കൗമാരക്കരുത്തിൽ കൊച്ചിക്കെതിരെ തക‍ർപ്പൻ വിജയവുമായി തൃശൂ‍ർ

Kerala Cricket League 2026_ Thrissur Titans vs Kochi Blue Tigers

കെസിഎല്ലിലെ ആവേശപ്പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സിനെ തോല്പിച്ച് തൃശൂർ ടൈറ്റൻസ്. തോൽവിയുടെ വക്കിൽ നിന്നും ഉജ്ജ്വലമായി തിരിച്ചുവന്നാണ് ടൈറ്റൻസ് നാല് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയത്. കൗമാര താരങ്ങളായ കെ.ആർ. രോഹിതിന്റെയും മൊഹമ്മദ് ഇനാന്റെയും ഉജ്ജ്വല ഇന്നിങ്സുകളാണ് തൃശൂരിന് വിജയം ഒരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറിൽ ആറ് വിക്കറ്റിന് 172 റൺസെടുത്തു. മഴയെ തുടർന്ന് ഒൻപത് ഓവറിൽ 83 റൺസായി പുതുക്കി നിശ്ചയിച്ച വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ തൃശൂർ, നാല് പന്തുകൾ ബാക്കിനിൽക്കെ ലക്ഷ്യത്തിലെത്തി.

തൃശൂരിനെതിരെ പുതിയൊരു ഓപ്പണിങ് കൂട്ടുകെട്ടുമായിട്ടായിരുന്നു കൊച്ചി കളിക്കാനിറങ്ങിയത്. വിനൂപ് മനോഹരനൊപ്പം ഇന്നിങ്സ് തുറന്ന ജോബിൻ ജോബി തകർപ്പൻ തുടക്കമാണ് ടീമിന് നൽകിയത്. ആനന്ദ് ജോസഫിനെ ആദ്യ ഓവറിൽ രണ്ട് തവണ അതിർത്തി കടത്തിയ ജോബിൻ, ആസിഫ് സലാം എറിഞ്ഞ രണ്ടാം ഓവറിൽ തുടരെ ഒരു സിക്സും രണ്ട് ഫോറും നേടി. മറുവശത്ത് വിനൂപ് മനോഹരനും തകർത്തടിച്ചതോടെ 4.3 ഓവറിൽ കൊച്ചിയുടെ സ്കോർ അമ്പത് കടന്നു. 18 പന്തുകളിൽ 33 റൺസെടുത്ത ജോബിൻ, ആനന്ദ് ജോസഫിന്റെ പന്തിൽ അഹമ്മദ് ഇമ്രാൻ ക്യാച്ചെടുത്താണ് പുറത്തായത്. തുടർന്നെത്തിയ മൊഹമ്മദ് ഷാനു ആദ്യ രണ്ട് പന്തുകളിലും ബൗണ്ടറിയുമായാണ് തുടങ്ങിയതെങ്കിലും എട്ട് റൺസെടുത്ത് പുറത്തായി. 33 റൺസെടുത്ത വിനൂപ് മനോഹരനെ എം.എസ്. അഖിൽ ക്ലീൻ ബൗൾഡാക്കിയതോടെ കൊച്ചിയുടെ റണ്ണൊഴുക്കിന് ബ്രേക്ക് വീണു.

തുടർന്നെത്തിയ പി.കെ. മിഥുൻ 11-ഉം ആദി അഭിലാഷ് 14-ഉം കാർത്തിക് ബി. നായർ ആറും റൺസെടുത്ത് പുറത്തായി. മധ്യനിര തകർന്നടിഞ്ഞപ്പോഴും അവസാന ഓവറുകളിൽ തകർത്തടിച്ച സച്ചിൻ സുരേഷും ആൽഫി ഫ്രാൻസിസ് ജോണും ചേർന്ന് 29 പന്തുകളിൽ നേടിയ 50 റൺസാണ് കൊച്ചിയെ 172 എന്ന മികച്ച സ്കോറിലെത്തിച്ചത്. സച്ചിൻ 23-ഉം ആൽഫി 27-ഉം റൺസുമായി പുറത്താകാതെ നിന്നു. തൃശൂരിനായി എം.എസ്. അഖിലും ബിജു നാരായണനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തൃശൂരിന് കൗമാരതാരം കെ.ആർ. രോഹിത് തകർപ്പൻ ഷോട്ടുകളുമായി മികച്ച തുടക്കം നൽകി. തൃശൂർ 5.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 48 റൺസെടുത്ത് നിൽക്കെ മഴ മൂലം കളി തടസ്സപ്പെട്ടു. വിജയലക്ഷ്യം ഒൻപത് ഓവറിൽ 83 റൺസായി പുനർനിശ്ചയിച്ചതോടെ തൃശൂരിന് ജയിക്കാൻ വേണ്ടിയിരുന്നത് 22 പന്തുകളിൽ 35 റൺസാണ്. എന്നാൽ കളി പുനരാരംഭിച്ച് ആദ്യ രണ്ട് പന്തുകളിൽ തന്നെ കെ.ആർ. രോഹിതും (35) എ.കെ. അർജുനും (0) മടങ്ങി. തൊട്ടടുത്ത ഓവറിൽ സഞ്ജീവ് സതീശനും (4) നിഖിൽ തോട്ടത്തും (0) കൂടി മടങ്ങിയതോടെ ആറ് വിക്കറ്റിന് 56 റൺസെന്ന നിലയിലായിരുന്നു ടൈറ്റൻസ്.

Also Read – ഉസെെൻ ​​ബോൾട്ടിൻ്റെ റെക്കോർഡ് മറികടന്ന് ചെെനീസ് ഹ്യൂമനോയ്ഡ് റോബോട്ട്; 100 മീറ്റർ ഓടിയെത്തിയത് 9.39 സെക്കൻ്റിൽ

നാല് വിക്കറ്റുകൾ ശേഷിക്കെ ജയിക്കാൻ വേണ്ടത് 14 പന്തുകളിൽ നിന്ന് 27 റൺസ്. കളി കൈവിട്ടെന്ന് തോന്നിച്ച ഘട്ടത്തിൽ ക്രീസിലെത്തിയ മൊഹമ്മദ് ഇനാന്റെ തകർപ്പൻ പ്രകടനമാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. ബേസിൽ തമ്പി എറിഞ്ഞ എട്ടാം ഓവറിൽ തുടരെ രണ്ട് സിക്സും ഒരു ഫോറും നേടിയാണ് ഇനാൻ, കളി തൃശൂരിന് അനുകൂലമാക്കിയത്. നാല് പന്തുകൾ ബാക്കിനിൽക്കെ ടൈറ്റൻസ് ലക്ഷ്യത്തിലെത്തി. മുഹമ്മദ് ഇനാൻ 18ഉം എം എസ് അഖിൽ 16ഉം റൺസുമായി പുറത്താകാതെ നിന്നു. കൊച്ചിക്ക് വേണ്ടി ബേസിൽ തമ്പി രണ്ട് വിക്കറ്റ് വീഴ്ത്തി.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News