പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖല സംബന്ധിച്ച് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പുറപ്പെടുവിച്ച ഏഴാം കരട് വിജ്ഞാപനത്തിൽ കേരളം നൽകിയ അന്തിമ നിർദേശപ്രകാരമുള്ള മേഖലകൾ മാത്രം ഉൾപ്പെടുത്തി ഉചിതമായ മാറ്റങ്ങൾ വരുത്തണമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം.പി കേന്ദ്ര പരിസ്ഥിതി-വനം വകുപ്പ് മന്ത്രി ഭൂപേന്ദർ യാദവിന് കത്തയച്ചു. കേരളത്തിന്റെ ഔദ്യോഗിക നിലപാട് കേന്ദ്രത്തെ അറിയിച്ചിട്ടും, അത് അവഗണിച്ച് പഴയ വിസ്തൃതി തന്നെ ഉൾപ്പെടുത്തി പുതിയ കരട് വിജ്ഞാപനം ഇറക്കിയ കേന്ദ്ര നിലപാട് തികച്ചും പ്രതിഷേധാർഹമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ക്യാഡസ്ട്രൽ മാപ്പിംഗ്, ജി.ഐ.എസ്/കെ.എം.എൽ വിശകലനം, ഉപഗ്രഹ ചിത്രങ്ങൾ, ഫീൽഡ് പരിശോധന, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും വനം വകുപ്പുമായും നടത്തിയ കൂടിയാലോചനകൾ എന്നിവയ്ക്ക് ശേഷമാണ് 2024 നവംബർ 2-ന് കേരള സർക്കാർ അന്തിമ ശുപാർശ കേന്ദ്രത്തിന് സമർപ്പിച്ചത്. തുടർന്ന്, 2026 ഫെബ്രുവരി 1-ന് കേന്ദ്രം ആവശ്യപ്പെട്ട അധിക വിവരങ്ങളും സംസ്ഥാനം നൽകിയിരുന്നു. 98 വില്ലേജുകളിൽ ഉൾപ്പെടുന്ന 8,590.69 ചതുരശ്ര കിലോമീറ്ററാക്കി കേരളത്തിലെ പരിസ്ഥിതി ലോല മേഖലയുടെ വിസ്തൃതി പരിമിതപ്പെടുത്തുന്നതായിരുന്നു സംസ്ഥാനത്തിന്റെ അന്തിമ ശുപാർശയെന്ന് അദ്ദേഹം കത്തിൽ പറഞ്ഞു.
എന്നാൽ ഇത് അവഗണിച്ച്, മുൻപുണ്ടായിരുന്ന 9,993.7 ചതുരശ്ര കിലോമീറ്റർ തന്നെ നിലനിർത്തിയാണ് പുതിയ കരട് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ആവാസവ്യവസ്ഥയുടെ സംരക്ഷണം മാത്രമല്ല, മലയോര ജനതയുടെ അവകാശങ്ങൾ, ആവശ്യങ്ങൾ, വികസന അഭിലാഷങ്ങൾ എന്നിവ കണക്കിലെടുത്ത്, കേരളം ഉൾപ്പെടെയുള്ള ആറ് പശ്ചിമഘട്ട സംസ്ഥാനങ്ങളുടെ ആശങ്കകളും നിർദേശങ്ങളും പരിശോധിച്ചു വരികയാണെന്ന് 2026 ജൂലൈ 23-ന് ഡോ. ജോൺ ബ്രിട്ടാസ് എം.പിയുടെ ചോദ്യത്തിന് മറുപടിയായി രാജ്യസഭയെ അറിയിച്ച മന്ത്രാലയം, വെറും നാല് ദിവസത്തിന് ശേഷം ജൂലൈ 27ന് പഴയ കണക്കായ 9,993.7 ചതുരശ്ര കിലോമീറ്റർ നിലനിർത്തി പുതിയ കരട് വിജ്ഞാപനം ഇറക്കുകയാണുണ്ടായത്.
പതിറ്റാണ്ടുകളായി കേരളത്തിലെ മലയോര ജനത അനുഭവിക്കുന്ന അനിശ്ചിതത്വം അവസാനിപ്പിക്കുക, കർഷകർ, തോട്ടം തൊഴിലാളികൾ, കുടിയേറ്റക്കാർ, ഗോത്രവിഭാഗങ്ങൾ, ചെറുകിട സംരംഭകർ എന്നിവരുടെ ജീവനോപാധികളെയും വികസന ആഗ്രഹങ്ങളെയും മാനിച്ചുകൊണ്ടുള്ള ശാസ്ത്രീയമായ പരിസ്ഥിതി സംരക്ഷണമാണ് വേണ്ടത്. ഏഴാം കരട് വിജ്ഞാപനത്തിൽ കേരളത്തിന്റെ അന്തിമ ശുപാർശ പ്രകാരമുള്ള വിസ്തൃതി മാത്രം ഉൾപ്പെടുത്തി നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും, മലയോര ജനതയുടെ ദീർഘകാലത്തെ ആശങ്കകൾക്ക് പരിഹാരം കാണണമെന്നും ജോൺ ബ്രിട്ടാസ് എം.പി കേന്ദ്ര മന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here