ബിസ്‌കറ്റ് പാക്കറ്റിൽ 25 ഗ്രാം കുറഞ്ഞു; 50,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ച് കണ്ണൂർ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ

പ്രമുഖ ബിസ്ക്കറ്റ് നിർമാതാക്കളായ പാർലെയ്ക്ക് 20-20 ബിസ്‌കറ്റ് പാക്കറ്റിൽ 25 ഗ്രാം കുറഞ്ഞതിന്റെ പേരിൽ കിട്ടിയത് എട്ടിന്റെ പണി. 150 ഗ്രാമിന്റെ പാക്കറ്റിൽ 125 ഗ്രാം മാത്രമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പാർലെക്കും ബിസ്കറ്റ് വിൽപ്പന നടത്തിയ ഹൈപ്പർ മാർക്കറ്റിനും ചേർന്ന് 50,000 രൂപ നഷ്ടപരിഹാരമാണ് വിധിച്ചത്. കണ്ണൂർ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷന്റെയാണ് വിധി.

കണ്ണൂർ അഞ്ചരക്കണ്ടി കല്ലായി സ്വദേശി ടി പി ആസിഖ് നൽകിയ പരാതിയിൽ രണ്ട് വർഷങ്ങൾക്ക് ശേഷമാണ് കമ്മീഷൻ നടപടിയെടുത്തത്. പ്രസിഡന്റ് രവി സുഷ, അംഗങ്ങളായ മോളിക്കുട്ടി മാത്യു, കെ പി സജീഷ് എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് ഉത്തരവ്. 2024 ജൂലായ് 26-നാണ് ആസിഖ് എന്ന യുവാവ് 150 ഗ്രാമിന്റെ പാർലെ 20-20 ബിസ്‌കറ്റ് വാങ്ങിയത്. എന്നാൽ സംശയത്തെ തുടർന്ന് സമീപത്തെ കടയിൽ തൂക്കിയപ്പോൾ 125 ഗ്രാം മാത്രമാണെന്ന് മനസ്സിലായതോടെ കമ്മീഷനെ സമീപിക്കുകയായിരുന്നു. പരാതിക്കാരൻ ഹാജരാക്കിയ പാക്കറ്റ് തങ്ങൾ നിർമിച്ചതല്ലെന്ന് വ്യക്തമാക്കിയ പാർലെ ഉൽപ്പന്നങ്ങൾ പൂർണമായും യന്ത്രസഹായത്തോടെയാണ് നിർമിക്കുന്നതെന്ന് വ്യക്തമാക്കി.

Also read: രാത്രിയിലെ ഈ മോശം ഭക്ഷണശീലം കുടവയറിന് കാരണമാകും

എന്നാൽ വിറ്റത് പാർലെ കമ്പനിയുടെ ഉൽപ്പന്നമാണെന്ന് വിൽപ്പനക്കാരും അറിയിച്ചു. രേഖകളും ലീഗൽ മെട്രോളജി റിപ്പോർട്ടും പരിശോധിച്ച കമ്മീഷൻ ഉൽപ്പന്നം പാർലെയുടെതാണെന്നും കമ്പനിക്ക് വീഴ്ച പറ്റിയെന്നും ഉറപ്പ് വരുത്തി. തുടർന്ന് പാർലെ കമ്പനി 25,000 രൂപയും ഹൈപ്പർ മാർക്കറ്റ് 10,000 രൂപയും നഷ്ടപരിഹാരം നൽകാൻ വിധിച്ചു. കൂടാതെ കോടതിച്ചെലവായി കമ്പനി 10,000 രൂപയും ഹൈപ്പർമാർക്കറ്റ് 5000 രൂപയും നൽകണം. ഉത്തരവിന്റെ പകർപ്പ് ലഭിച്ച് ഒരുമാസത്തിനകം തുക നൽകാനും ഉത്തരവിട്ടു.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here