കെ എം ബഷീർ വധക്കേസ്: ശ്രീറാമിന്റെ രക്തം പുരണ്ട വസ്ത്രങ്ങൾ ക്വാർട്ടേഴ്സിലേക്ക് മാറ്റി, കോടതിയിൽ സാക്ഷികളുടെ നിർണായക മൊഴി

K M Basheer Death Case trail

മാധ്യമ പ്രവർത്തകൻ കെ. എം. ബഷീർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിൽ പ്രതിയായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ വിചാരണക്കോടതിയിൽ സാക്ഷികളുടെ നിർണായക മൊഴി. അപകടസമയത്ത് ശ്രീറാം ധരിച്ചിരുന്ന രക്തം പുരണ്ട വസ്ത്രങ്ങൾ അദ്ദേഹത്തിന്റെ ക്വാർട്ടേഴ്സിലേക്ക് മാറ്റിയതായി സുഹൃത്തും ഡോക്ടറുമായ അനീഷ് രാജ് തിരുവനന്തപുരം നാലാം അഡിഷണൽ സെഷൻസ് കോടതിയിൽ മൊഴി നൽകി.

അപകടത്തിന് ശേഷം ശ്രീറാം ധരിച്ചിരുന്ന രക്തം പുരണ്ട വസ്ത്രങ്ങൾ കവടിയാറിലെ സിവിൽ സർവീസ് ക്വാർട്ടേഴ്സിൽ കൊണ്ടുപോയി വെക്കുകയായിരുന്നു. തുടർന്ന് പുതിയ വസ്ത്രങ്ങൾ ധരിപ്പിച്ച ശേഷമാണ് ശ്രീറാമിനെ കിംസ് ആശുപത്രിയിൽ എത്തിച്ചതെന്ന് പത്താം സാക്ഷിയായ ഡോ. അനീഷ് രാജ് പറഞ്ഞു. കവടിയാറിലെ ക്വാർട്ടേഴ്സിൽ വെച്ചിരുന്ന രക്തം പുരണ്ട ടി-ഷർട്ടും ജീൻസും പിന്നീട് പൊലീസിന് എടുത്തുനൽകിയത് ശ്രീറാമിന്റെ ഐ.എ.എസ് അക്കാഡമിയിലെ സഹപാഠിയായിരുന്ന താനാണെന്ന് പതിനൊന്നാം സാക്ഷിയായ അമരീന്ദ്ര സിങ് കോടതിയിൽ വ്യക്തമാക്കി.

ALSO READ: മുഖ്യമന്ത്രിയുടെ ചങ്ങാത്തം ലഹരിക്കടത്തുകാരുമായി; കാസർഗോഡ് എംഡിഎംഎയുമായി പിടിയിലായ കോൺഗ്രസുകാർ വി ഡി സതീശന്റെ അടുപ്പക്കാർ

എന്നാൽ, അന്ന് പൊലീസിന് നൽകിയ അതേ വസ്ത്രങ്ങൾ തന്നെയാണോ ഇപ്പോൾ കോടതിയിൽ കാണിച്ചത് എന്ന പ്രതിഭാഗത്തിന്റെ ചോദ്യത്തിന് “വ്യക്തമായി ഓർമയില്ല” എന്നാണ് ഇരുസാക്ഷികളും മറുപടി നൽകിയത്. കേസിലെ ഏക പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ, അപകടകരമായും മദ്യപിച്ചും വാഹനമോടിക്കൽ, തെളിവ് നശിപ്പിക്കൽ എന്നീ ഗുരുതര വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ചിരുന്ന അമിതവേഗതയിലുള്ള കാറിടിച്ച് മാധ്യമപ്രവർത്തകനായ കെ. എം. ബഷീർ കൊല്ലപ്പെടുന്നത്. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ബി. എസ്. രാജേഷ് കോടതിയിൽ ഹാജരായി. വിചാരണ നടപടികൾ പുരോഗമിക്കുകയാണ്.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News