കുട്ടികൾക്കായി എന്തെങ്കിലും വെറൈറ്റികൾ ഉണ്ടാക്കി കൊടുക്കാൻ ആണ് അമ്മമാർ എപ്പോഴും ശ്രമിക്കുക. എന്നാൽ അവർക്കായി ഇതാ റവയും തേങ്ങയും ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന റവ നെയ്പ്പത്തിരിയുടെ റെസിപ്പി. സാധാരണയായി നമ്മൾ അരിപ്പൊടി ഉപയോഗിച്ചാണ് നെയ്പ്പത്തിരി ഉണ്ടാക്കാറുള്ളതെങ്കിലും, റവ വെച്ച് തയ്യാറാക്കുന്ന ഈ രീതി കൂടുതൽ സ്വാദിഷ്ടവും മൃദുവായതുമാണ്.
അവശ്യമായ ചേരുവകൾ
റവ – 1 ഗ്ലാസ്
വെള്ളം – 1 ഗ്ലാസ്
തേങ്ങ ചിരകിയത് – അര കപ്പ്
ചുവന്നുള്ളി, ജീരകം – ആവശ്യത്തിന് (തേങ്ങയോടൊപ്പം ചതയ്ക്കാൻ)
ഉപ്പ് – ആവശ്യത്തിന്
മൈദ അല്ലെങ്കിൽ ഗോതമ്പുപൊടി – 2 ടേബിൾസ്പൂൺ
എണ്ണ – വറുക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യമായി ഒരു പാൻ അടുപ്പത്ത് വെച്ച് ഒരു ഗ്ലാസ് വെള്ളം ഒഴിക്കുക. വെള്ളം തിളച്ചു വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് ഉപ്പും ഒരു ഗ്ലാസ് റവയും ചേർത്ത് നന്നായി വാട്ടിയെടുക്കുക. വെള്ളം വറ്റി റവ പാകമായി വരണം. അര കപ്പ് തേങ്ങയിൽ ചുവന്നുള്ളിയും ജീരകവും ചേർത്ത് ചതച്ചെടുത്തത് ഈ റവ കൂട്ടിലേക്ക് ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ കൂട്ട് ഒരു പ്ലേറ്റിലേക്ക് മാറ്റിയ ശേഷം, കയ്യിൽ ഒട്ടിപ്പിടിക്കാതിരിക്കാനായി രണ്ട് ടേബിൾസ്പൂൺ മൈദയോ ഗോതമ്പുപൊടിയോ ചേർത്ത് നന്നായി കുഴച്ചെടുക്കുക. കൗണ്ടർ ടോപ്പിൽ അല്പം എണ്ണ പുരട്ടിയ ശേഷം ഈ മാവ് വെച്ച് അധികം കട്ടി കുറയാതെ പരത്തിയെടുക്കുക. ഒരു കുപ്പിയുടെ അടപ്പോ മറ്റോ ഉപയോഗിച്ച് ചെറിയ വട്ടത്തിൽ മുറിച്ചെടുക്കുക. നന്നായി തിളച്ച എണ്ണയിലേക്ക് ഇവ ഓരോന്നായി ഇട്ടു കൊടുക്കുക. മുകളിലേക്ക് എണ്ണ കോരിയൊഴിക്കുകയാണെങ്കിൽ പത്തിരി നന്നായി പൊങ്ങി വരും. രണ്ട് വശവും തിരിച്ചിട്ട് നല്ല ക്രിസ്പി ആയി വരുമ്പോൾ എണ്ണയിൽ നിന്ന് മാറ്റാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here