ശക്തമായ മഴ; ഇടുക്കിയിൽ വിനോദ സഞ്ചാരത്തിന് നിയന്ത്രണം, തോട്ടം മേഖലയിലും അപകട സാധ്യത

idukki

ഇടുക്കിയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും വിനോദസഞ്ചാരികളും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അറിയിച്ചു. അടിയന്തിര ആവശ്യങ്ങൾ ഒഴികെ ഇടുക്കിയിലേക്കുള്ള യാത്രകൾ പൂർണമായും ഒഴിവാക്കണം. നിലവിൽ ജില്ലയിലുള്ള എല്ലാ വിനോദസഞ്ചാരികളും സുരക്ഷിതമായ താമസസ്ഥലങ്ങളിൽ തന്നെ തുടരുകയും അനാവശ്യ യാത്രകളും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനവും ഒഴിവാക്കുകയും വേണം.

ജില്ലാ ഭരണകൂടവും ദുരന്തനിവാരണ അതോറിറ്റിയും നൽകുന്ന ഔദ്യോഗിക നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും കളക്ടർ അഭ്യർഥിച്ചു. ദുരന്ത പ്രതികരണ മാർഗരേഖയിലെ നിർദേശങ്ങൾക്ക് അനുസൃതമായി ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിക്കാൻ വിവിധ വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ദുരന്ത സാധ്യതാ മേഖലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ അധികൃതരുടെ നിർദേശം പാലിക്കണം.

also read: മഴക്കെടുതി; ‘രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനത്തിനും പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങണം’: സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌

ജില്ലയിലെ ജലാശയങ്ങളിലെ ബോട്ടിംഗ്, കയാക്കിംഗ്, റാഫ്റ്റിംഗ്, കുട്ടവഞ്ചി സവാരി ഉൾപ്പടെയുള്ള എല്ലാ ജലവിനോദങ്ങളും ദുരന്ത സാധ്യതാ മേഖലകളിലെ എല്ലാവിധ വിനോദ സഞ്ചാരങ്ങളും അലർട്ടുകൾ പിൻവലിക്കുന്നതു വരെ പിൻവലിച്ചു. ട്രക്കിംഗ് തുടങ്ങിയ സാഹസിക വിനോദങ്ങളും നിർത്തിവെച്ചു. റെഡ് അലർട്ട് പിൻവലിക്കുന്നതു വരെ മലയോര മേഖലയിൽ വൈകിട്ട് 7 മണി മുതൽ രാവിലെ 6 മണി വരെ യാത്ര നിരോധിച്ചു. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ഒഴികെയുള്ള എല്ലാ ഖനന പ്രവർത്തനങ്ങളും നിരോധിച്ചിട്ടുണ്ട്. ക്രെയിനുകൾ, മണ്ണുമാന്തി ഉൾപ്പടെയുള്ള യന്ത്രങ്ങൾ സജ്ജമാണെന്ന് ഉറപ്പാക്കാൻ ആർടിഒയ്ക്ക് നിർദേശം നൽകി. തോട്ടം മേഖലയിൽ അപകട സാധ്യത കണക്കിലെടുത്ത് എസ്റ്റേറ്റ് ഉടമകൾ ജാഗ്രത പുലർത്തണം.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News