സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലവർഷം കനത്ത നാശനഷ്ടങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇതുവരെ അഞ്ച് പേർക്ക് ജീവൻ നഷ്ടമായത് അത്യന്തം വേദനാജനകമാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. വീടുകളും കൃഷിയും ഉപജീവന മാർഗങ്ങളും നഷ്ടപ്പെട്ട് വലിയ ദുരിതമാണ് ജനങ്ങൾ നേരിടുന്നത്.
പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ ഒറ്റരാത്രികൊണ്ട് 331 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തിയത് സാഹചര്യത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. വയനാട്, ഇടുക്കി, കോട്ടയം തുടങ്ങിയ ജില്ലകളിലും ശക്തമായ മഴ തുടരുകയാണ്. 2018-ലെയും 2019-ലെയും അതിതീവ്ര മഴയും മേഘവിസ്ഫോടനത്തിന് സമാനമായ സാഹചര്യങ്ങളും മൂലം ഉണ്ടായ ദുരനുഭവങ്ങൾ നാം മറക്കരുത് എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അതിനാൽ തന്നെ നിലവിലെ കാലാവസ്ഥാ മുന്നറിയിപ്പുകളെ ഒട്ടും നിസ്സാരമായി കാണരുത്.
ദുരിതബാധിതരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ സർക്കാർ അടിയന്തരവും ഫലപ്രദവുമായ ഇടപെടൽ നടത്തണം എന്ന് അദ്ദേഹം പറഞ്ഞു. രക്ഷാപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും ദുരിതാശ്വാസ ക്യാമ്പുകളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും നാശനഷ്ടങ്ങൾക്ക് കാലതാമസമില്ലാതെ നഷ്ടപരിഹാരം നൽകുകയും വേണം. അതോടൊപ്പം, കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും, കാലാവസ്ഥാ വകുപ്പും മറ്റ് സർക്കാർ ഏജൻസികളും നൽകുന്ന മുന്നറിയിപ്പുകൾ ജനങ്ങൾ ഒരു കാരണവശാലും അവഗണിക്കരുത് എന്നും അദ്ദേഹം ഓർമിപ്പിച്ചു.
പോസ്റ്റിന്റെ പൂർണരൂപം
കാലവർഷക്കെടുതി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനജീവിതത്തെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. ഇതുവരെ 5 പേർ മരണപ്പെട്ടു എന്നത് അത്യന്തികം വേദനാജനകമാണ്. വീടുകളും കൃഷിയും ഉപജീവന മാർഗങ്ങളും നഷ്ടപ്പെട്ട് ജനങ്ങൾ വലിയ ദുരിതത്തെ അഭിമുഖീകരിക്കുകയാണ്.
റാന്നിയിൽ ഒറ്റരാത്രികൊണ്ട് 331 മില്ലിമീറ്ററിലധികം അതിതീവ്ര മഴ രേഖപ്പെടുത്തിയതും വയനാട്ടിലും ഇടുക്കിയിലും കോട്ടയത്തും ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുന്നതും അതീവ ജാഗ്രത ആവശ്യപ്പെടുന്ന സാഹചര്യമാണിതെന്ന താക്കീതാണ് നൽകുന്നത്. 2018-ലും 2019-ലും അതിതീവ്ര മഴയും മേഘവിസ്ഫോടനത്തിന് സമാനമായ മഴയും മൂലം നിരവധി പ്രദേശങ്ങൾ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ വെള്ളത്തിനടിയിലായ ദുരനുഭവങ്ങൾ നമുക്കെല്ലാവർക്കും ഓർമ്മയിലുണ്ട്.
അതുകൊണ്ടുതന്നെ നിലവിലെ മുന്നറിയിപ്പുകളെ അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ട്.
ദുരിതബാധിതരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ സർക്കാർ അടിയന്തരവും ഫലപ്രദവുമായ ഇടപെടൽ നടത്തണം.
രക്ഷാപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും ദുരിതാശ്വാസ ക്യാമ്പുകളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും നാശനഷ്ടങ്ങൾക്ക് കാലതാമസമില്ലാതെ നഷ്ടപരിഹാരം നൽകുകയും വേണം. അതോടൊപ്പം, കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും, കാലാവസ്ഥാ വകുപ്പും മറ്റ് സർക്കാർ ഏജൻസികളും നൽകുന്ന മുന്നറിയിപ്പുകൾ ജനങ്ങൾ ഒരു കാരണവശാലും അവഗണിക്കരുത്.
ഈ പ്രതിസന്ധിഘട്ടത്തിൽ ദുരിതപ്രദേശത്തെ ജനങ്ങൾക്കൊപ്പം ഉറച്ചുനിൽക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകുകയും അധികാരികളുമായി സഹകരിച്ച് പരമാവധി സഹായം ഉറപ്പാക്കുകയും ചെയ്യണം. ഈ പ്രയാസകരമായ സാഹചര്യത്തെ നേരിടാൻ നമുക്ക് ഒന്നിച്ചിറങ്ങാം. ജാഗ്രതയും ഐക്യദാർഢ്യവും കൊണ്ട് ഈ പ്രതിസന്ധിയെയും നമുക്ക് അതിജീവിക്കാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here