കൊടും ക്രമിനലായ കുറ്റവാളിയെ സംരക്ഷിക്കാൻ ഏത് ജനാധിപത്യ മൂല്യങ്ങളേയും നിയമ സംവിധാനത്തേയും തകർക്കുമെന്ന സന്ദേശമാണ് കോർപ്പറേഷൻ മേയറും കൂട്ടരും നടത്തുന്നതെന്ന് തിരുവനന്തപുരം നഗരസഭ പാർലിമെന്ററി പാർട്ടി നേതാവ് അഡ്വ എസ് പി ദീപക്. കാപ്പാ പ്രതിയെ സംരക്ഷിക്കാൻ നിയമവും ജനാധിപത്യവും കാറ്റിൽപ്പറത്തുകയാണ് മേയറെന്നും സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അഡ്വ. എസ് പി ദീപക് ആവശ്യപ്പെട്ടു. ഇന്ന് ചേർന്ന തിരുവനന്തപുരം നഗരസഭാ കൗൺസിൽ യോഗത്തിൽ മേയർ സ്വീകരിച്ച നിലപാടുകളും നടപടികളും ജനാധിപത്യവിരുദ്ധവും നിയമവിരുദ്ധവും ഏകപക്ഷീയവുമാണ്. കാപ്പാ കേസിൽ കരുതൽ തടങ്കലിൽ കഴിയുന്ന വഴോട്ടുകോണം വാർഡ് കൗൺസിലർ ആർ. സുഗതന് ആറുമാസത്തെ അവധി അനുവദിച്ച നടപടി നിയമവിരുദ്ധമായ ഉദ്ദേശ്യത്തോടെയാണ് കൊണ്ടുവന്നത്. കൗൺസിൽ അംഗങ്ങൾക്ക് അനുവദിക്കുന്ന അവധി എന്നത് അസാധാരണ സാഹചര്യങ്ങളിൽ യോഗങ്ങളിൽ പങ്കെടുക്കാൻ കഴിയാത്തപ്പോൾ നൽകുന്ന ആനുകൂല്യമാണ്. സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം, 2007 (കാപ്പാ) പ്രകാരം കരുതൽ തടങ്കലിൽ കഴിയുന്ന ഒരാളെ കൗൺസിലർ സ്ഥാനത്ത് നിലനിർത്താനും തുടർച്ചയായ അസാന്നിധ്യം മൂലമുണ്ടാകാവുന്ന അയോഗ്യത ഒഴിവാക്കാനുമുള്ള ഉപാധിയായി ഈ വ്യവസ്ഥയെ ഉപയോഗിക്കാനാവില്ല.
ഈ ഗുരുതര നിയമപ്രശ്നം കൗൺസിലിൽ ഉന്നയിക്കാൻ ശ്രമിച്ച എൽ.ഡി.എഫ് കൗൺസിലർമാർക്ക് സംസാരിക്കാനുള്ള അവസരം പോലും നിഷേധിക്കുകയും ബലപ്രയോഗത്തിലൂടെ മൈക്ക് ഓഫ് ചെയ്യുകയും ചെയ്ത മേയറുടെ നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. കേരള മുനിസിപ്പാലിറ്റി ആക്ട്, 1994-ലോ കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം, 2007-ലോ കാപ്പാ പ്രകാരം കരുതൽ തടങ്കലിൽ കഴിയുന്ന ഒരു കൗൺസിലർക്ക് പ്രത്യേക അവധിയോ ഇളവോ അനുവദിക്കുന്ന വ്യവസ്ഥയില്ല. എന്നിട്ടും കേരള സർക്കാരിന്റെയും ആഭ്യന്തര വകുപ്പിന്റെയും ഒത്താശയോടെ നിയമവിരുദ്ധമായ ഉത്തരവ് പുറപ്പെടുവിച്ച് കാപ്പാ പ്രതിയായ ആർ. സുഗതനെ കൗൺസിലർ സ്ഥാനത്ത് തുടരാൻ സഹായിക്കുന്ന നടപടികളാണ് മേയറും ഭരണസമിതിയും സ്വീകരിച്ചിരിക്കുന്നത്. ഈ നിയമവിരുദ്ധ നീക്കത്തിന് നഗരസഭാ സെക്രട്ടറിയും കൂട്ടുനിൽക്കുകയാണ്. ഇക്കാര്യത്തിൽ നഗരസഭാ സെക്രട്ടറിക്ക് എൽ.ഡി.എഫ് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. ബന്ധപ്പെട്ട മന്ത്രിക്ക് വിശദമായ പരാതിയും സമർപ്പിക്കും. നിയമവിരുദ്ധ ഉത്തരവ് അടിയന്തരമായി പിൻവലിച്ച് വിഷയത്തിൽ സർക്കാർ ഇടപെടണം. അല്ലാത്തപക്ഷം ഈ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കുന്നതടക്കമുള്ള നിയമനടപടികളിലേക്ക് എൽ.ഡി.എഫ് കടക്കും.
