കോക്രോച്ച് ജനതാ പാർട്ടി വീണ്ടും സമരരംഗത്തേക്ക് വരുന്നു. കേന്ദ്ര സർക്കാർ രാജ്യത്തെ യുവാക്കളെ വഞ്ചിച്ചെന്നും അവരുടെ വിശ്വാസം തകർത്തെന്നും ആരോപിച്ചുകൊണ്ട് ആണ് സിജെപി വീണ്ടും സമരത്തിനിറങ്ങുന്നത്. നൽകിയ വാഗ്ദാനങ്ങൾ സർക്കാർ പാലിച്ചില്ലെങ്കിൽ ദില്ലിയിലെ ജന്തർ മന്തറിൽ വീണ്ടും ശക്തമായ സമരം ആരംഭിക്കുമെന്നാണ് ഇവർ പറയുന്നത്. അടുത്ത ഘട്ട സമരപരിപാടികള്‍ നാളെ പ്രഖ്യാപിക്കുമെന്ന് സിജെപി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കെതിരായ എഫ്‌ഐആറുകള്‍ പിന്‍വലിക്കുന്നതിലും റദ്ദാക്കുന്നതിലും കേന്ദ്രത്തിന് ഒളിച്ചുകളിയെന്ന് സിജെപി ചൂണ്ടിക്കാട്ടിയാണ് സമരത്തിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഒരു മാസത്തിലേറെ നീണ്ടുനിന്ന സമരം തങ്ങളുടെ ആവശ്യങ്ങൾ കേന്ദ്ര സർക്കാർ അംഗീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ ജൂലൈ 25-നാണ് സിജെപി അവസാനിപ്പിച്ചത്.
നീറ്റ് പേപ്പർ ചോർച്ചയെ തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് പരമാവധി ധനസഹായം നൽകുക, സമരക്കാർക്കെതിരെ കേന്ദ്ര സർക്കാരും എൻ.ഡി.എ ഭരിക്കുന്ന സംസ്ഥാനങ്ങളും എടുത്ത എല്ലാ എഫ്.ഐ.ആറുകളും പിൻവലിക്കുക, ഭാവിയിൽ അവർക്കെതിരെ നടപടികൾ എടുക്കാതിരിക്കുക, പരീക്ഷാ പരിഷ്കരണത്തിനായി സിജെപി മുന്നോട്ടുവെച്ച 5 ഇന നിർദ്ദേശങ്ങൾ സർക്കാർ ചർച്ച ചെയ്യുക എന്നിവയായിരുന്നു കേന്ദ്ര സർക്കാർ അന്ന് അംഗീകരിച്ച പ്രധാന ആവശ്യങ്ങൾ.
ALSO READ: യഷിൻ്റെ ‘ടോക്സിക്’ പ്രീ-റിലീസ് വേദിയിൽ അപകടം; സ്പീക്കർ സിസ്റ്റം തകർന്നുവീണ് 4 പേർക്ക് പരുക്ക്
എന്നാൽ, വിദ്യാർത്ഥികൾക്കെതിരെയുള്ള എഫ്.ഐ.ആറുകൾ റദ്ദാക്കുന്നത് സംബന്ധിച്ച് കോടതി ആവശ്യപ്പെട്ടിട്ടും എഫ്.ഐ.ആറുകളുടെ പട്ടിക കോടതിക്ക് നൽകാൻ കേന്ദ്ര സർക്കാർ ഇതുവരെ തയ്യാറായിട്ടില്ലെന്ന് സി.ജെ.പി പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഇത് യുവാക്കളോട് കാട്ടുന്ന വിശ്വാസവഞ്ചന ആണെന്ന് സംഘടന കുറ്റപ്പെടുത്തി.
സമരത്തെ തുടർന്ന് ധർമേന്ദ്ര പ്രധാൻ്റെ രാജി ഉറപ്പാക്കാൻ കഴിഞ്ഞെങ്കിലും, യുവാക്കൾക്ക് നൽകിയ ഓരോ വാഗ്ദാനങ്ങളും പൂർണ്ണമായി നടപ്പിലാക്കുന്നത് വരെ തങ്ങൾ വിശ്രമിക്കില്ലെന്ന് സി.ജെ.പി വ്യക്തമാക്കി. തുടർനടപടികൾ തീരുമാനിക്കുന്നതിനായി ഓഗസ്റ്റ് 24-ന് സംഘടന യോഗം ചേരുമെന്നും, രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികളും വോളന്റിയർമാരും അടുത്ത സമരത്തിനായി തയ്യാറെടുക്കണമെന്നും സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ, സഹ കൺവീനർ സൗരവ് ദാസ്, ലീഗൽ അഫയേഴ്സ് ലീഡ് രത്ന സിംഗ് എന്നിവർ മുന്നറിയിപ്പ് നൽകി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here