയമപ്രകാരം അറസ്റ്റ് ചെയ്തു. വിചാരണ കൂടാതെ എട്ട് മാസത്തോളം ബാംഗ്ലൂർ സെൻട്രൽ ജയിലിൽ അടയ്ക്കപ്പെട്ട അവർ വലിയ ശാരീരിക മാനസിക പീഡനങ്ങൾക്കാണ് ഇരയായത്. ഏകാന്ത തടവും ജയിലിലെ മോശം സാഹചര്യങ്ങളും സ്നേഹലതയുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചു. എങ്കിലും മറ്റ് വനിതാ തടവുകാരുടെ അവകാശങ്ങൾക്കായി അവർ ജയിലിലും പോരാടി. സഹതടവുകാർക്ക് നേരെ നടന്നിരുന്ന അതിക്രമങ്ങൾക്കെതിരെ നിരാഹാര സമരം നടത്തുകയും ചെയ്തു. ഒടുവിൽ, ആരോഗ്യനില വഷളായതിനെ തുടർന്ന് പരോളിൽ പുറത്തിറങ്ങി അഞ്ചാം ദിവസം, 1977 ജനുവരി 20ന് സ്നേഹലത ഈ ലോകത്തോട് വിടപറഞ്ഞു. അടിയന്തരാവസ്ഥയുടെ ആദ്യകാല രക്തസാക്ഷികളിൽ ഒരാളായ സ്നേഹലത റെഡ്ഡിയുടെ ജീവിതമാണ് ‘മിസ’ എന്ന നാടകം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. ചോദ്യം ചോദിക്കുന്നവരെ നിശബ്ദരാക്കാനുള്ള അധികാരത്തിന്റെ രാഷ്ട്രീയം ഇന്നും അവസാനിക്കുന്നില്ല എന്ന സന്ദേശമാണ് സ്‌നേഹലതയുടെ ജീവിതം വരച്ച് കാട്ടുന്ന ‘മിസ’ മുന്നോട്ട് വെയ്ക്കുന്നത്.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News