മോദിയുടെ നാളുകൾ എണ്ണപ്പെടുന്നുവോ? കേന്ദ്രസർക്കാർ മുട്ടുമടക്കിയ സമരങ്ങൾ ഇതാ..

strikes against modi government

നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്രവിദ്യാഭ്യാസ വകുപ്പ് മന്ത്രി ധർമ്മേന്ത്ര പ്രധാന് രാജിവെക്കേണ്ടിവന്നതോടെ വിദ്യാർത്ഥിപ്രക്ഷോഭത്തിന് മുന്നിൽ മോദി സർക്കാർ മുട്ടുമടക്കിയിരിക്കുകയാണ്. പോലീസിനെ ഉപയോഗിച്ച് സമരത്തെ അടിച്ചമർത്തിയും ഭീഷണിപ്പെടുത്തിയും കള്ളക്കേസുകളിൽ കുടുക്കിയും സമരക്കാരെ ആക്ഷേപിച്ചും അപമാനിച്ചും ജനകീയ പ്രക്ഷോഭങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന സംഘപരിവാർ തന്ത്രം വിദ്യാർത്ഥികളുടെ മുന്നിൽ വിലപ്പോയില്ലെന്നതാണ് ഈ സമരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

തങ്ങൾക്ക് നേരെ വരുന്ന ഏത് പ്രതിഷേധത്തെയും ആദ്യം അടിച്ചമർത്തുവാനും പിന്നീട് സമരത്തിൽ പങ്കെടുത്തവരെ ആക്ഷേപിച്ചും അപമാനിച്ചും പിന്തിരിപ്പിക്കുവാനുമാണ് മോദി സർക്കാർ ശ്രമിച്ചിട്ടുള്ളതെന്ന് പന്ത്രണ്ട് വർഷത്തെ കേന്ദ്രഭരണത്തെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ മനസിലാക്കാൻ സാധിക്കും.

സിജെപിയുടെയും ഇടതുപക്ഷ വിദ്യാർത്ഥി സംഘനകളുടെയും നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട വിദ്യാർത്ഥി പ്രക്ഷോഭത്തിന് മുൻപ് രാജ്യം കണ്ട ഏറ്റവും വലിയ ജനകീയ സമരമായിരുന്നു കർഷകരുടേത്. 2020 സപ്തംബറിൽ മോദി സർക്കാർ കൊണ്ടുവന്ന മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെയാണ് രാജ്യത്തെ കർഷകർ പ്രതിഷേധിച്ചത്. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ ലക്ഷക്കണക്കിന് കർഷകർ പ്രതിഷേധത്തിൽ അണിചേർന്നു. 2020 നവംബറിൽ ദില്ലി ചലോ എന്ന പേരിൽ പതിനായിരക്കണക്കിന് കർഷകർ ദില്ലിയിലേക്ക് മാർച്ച് ചെയ്തു. സംസ്ഥാന അതിർത്തികളിൽ ജലപീരങ്കികളും കണ്ണീർവാതകങ്ങളും ഉപയോഗിച്ച് കർഷകരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ കർഷകരുടെയും അവരുടെ ട്രാക്ടറുകളുടെയും മുന്നിൽ പിടിച്ചുനിൽക്കാൻ മോദിക്ക് സാധിച്ചില്ല.

Also Read – വിദ്യാർത്ഥി പ്രതിഷേധത്തിന് നേരെ എകെ 47 തോക്ക് ഉപയോഗിച്ചു; ബിഹാറിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

മഴയും വെയിലും മഞ്ഞും മാറിവന്നിട്ടും ആ കർഷകരുടെ വീര്യത്തെ ഇല്ലാതാക്കാൻ മോദിക്കും അമിത്ഷായ്ക്കും സാധിച്ചില്ല. ചുട്ടുപൊള്ളുന്ന വെയിലിനെ അവഗണിച്ച് അവർ കിലോമീറ്ററുകളോളം നടന്ന് ദില്ലിയിലേക്കെത്തി. സ്ത്രീകളും കുട്ടികളും പ്രായമായവരും എല്ലാവരും ദില്ലിയിൽ അണിചേർന്നു. കാലുകൾ ചുട്ടുപൊള്ളി പഴുത്തിട്ടും കയ്യിൽ പിടിച്ച ചെങ്കൊടി അവർ താഴെ വെച്ചില്ല. ഒരു വർഷത്തോളം നീണ്ട സമരത്തിനിടയിൽ എഴുന്നൂറിലധികം കർഷകർ കൊല്ലപ്പെട്ടു. ഒടുവിൽ 2021 നവംബറിൽ മൂന്ന് കാർഷിക നിയമങ്ങളും മോദിക്ക് പിൻവലിക്കേണ്ടി വന്നു.

മോദി സർക്കാരിനെതിരെ നടന്ന മറ്റൊരു ശ്രദ്ധേയമായ പ്രക്ഷോഭമാണ് 2023 ലെ ഗുസ്തി താരങ്ങളുടെ സമരം. ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരായ ലൈംഗികാതിക്രമ ആരോപണങ്ങളിൽ നടപടി ആവശ്യപ്പെട്ട് രാജ്യത്തിന്റെ അഭിമാനമായ കായിക താരങ്ങൾ ഡൽഹി ജന്തർ മന്തിറിൽ സമരം ആരംഭിച്ചു. സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്രംഗ് പുനിയ എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ധീരമായ സമരത്തിന് രാജ്യമാകെ പിന്തുണയുമായി എത്തി. സാക്ഷി മാലിക്കിന്റെ വിരമിക്കൽ പ്രഖ്യാപനം, ബധിര ഒളിമ്പിക്സ് മെഡൽ ജേതാവായ വീരേന്ദ്രർ സിങ്ങും ബജ്രംഗ് പൂനിയയും പത്മശ്രീ ഉപേക്ഷിച്ചത്, കർഷക സംഘടനകളും ഇടതുപക്ഷ പ്രസ്ഥാനങ്ങളും നൽകിയ പിന്തുണ എന്നിവയെല്ലാം സമരത്തെ ശക്തമാക്കി. രാജ്യത്തിന്റെ അഭിമാനതാരങ്ങളെ പോലീസിനെ ഉപയോഗിച്ച് നിരത്തിൽ വലിച്ചിഴച്ച പോലീസ് നടപടിയിൽ രാജ്യമാകെ പ്രതിഷേധം ആളിപ്പടർന്നു.

