ഏറെ പ്രതിഷേധങ്ങൾക്കൊടുവിലാണ് 11-ാം ദിവസം വിഴിഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളി ജോണിന്റെ വീട്ടിലേക്ക് ഫിഷറീസ് വകുപ്പ് മന്ത്രി എത്തിയത്. പ്രതിഷേധങ്ങളെ ഭയന്ന് ആഭ്യന്തര മന്ത്രിക്കൊപ്പമാണ് വകുപ്പ് മന്ത്രി എത്തിയത്. തിരച്ചിലിൽ അലംഭാവം തുടർന്ന് സർക്കാർ നിലപാടിൽ കുടുംബം പ്രതിഷേധം അറിയിച്ചു. തങ്ങളുടെ എല്ലാ ആവശ്യങ്ങളും കൃത്യമായി പറഞ്ഞിട്ടുണ്ടെന്ന് ജോണിന്റെ മകൾ ജിജി പറഞ്ഞു.
അവർക്ക് അതിന്റെ കാര്യഗൗരവം കൃത്യമായി മനസലായിട്ടുണ്ടെന്നും എസ്.ഒ.പി രണ്ടാഴ്ചയ്ക്കുള്ളിൽ നിലവിൽ വരുമെന്നും ജിജി പ്രതികരിച്ചു. ഫിഷറീസ് മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഡിജിറ്റലൈസ് ചെയ്യുമെന്ന് അവർ ഉറപ്പു നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു. മുഖ്യമന്ത്രിയുടെ പരാമർശങ്ങളെ സംബന്ധിച്ച വിഷമം പങ്കുവെച്ചിരുന്നു. അദ്ദേഹത്തിന്റെ മറുപടി കേൾക്കുമ്പോൾ വലിയ വിഷമം തോന്നുന്നുണ്ട്. അതിനെതിരായി താൻ പറഞ്ഞ നിലപാടിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നുണ്ടെന്നും ജിജി വ്യക്തമാക്കി.
ഒരു ഭരണാധികാരി ആ കസേരയിൽ ഇരുന്നുകൊണ്ട് ഒരിക്കലും ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്താൻ പാടില്ല. അത് ഞങ്ങളുടെ കമ്മ്യൂണിറ്റിയെ തന്നെ അവഹേളിക്കുന്നതിന് തുല്യമാണ്. ഭാവിയിൽ ഇത്തരം കാര്യങ്ങൾ എങ്ങനെ ബാധിക്കുമെന്ന് ചിന്തിച്ചു വേണം മറുപടി പറയാൻ.
രാമേശ്വരം ഭാഗത്തേക്കുള്ള തിരച്ചിലിനായി അവിടുത്തെ കളക്ടർമാരുമായി ബന്ധപ്പെട്ടതായി അറിയിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ അതിന്റെ ഓർഡർ ലഭിച്ചിട്ടില്ല, പ്രോസസ് നടക്കുന്നു എന്നാണ് പറയുന്നത്. മുഖ്യമന്ത്രിയുടെ അധിക്ഷേപ പരാമർശത്തിൽ ആഭ്യന്തര വകുപ്പ് മന്ത്രിക്ക് പോലും വിഷമമുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. എന്നാൽ ഇത് ചിന്തിക്കേണ്ടവർ ചിന്തിക്കുന്നില്ല. ഒരു വിഭാഗം ആളുകളെ കുറ്റപ്പെടുത്തുന്ന രീതിയിലോ അടിച്ചമർത്തുന്ന രീതിയിലോ ആകരുത് ഇനിയുള്ള പരാമർശങ്ങൾ. നിങ്ങളുടെ കസേരകൾ ഞങ്ങളുടെയും കൂടെ വോട്ടാണെന്ന് മറക്കാതിരിക്കുക
മുഖ്യമന്ത്രി ഇവിടേക്ക് വരണമെന്നോ ഞങ്ങളെ ആശ്വസിപ്പിക്കണമെന്നോ ഉള്ള ഒരു ആവശ്യവും ഞങ്ങൾ ഉന്നയിച്ചിട്ടില്ല. അതിനേക്കാൾ ഉപരിയായി, ഇപ്പോൾ നടന്നു വരുന്ന തിരച്ചിലിൽ കാര്യക്ഷമമായിനടത്താനാണ് സർക്കാർ കൂടുതൽ പ്രാധാന്യം നൽകേണ്ടത്. ഇതിലുണ്ടായ വീഴ്ചകൾ കണ്ടെത്തി പരിഹരിക്കണമെന്നും കാണാതായ ജോണിന്റെ മകൾ വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here