എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയിൽ (കെടിയു) വിദ്യാർത്ഥികൾക്കും കോളേജുകൾക്കും ആശ്വാസകരമായ നിരവധി തീരുമാനങ്ങൾ സിൻഡിക്കേറ്റ് കൈക്കൊണ്ടു. 2026–27 അധ്യയന വർഷത്തിൽ അഞ്ചാം സെമസ്റ്ററിൽ ഇയർ ബാക്ക് സംവിധാനം നടപ്പാക്കേണ്ടതില്ലെന്ന് സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. കഴിഞ്ഞ ഒന്നര വർഷമായി തീർപ്പാകാതെ കിടന്നിരുന്ന വിവിധ വിഷയങ്ങളിലാണ് ഇപ്പോൾ തീരുമാനമായത്.
എയ്ഡഡ് കോളേജുകളിലെ പ്രിൻസിപ്പൽ, അധ്യാപക-അനധ്യാപക വിഭാഗങ്ങളിലെ പ്രാരംഭ നിയമനങ്ങൾ അനുകൂലമായി പരിഗണിക്കാൻ തീരുമാനിച്ചു. ഈ നിയമനങ്ങൾ പരിശോധിച്ച് ശുപാർശകൾ സമർപ്പിക്കുന്നതിനായി ഒരു പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അഫിലിയേറ്റഡ് കോളേജുകളിലെ വിദഗ്ധ പരിശോധന, അക്കാദമിക് ഓഡിറ്റ്, ഫാക്കൽറ്റി ഓഡിറ്റ് എന്നിവയ്ക്കായി പ്രത്യേക കമ്മിറ്റികൾ രൂപീകരിച്ചു. കൂടാതെ, സർവകലാശാലാ ഭരണവും അക്കാദമിക് പ്രവർത്തനങ്ങളും കാര്യക്ഷമമാക്കാൻ സ്റ്റാൻഡിംഗ് കമ്മിറ്റികൾക്കും രൂപം നൽകി.
കോളേജ് യൂണിയനുകളുടെ കാലാവധി മൂന്ന് മാസം കൂടി നീട്ടുന്നത് സംബന്ധിച്ച് കോളേജ് പ്രിൻസിപ്പൽമാർക്ക് തീരുമാനമെടുക്കാവുന്നതാണ്. ഇതുസംബന്ധിച്ച നിർദ്ദേശം സർക്കുലറായി എല്ലാ കോളേജുകൾക്കും അയക്കും. ദീർഘകാലമായി മുടങ്ങിക്കിടന്ന ഭരണ-അക്കാദമിക് നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ഈ തീരുമാനങ്ങൾ സഹായിക്കുമെന്ന് വൈസ് ചാൻസിലർ ഡോ. സിസ തോമസ് പറഞ്ഞു.
ALSO READ: ‘മുൻ നിലപാടിൽ മാറ്റമില്ല’; മുഖ്യമന്ത്രിയുടെ അമൃതപുരി സന്ദർശനത്തിൽ എതിർപ്പ് അറിയിച്ച് കെഎം ഷാജി
യോഗത്തിൽ നിയമസഭാംഗങ്ങളായ അബിദ് ഹുസൈൻ തങ്ങൾ, ജ്യോതികുമാർ ചാമക്കാല, ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോക്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. ജയപ്രകാശ്, സർവകലാശാല രജിസ്ട്രാർ (ഇൻ-ചാർജ്) ജി. ഗോപിൻ എന്നിവരടക്കം പ്രമുഖർ പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here