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ദിവസം കായികതാരങ്ങളെ പോലീസ് കസ്റ്റഡിയിലെടുത്തതും രാജ്യത്തിന്റെ അഭിമാനമായി നേടിയ മെഡലുകൾ ഗംഗയിൽ ഒഴുക്കാൻ ഒരുങ്ങിയതും സമരത്തിന് ജനകീയ പിന്തപണയേറുന്നതിന് കാരണമായി. മറ്റ് സമരങ്ങളെപ്പോലെ തന്നെ ഈ സമരത്തെയും നിസ്സംഗമായാണ് മോദി നേരിട്ടത്. ഒരു വർഷത്തോളം രാജ്യത്തിന്റെ അഭിമാന കായിക താരങ്ങൾ സമരത്തിലേർപ്പെട്ടു. ഒടുവിൽ ബ്രിജ് ഭൂഷൺ ശരൺ സിംഗിന് സ്ഥാനം ഒഴിയേണ്ടി വന്നു. ലൈംഗികാതിക്രമണ പരാതിയിൽ കേസുകൾ രജിസ്റ്റർ ചെയ്യാൻ മോദി സർക്കാർ നിർബന്ധിതമായി.

Also Read – ഇന്ത്യ ജനാധിപത്യത്തിൻ്റെ മാതാവ്, അവിടെ യുവാക്കളുടെ രക്തം വീണു; രാജ്യസഭയിൽ ഡോ. ജോൺ ബ്രിട്ടാസ് എംപി

2019-2020 ലാണ് പൗരത്വഭേദഗതി, എൻആർസി എന്നിവയ്ക്കെതിരെ രാജ്യത്ത് സമരം കൊടുമ്പിരികൊള്ളുന്നത്. അതിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു പ്രതിഷേധമായിരുന്നു ഷഹീൻബാഗിലേത്. 2019 ഡിസംബർ 15-ന് ആരംഭിച്ച് 2020 മാർച്ച് 24 വരെ നീണ്ടുനിന്ന ഈ സമരം സ്ത്രീകളുടെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്. സമാധാനപരമായി സംഘടിപ്പിച്ച ധർണ്ണ സമരം രാജ്യത്തിന്റെയാകെ ശ്രദ്ധകേന്ദ്രീകരിച്ചു. കടുത്ത ശൈത്യത്തോട് പൊരുതിയാണ് സാധാരണക്കാരായ സ്ത്രീകൾ അമ്പത് ദിവസത്തോളം തെരുവിൽ സമരം ചെയ്തത്. എന്നാൽ കോവിഡ് 19 ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ സമരം അവസാനിപ്പിക്കേണ്ടി വരികയായിരുന്നു.

2019-2020 കാലത്ത് നടന്ന രാജ്യവ്യാപക വിദ്യാർത്ഥി പ്രക്ഷോഭങ്ങളാണ് മറ്റൊരു ശ്രദ്ധേയമായ സമരം. ജാമിയ മിലിയ ഇസ്ലാമിയ, ജെൻയു സർവ്വകലാശാലകളിൽ വിദ്യാർത്ഥികൾ സംഘടിപ്പിച്ച പോരാട്ടം രാജ്യത്താകെ പടർന്നു. പൗരത്വ ഭേദഗതി, എൻആർസി, ഫീസ് വർധന, പൊലീസ് നടപടികൾ തുടങ്ങിയ വിഷയങ്ങളുയർത്തിയാണ് പ്രതിഷേധം സംഘടിപ്പിക്കപ്പെട്ടത്. 2022 ലെ അഗ്നിപഥ് പ്രതിഷേധം, 2015 – 2016 ലെ വൺ റാങ്ക് വൺ പെൻഷൻ സമരം എന്നിവയും മോദി സർക്കാരിനെതിരെ സംഘടിപ്പിക്കപ്പെട്ട പ്രധാന സമരങ്ങളായിരുന്നു.

മോദി സർക്കാരിനെതിരെ രാജ്യംകണ്ട എല്ലാ പ്രക്ഷോഭങ്ങളുടെയും മുൻനിരയിലായിരുന്നു ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ഉണ്ടായിരുന്നത്. എന്നാൽ ജനകീയ പ്രക്ഷേഭങ്ങളെയെല്ലാം അടിച്ചമർത്തുന്ന സമീപനമാണ് മോദി സർക്കാർ സ്വീകരിച്ചിട്ടുള്ളത്. സമരം നടത്തുന്നവരെ തീവ്രവാദികൾ, വിഘടനവാദികൾ, തീവ്രവാദികൾ എന്നൊക്കെ വിളിച്ച് ആക്ഷേപിക്കുകയായിരുന്നു സംഘപരിവാർ. വിദ്യാർത്ഥിപ്രക്ഷോഭം വിജയിച്ചതോടെ സംഘപരിവാറിന്റെ ഇത്തരം തന്ത്രങ്ങൾ ഇനി വിലപ്പോകുമോ എന്നാണ് രാഷ്ട്രീയനിരീക്ഷകർ ഉറ്റുനോക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News