കാപ്പാ കേസ് പ്രതിയായ ബിജെപി കൗൺസിലറെ സംരക്ഷിക്കാൻ തദ്ദേശ-ആഭ്യന്തര വകുപ്പുകളുടെ അസാധാരണ ഇടപെടൽ: വി ശിവൻകുട്ടി

V Sivankutty on BJP Councillor

ജയിലിൽ കഴിയുന്ന കാപ്പാ കേസ് പ്രതിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ബിജെപി കൗൺസിലർ ആർ സു​ഗതന് അവധി അനുവദിച്ച തിരുവനന്തപുരം കോർപറേഷന്റെ അസാധാരണ തീരുമാനത്തിനെതിരെ വി ശിവൻകുട്ടി. ബിജെപി കൗൺസിലറെ സംരക്ഷിക്കാൻ തദ്ദേശ-ആഭ്യന്തര വകുപ്പുകൾ അസാധാരണമായ ഇടപെടൽ നടത്തിയെന്ന് അദ്ദേഹം പറഞ്ഞു. സുഗതന്റെ കോർപ്പറേഷൻ കൗൺസിലർ സ്ഥാനം നിലനിർത്തുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പും ആഭ്യന്തര വകുപ്പും അസാധാരണമായ രണ്ട് ഉത്തരവുകളാണ് പുറപ്പെടുവിച്ചതെന്ന് മുൻ മന്ത്രി ചൂണ്ടിക്കാട്ടി.

തദ്ദേശ സ്വയംഭരണ വകുപ്പ് ഈ മാസം 18-നും തൊട്ടുപിന്നാലെ ആഭ്യന്തര വകുപ്പ് 20-ാം തീയതിയുമാണ് അതിവേഗത്തിൽ ഉത്തരവുകൾ ഇറക്കിയത്. മൂന്ന് കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാത്ത കൗൺസിലറെ അയോഗ്യനാക്കാതിരിക്കാനാണ് ഈ നീക്കമെന്നും ഇത് നിയമവിരുദ്ധമാണെന്നും വി ശിവൻകുട്ടി ആരോപിച്ചു. മൂന്ന് കൗൺസിൽ യോഗങ്ങളിൽ സുഗതൻ പങ്കെടുത്തില്ല. അതിന്റെ മിനുട്ട്സ് നശിപ്പിക്കുകയാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.

ALSO READ: പിഎം ശ്രീ നടപ്പിലാക്കാൻ യുഡിഎഫിന് എന്തിനാണിത്ര വ്യ​ഗ്രത? പദ്ധതിയിൽ ഒരു തുടർ നടപടിയും എൽഡിഎഫ് സർക്കാർ സ്വീകരിച്ചിരുന്നില്ല: പിണറായി വിജയൻ

അതേസമയം ഫയലുകൾ താൻ കണ്ടിട്ടില്ലെന്നാണ് ആഭ്യന്തര മന്ത്രിയുടെ വിശദീകരണം. എങ്കിൽ മന്ത്രി അറിയാതെ ഏത് ഉദ്യോഗസ്ഥനാണ് ഇതിൽ ഒപ്പിട്ടതെന്ന് അന്വേഷിക്കണമെന്നും അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും മുൻ മന്ത്രി ആവശ്യപ്പെട്ടു. ഈ വിവാദ ഉത്തരവുകൾ അടിയന്തിരമായി റദ്ദാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

കാപ്പാ പ്രതിയെ സംരക്ഷിക്കുന്നതിനായി കോൺഗ്രസും മുസ്ലിം ലീഗും ബിജെപിയുമായി രഹസ്യ ധാരണയിലാണെന്നും അ​​ദ്ദേഹം ആരോപിച്ചു. ബിജെപി നേതാവായ കുറ്റവാളിയെ രക്ഷിക്കാൻ മുസ്ലിം ലീഗ് ശ്രമിക്കുന്നുവെന്നും യുഡിഎഫും ബിജെപിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണ് ഈ രേഖകളെന്നും അദ്ദേഹം വിമർശിച്ചു. തിരുവനന്തപുരം നഗരസഭയിൽ വികസന പ്രവർത്തനങ്ങൾ ചർച്ചകളില്ലാതെ പാസാക്കുന്ന രീതി അവസാനിപ്പിക്കണമെന്നും തദ്ദേശ വകുപ്പ് മന്ത്രി വിഷയത്തിൽ ഇടപെടണമെന്നും വി ശിവൻകുട്ടി ആവശ്യപ്പെട്ടു.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News