“ഉറക്കത്തിൽ കാണുന്നതല്ല സ്വപ്നം, നമ്മളെ ഉറങ്ങാൻ അനുവദിക്കാത്തതാണ് യഥാർത്ഥ സ്വപ്നം.” പറഞ്ഞു വരുന്നത് ആരെ കുറിച്ചാണെന്ന് ഈ വാക്കുകൾ കേട്ടാൽ തന്നെ മനസിലാകും. തനിഴ്നാട്ടിലെ രാമേശ്വരം എന്ന ഒരു കൊച്ചു ഗ്രാമത്തിൽ പത്രം വിറ്റ് നടന്നിരുന്ന ഒരു സാധാരണ ബാലനിൽ നിന്ന് ഇന്ത്യയുടെ ‘മിസൈൽ മാൻ’ ആയും പിന്നീട് നിരവധി മനുഷ്യരുടെ ഹൃദയം കവർന്ന ‘ജനങ്ങളുടെ രാഷ്ട്രപതി’യായും മാറിയ അവുൽ പകീർ ജൈനുലാബ്ദീൻ അബ്ദുൽ കലാം എന്ന എപിജെ അബ്ദുൽ കലാം.. അദ്ദേഹം ഓർമയായിട്ട് ഇന്നേക്ക് 11 വർഷം തികയുന്നു.
1931 ഒക്ടോബർ 15 നാണ് എപിജെ അബ്ദുൽ കലാമിന്റെ ജനനം. തമിഴ്നാട്ടിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച അദ്ദേഹത്തിന്റെ ചെറുപ്പകാലം കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. പിന്നീട് അദ്ദേഹത്തെ മുന്നോട്ട് നയിച്ചത് പഠനത്തോടുള്ള അടങ്ങാത്ത ആഗ്രഹമായിരുന്നു. മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് എയറോനോട്ടിക്കൽ എൻജിനീയറിംഗ് പൂർത്തിയാക്കിയ ശേഷം അദ്ദേഹം ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് ഓർഗനൈസേഷനിലും , തുടർന്ന് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിലും എത്തിച്ചേർന്നു. ഇന്ത്യയുടെ ആദ്യത്തെ സ്വന്തം ഉപഗ്രഹ വിക്ഷേപണ വാഹനമായ SLV-3 നിർമ്മിച്ചെടുത്ത ശാസ്ത്രജ്ഞരുടെ സംഘത്തെ വിജയകരമായി നയിച്ചത് കലാമായിരുന്നു.
ഇന്ത്യയുടെ പ്രതിരോധ സാങ്കേതികവിദ്യയ്ക്ക് ചിറകുകൾ നൽകിയ ഘട്ടമായിരുന്നു അടുത്തത്. അഗ്നി, പൃഥ്വി തുടങ്ങിയ മിസൈലുകൾ വികസിപ്പിച്ചെടുക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്കാണ് അദ്ദേഹത്തിന് ‘ഇന്ത്യയുടെ മിസൈൽ മാൻ’ എന്ന അപൂർവ്വ വിശേഷണം നേടിക്കൊടുത്തത്. ശാസ്ത്ര സാങ്കേതിക രംഗത്തെ സമാനതകളില്ലാത്ത സംഭാവനകൾക്ക് രാജ്യം അദ്ദേഹത്തെ പദ്മഭൂഷൺ , പദ്മവിഭൂഷൺ , ഭാരതീയ പരമോന്നത ബഹുമതിയായ ഭാരതരത്നം എന്നിവ നൽകി ആദരിച്ചു.
Also Read: ആകയാലും പ്രിയരേ, സുപ്രഭാതം; കുറിക്കുകൊള്ളുന്ന ഹാസ്യവുമായി വി കെ ശ്രീരാമന്റെ കുറിപ്പ്
2002-ലാണ് എപിജെ അബ്ദുൽ കലാം ഇന്ത്യയുടെ 11-ാമത് രാഷ്ട്രപതിയായി സ്ഥാനമേൽക്കുന്നത്. ലക്ഷക്കണക്കിന് വിദ്യാർത്ഥികളോടും യുവാക്കളോടും നേരിട്ട് സംവദിക്കുകയും അവരുടെ ചോദ്യങ്ങൾക്ക് ലാളിത്യത്തോടെ മറുപടി നൽകുകയും ചെയ്ത അദ്ദേഹം ശരിക്കും ‘ജനങ്ങളുടെ രാഷ്ട്രപതി’യായി മാറി.
2015 ജൂലൈ 27-ന് മേഘാലയയിലെ ഷില്ലോങ് ഐഐഎമ്മിൽ വിദ്യാർത്ഥികളോട് പ്രസംഗിച്ചു കൊണ്ടിരിക്കെയാണ് ആ മഹാനായ മനുഷ്യൻ വിടപറഞ്ഞത്. ജീവിതാവസാനം വരെയും താൻ ഏറ്റവും ഇഷ്ടപ്പെട്ട അധ്യാപനത്തിലും വിദ്യാർത്ഥികളോടുള്ള സംവാദത്തിലും മുഴുകിയിരുന്ന അദ്ദേഹം, ഇന്നും ഓരോ ഭാരതീയന്റെയും മനസ്സിൽ ഒരു നിത്യപ്രചോദനമായി ജ്വലിച്ചുനിൽക്കുന്നു.
അതേസമയം, നമ്മുടെ രാജ്യത്തെ വിദ്യാർഥികളുടേ ഭാവിയെ സംബന്ധിച്ച് വലിയ ചോദ്യം ഉയരുന്ന സാഹചര്യത്തിലാണ് വിദ്യാർഥികൾക്ക് വേണ്ടി നിരന്തരം സംസാരിച്ച കലാമിന്റെ മറ്റൊരു ഓർമദിനം വന്നെത്തിയത് എന്നത് ശ്രദ്ധേയമാണ്. വിദ്യാർഥികളുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പെട്ടിരുന്ന ഒരു രാഷ്ട്രപതി നമുക്കുണ്ടായിരുന്നു എന്ന് വീണ്ടും ഓർമിപ്പിച്ചു കൊള്ളട്ടെ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here