പിഎം ശ്രീ പദ്ധതി നടപ്പിലാക്കാൻ യുഡിഎഫ് സർക്കാരിന് എന്തിനാണ് ഇത്ര വ്യഗ്രതയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ സർക്കാരും പറഞ്ഞിരുന്നതൊക്കെ നുണയാണെന്ന് തെളിഞ്ഞെന്നും കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എൽഡിഎഫ് സർക്കാർ പിഎം ശ്രീ പദ്ധതിയിൽ ഒരു തുടർ നടപടിയും സ്വീകരിച്ചിരുന്നില്ല എന്നും പിണറായി വിജയൻ വ്യക്തമാക്കി.
യുഡിഎഫ് യോഗം ചേർന്ന പ്രധാനപ്പെട്ട ചില തീരുമാനങ്ങൾ എടുത്തിരുന്നു. പിഎം ശ്രീയാണ് പ്രധാനമായും ഉയർന്നുവന്നത്. പിഎം ശ്രീ പദ്ധതിയിലൂടെ രാജ്യത്താകെ കാവിവത്കരണം നടപ്പാക്കാനാണ് ബിജെപി ഉദ്ദേശിക്കുന്നത്. മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ആർക്കും അത് അംഗീകരിക്കാനാകില്ല. എന്നാൽ കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന സംസ്ഥാന സർക്കാരുകൾ അത് അംഗീകരിച്ചിരുന്നു.
കേരളത്തിൽ എൽഡിഎഫ് സർക്കാർ പി എം ശ്രീ പദ്ധതി നടപ്പാക്കാൻ സന്നദ്ധമായിരുന്നില്ലെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി. പിഎം ശ്രീയുടെ ഭാഗമായി വിദ്യാഭ്യാസ രംഗത്ത് മാറ്റം വരുത്താൻ എൽഡിഎഫ് ആഗ്രഹിച്ചില്ല. എംഒയു ഒപ്പിട്ടത് പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായിരുന്നില്ല. കാലാകാലമായി ലഭിച്ചുകൊണ്ടിരിക്കുന്ന ഫണ്ട് തടയുന്ന നിലവന്നപ്പോൾ അത് റിലീസ് ചെയ്യുന്നതിന് വേണ്ടിയാണ് എംഒയു ഒപ്പിട്ടത്.
എൽഡിഎഫ് പിഎം ശ്രീ കേരളത്തിൽ നടപ്പിലാക്കിയിട്ടില്ല. അന്ന് പദ്ധതിയെ എതിർത്ത യുഡിഎഫ് അധികാരം ലഭിച്ചപ്പോൾ നിലപാട് മാറ്റി. പിഎം ശ്രീയെ അറബിക്കടലിലേക്ക് വലിച്ചെറിയും എന്നും പറഞ്ഞവർ പോലും ഉണ്ട്. എന്നാൽ പിഎം ശ്രീ നടപ്പിലാക്കുക എന്നതായിരുന്നു യുഡിഎഫിന്റെ നിലപാട്. പരസ്യമായി അവർ അത് പ്രഖ്യാപിച്ചു. എന്താണ് ഇതിലുള്ള ന്യായീകരണമെന്ന് പിണറായി ചോദിച്ചു.
പിഎം ശ്രീ പദ്ധതിയുടെ ഭാഗമായി എൽഡിഎഫ് ഫണ്ട് കൈപ്പറ്റി എന്നായിരുന്നു ഒരു പ്രചാരണം. പദ്ധതിയാൽ നിന്ന് പിന്മാറാൻ സാധിക്കില്ല എന്നതായിരുന്നു പിന്നീട് വരുത്തിത്തീർക്കാൻ ശ്രമിച്ചത്. എന്നാൽ അന്നത്തെ സർക്കാർ എംഒയു ഒപ്പിട്ടു എന്നതിനപ്പുറത്തേക്ക് ഒരുതരത്തിലെ തുടർനടപടിയും സ്വീകരിച്ചിരുന്നില്ല. പദ്ധതിയുടെ നടത്തിപ്പ് മരവിപ്പിക്കുകയാണ് ചെയ്തത്.
പദ്ധതിയിൽ നിന്ന് കേരളത്തിന് പിന്മാറാൻ സാധിക്കില്ല എന്ന് പ്രചാരണം വ്യാജമായിരുന്നു എന്നും എല്ലാത്തരത്തിലുള്ള അവ്യക്തതയും ഇപ്പോൾ നീങ്ങിയെന്നും പിണറായി വിജയൻ വ്യക്തമാക്കി. അബ്ദുൽ വഹാബ് എംപി പാർലമെൻ്റിൽ ചോദിച്ച ചോദ്യത്തിന് കേന്ദ്രമന്ത്രി നൽകിയ ഉത്തരം
അതിന്റെ ഏറ്റവും വലിയ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ALSO READ: ബിജെപിക്ക് കോർപറേഷൻ നിലനിർത്താൻ ഒത്താശ ചെയ്യുന്ന സംവിധാനമായി സർക്കാർ മാറി: പി രാജീവ്
ഒരു സംശയത്തിനും ഇട നൽകാതെയുള്ള ഉത്തരമാണ് കേന്ദ്രമന്ത്രി നൽകിയത്. പദ്ധതിയിൽ നിന്ന് പിന്മാറാൻ ഒരു തടസ്സവുമില്ല എന്നത് വ്യക്തമായി. കാവി അജണ്ടകൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്താൻ വേണ്ടിയുള്ള നീക്കമാണിത്. കോൺഗ്രസിന് പി എം ശ്രീ പദ്ധതിയോട് വിയോജിപ്പില്ല. മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും നിലപാട് മാറ്റം വിശദീകരിക്കണമെന്ന് പറഞ്ഞ അദ്ദേഹം ജനങ്ങളെയും യുഡിഎഫ് അണികളെയും ഒരുപോലെ നേതൃത്വം പറഞ്ഞു പറ്റിച്ചെന്നും പറഞ്ഞു.
ആദ്യം ജനങ്ങളോട് കാര്യങ്ങൾ തുറന്ന് പറഞ്ഞു മാപ്പ് പറയണം. സ്വന്തം അണികളെ പിന്നിൽ നിന്ന് കുത്തുന്ന നിലപാടാണ് കോൺഗ്രസും മുസ്ലിം ലീഗും യുഡിഎഫ് ആകെയും സ്വീകരിച്ചത്. പദ്ധതി നടപ്പിലാക്കാൻ എന്തിനാണ് വ്യഗ്രത കാണിക്കുന്നത്? സംഘപരിവാർ വിധേയത്വത്തിൽ നിന്ന് പിന്മാറാൻ യുഡിഎഫ് സർക്കാർ തയ്യാറല്ല എന്നതാണ് ഇതിൽ നിന്നെല്ലാം വ്യക്തമാക്കുന്നത്. കേരളത്തെ എങ്ങോട്ട് നയിക്കാനാണ് യുഡിഎഫ് സർക്കാർ ശ്രമിക്കുന്നത് എന്ന ചോദ്യമാണ് ഉയരുന്നതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here