കുവൈത്തിൽ ശസ്ത്രക്രിയകൾക്കും മെഡിക്കൽ ഇടപെടലുകൾക്കും പുതിയ നിയന്ത്രണങ്ങൾ

സർക്കാർ, സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിൽ നടത്തുന്ന ശസ്ത്രക്രിയകൾക്കും മെഡിക്കൽ ഇടപെടലുകൾക്കും പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കുവൈത്ത് ആരോഗ്യ മന്ത്രാലയം. രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ചികിത്സാ നിലവാരം ഉയർത്തുന്നതിനും ഡോക്ടർമാരുടെയും ആരോഗ്യ സ്ഥാപനങ്ങളുടെയും ഉത്തരവാദിത്തം വ്യക്തമാക്കുന്നതിനുമാണ് പുതിയ ചട്ടങ്ങൾ.

ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദി പുറത്തിറക്കിയ തീരുമാനപ്രകാരം, ഡോക്ടറുടെ സ്പെഷ്യലൈസേഷൻ, പ്രൊഫഷണൽ ലൈസൻസ്, അംഗീകൃത ക്ലിനിക്കൽ അധികാരപരിധി എന്നിവയ്ക്ക് അനുസൃതമായി മാത്രമേ ശസ്ത്രക്രിയകളും മറ്റ് മെഡിക്കൽ ഇടപെടലുകളും നടത്താവൂ. ആരോഗ്യ സ്ഥാപനങ്ങൾ അവയുടെ വിഭാഗത്തിനനുസരിച്ചുള്ള ലൈസൻസ് നേടിയിരിക്കണം. ചികിത്സാ ഗുണനിലവാരം, അണുബാധ നിയന്ത്രണം, അനസ്തീഷ്യ സുരക്ഷ എന്നിവ സംബന്ധിച്ച അംഗീകൃത മാനദണ്ഡങ്ങളും പാലിക്കണം.

മുൻകൂട്ടി നിശ്ചയിക്കുന്ന ശസ്ത്രക്രിയകൾ സ്പെഷ്യലിസ്റ്റ് തസ്തികയിലോ അതിനു മുകളിലോ ഉള്ള ഡോക്ടറുടെ അംഗീകാരത്തോടെയും നേതൃത്വത്തിലുമായിരിക്കണം. ഓരോ സ്പെഷ്യാലിറ്റിയിലെയും ശസ്ത്രക്രിയകൾ തരംതിരിക്കുന്നതിനും അവ നടത്താൻ ഡോക്ടർമാർക്ക് ആവശ്യമായ പ്രൊഫഷണൽ അധികാരം നിശ്ചയിക്കുന്നതിനും ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റൽ കൗൺസിലുകൾക്ക് ചുമതല നൽകിയിട്ടുണ്ട്. ഡോക്ടറുടെ തസ്തിക, സ്പെഷ്യലൈസേഷൻ, പരിചയം, ശസ്ത്രക്രിയയുടെ സ്വഭാവം എന്നിവ പരിഗണിച്ചായിരിക്കും ഇത് നിശ്ചയിക്കുക. ഇതുസംബന്ധിച്ച നിർദേശങ്ങൾ മൂന്ന് മാസത്തിനകം മന്ത്രാലയ അണ്ടർസെക്രട്ടറിക്ക് സമർപ്പിക്കണം.

ALSO READ: ‘നിങ്ങളുടെ അഭിപ്രായം ഞങ്ങളുടെ പങ്കാളിത്തം’; ദുബായിലെ ഇമിഗ്രേഷൻ സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് ഇനി അഭിപ്രായം രേഖപ്പെടുത്താം

ശസ്ത്രക്രിയയ്ക്കോ മെഡിക്കൽ ഇടപെടലിനോ മുമ്പ് രോഗിയുടെയോ നിയമപരമായ പ്രതിനിധിയുടെയോ അറിവോടെയുള്ള സമ്മതം നിർബന്ധമായും വാങ്ങണം. ഇത് മെഡിക്കൽ രേഖയിൽ ഉൾപ്പെടുത്തുകയും ശസ്ത്രക്രിയ നടത്തുന്ന മെഡിക്കൽ സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ രോഗിയെ അറിയിക്കുകയും വേണം. ആവശ്യമായ പ്രൊഫഷണൽ അധികാരമുള്ള ഡോക്ടർക്കല്ലാതെ മറ്റൊരാൾക്ക് രോഗിയുടെ സമ്മതമില്ലാതെ ശസ്ത്രക്രിയ ഏറ്റെടുക്കാനാകില്ല.

മെഡിക്കൽ ആവശ്യകത കണക്കിലെടുത്ത് ചില ശസ്ത്രക്രിയകൾ നടത്താനുള്ള ഡോക്ടറുടെ അധികാരം താൽക്കാലികമായി നിർത്തിവയ്ക്കാൻ മന്ത്രാലയ അണ്ടർസെക്രട്ടറിക്കോ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനോ അധികാരമുണ്ടാകും.

ആവശ്യമായ അനുമതിയും ചികിത്സാ സൗകര്യങ്ങളും യോഗ്യരായ മെഡിക്കൽ സംഘവും ലഭ്യമാണെങ്കിൽ സർക്കാർ ഡോക്ടർമാർക്ക് മറ്റ് സർക്കാർ ആശുപത്രികളിലും ശസ്ത്രക്രിയകൾ നടത്താം. രോഗിയുടെ ജീവൻ രക്ഷിക്കാനോ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാനോ അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വരുന്ന സാഹചര്യങ്ങളിൽ നിശ്ചിത അനുമതികൾക്ക് വിധേയമായി ആരോഗ്യ മന്ത്രാലയത്തിലെ സർജൻമാരെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലും സേവനത്തിന് നിയോഗിക്കാമെന്നും തീരുമാനത്തിൽ വ്യക്തമാക്കുന്നു.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News