അതേസമയം നഗരവാസികൾ മാലിന്യ സംസ്കരണം, കുടിവെള്ള വിതരണം, തെരുവുനായ ശല്യം, തകർന്ന റോഡുകൾ തുടങ്ങി അടിസ്ഥാന പ്രശ്നങ്ങളാൽ ദുരിതമനുഭവിക്കുമ്പോൾ, അവ പരിഹരിക്കുന്നതിന് പകരം ഏകദേശം 300 കോടി രൂപ ചെലവഴിച്ചുള്ള പുതിയ ആഡംബര ബഹുനില നഗരസഭാ മന്ദിര നിർമ്മാണമാണ് കൗൺസിലിന്റെ പ്രധാന അജണ്ടയാക്കിയത്. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ അവഗണിച്ച് ആഡംബര പദ്ധതികൾക്ക് മുൻഗണന നൽകുന്ന ഭരണസമിതിയുടെ ജനവിരുദ്ധ സമീപനമാണ് ഇതിലൂടെ വെളിവാകുന്നത്. ജനജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളേക്കാൾ കാപ്പാ പ്രതിയെ സംരക്ഷിക്കുന്നതിനും ആഡംബര പദ്ധതികൾക്കും പ്രാധാന്യം നൽകുന്ന മേയറുടെയും ഭരണസമിതിയുടെയും നടപടി ശക്തമായി പ്രതിഷേധാർഹമാണ്.
ഇന്ന് നഗരസഭയിൽ നടന്ന കൗൺസിൽ യോഗം ഇതിന് തെളിവാണ്. മുൻ നിശ്ചയ പ്രകാരമുള്ള അജണ്ടകൾ അനുസരിച്ചാണ് കൗൺസിൽ യോഗം നടത്തേണ്ടത്. എന്നാൽ അജണ്ടയിൽ ഉൾപ്പെടുത്താതെ കൗൺസിലിൽ അവതരിപ്പിച്ച് പ്രതിപക്ഷ കൗൺസിലർമാരെപ്പോലും സംസാരിക്കാൻ അനുവദിക്കാതെ ഭരണകക്ഷി കൗൺസിലർ മാർ തന്നെ മുൻ നിശ്ചയ പ്രകാരം ബഹളമുണ്ടാക്കി കാപ്പാ കേസിലെ പ്രതിയും ജയിലിൽ കഴിയുന്നതുമായ സുഗതനെ സംരക്ഷിക്കാൻ തുനിഞ്ഞിറങ്ങിയത് ജനാധിപത്യ മൂല്യത്തിന് ബിജെപി നേതൃത്വം യാതൊരു വിലയും നൽകുന്നില്ല എന്നതിന്റെ തെളിവാണന്ന് ദീപക് പറഞ്ഞു. ഭരണഘടന ലംഘനം നടത്തി സത്യപ്രതിഞ്ജ ചെയ്തവർക്ക് ഇതും ഇതിലപ്പുറവും ചെയ്യാൻ മടി ഇല്ല എന്ന് ഇന്നത്തെ കൗൺസിൽ യോഗത്തിൽ ബിജെപി നേതൃത്വം തെളിയിച്ചു. ഇതിലും ഭേദം ഇനിയുള്ള കൗൺസിൽ യോഗങ്ങൾ വിയ്യൂർ സെൻട്രൽ ജയിലിൽ വച്ച് നടത്തി കൂടേ എന്ന് ദീപക് പരിഹസിച്ചു. ഭരണ സംവിധാനത്തെ കുറിച്ച് യാതൊരു പിടിപാടുമില്ലാതെ പ്രതിപക്ഷത്തിരുന്ന് മുദ്രാവാക്യം വിളിക്കുന്നത് പോലെയാണ് ഭരണം എന്ന് തെറ്റിദ്ധരിച്ചിരിക്കയാണ് മേയറും കൂട്ടരും എന്ന് ദീപക് പറഞ്ഞു.നിയമത്തെ വളച്ചൊടിച്ച് കാപ്പാ പ്രതിയെ സംരക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും എതിരെ ജനകീയവും നിയമപരവുമായ പോരാട്ടം തുടരുമെന്ന് അഡ്വ. എസ്.പി. ദീപക് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here