വെള്ളത്തിനും വിഴുങ്ങാനാവില്ല ഐഫോണിനെ; ഐഫോണ്‍ 6എസിന്റെയും 6 എസ് പ്ലസിന്റെയും വാട്ടര്‍പ്രൂഫ് പരിശോധന വിജയകരം

ഐഫോണ്‍ എന്നാല്‍ ഐഫോണ്‍ തന്നെ. പുതിയ സാങ്കേതിക വിദ്യകള്‍ എന്നും മൊബൈല്‍ ഫോണ്‍ പ്രേമികള്‍ക്ക് പരിചയപ്പെടുത്തിയിട്ടുള്ള ആപ്പിള്‍ വീണ്ടും അത്ഭുതപ്പെടുത്തുകയാണ്. നിങ്ങളുടെ പുതിയ ഐഫോണ്‍ 6എസും 6 എസ് പ്ലസും വെള്ളത്തിനും വിഴുങ്ങാനാവില്ല. ഐഫോണ്‍ 6 എസും 6 എസ് പ്ലസും വെള്ളത്തിലിട്ടാലും ഒന്നും സംഭവിക്കില്ലെന്ന് വീഡിയോയിലൂടെ തെളിയുന്നു. ഐഫോണ്‍ 6എസും 6 എസ് പ്ലസും വളയ്ക്കാന്‍ കഴിയില്ലെന്ന് നേരത്തെ പരിശോധനകളിലൂടെ തെളിയിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ഒരു മണിക്കൂറില്‍ അധികം സമയം ഫോണ്‍ വെള്ളത്തിലിട്ടാലും ഫോണിന് തകരാര്‍ സംഭവിക്കുന്നില്ലെന്നാണ് വീഡിയോ തെളിയിക്കുന്നത്.

യൂട്യൂബറായ സാക് സ്റ്റേര്‍ലിയാണ് എട്ടുമിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തത്. വീഡിയോയില്‍ കാണുന്നത് ഇങ്ങനെ. ഐഫോണ്‍ 6എസും 6 എസ് പ്ലസും വെവ്വേറെ പാത്രങ്ങളില്‍ വെള്ളം നിറച്ച് അതില്‍ ഒരു മണിക്കൂര്‍ ഇട്ടുവയ്ക്കുന്നു. 30 മിനിറ്റ് കഴിഞ്ഞപ്പോഴും 45 മിനിറ്റ് കഴിഞ്ഞപ്പോഴും സാക് ഫോണ്‍ എടുത്ത് പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് നോക്കി. ഒരു മണിക്കൂറില്‍ അധികം ഫോണുകള്‍ രണ്ടും പാത്രങ്ങളിലെ വെള്ളത്തില്‍ കിടന്നിട്ടും പ്രവര്‍ത്തനത്തിന് യാതൊരു പ്രശ്‌നവുമുണ്ടായില്ല.

രണ്ടുദിവസം കഴിഞ്ഞ് മറ്റൊരു വീഡിയോ കൂടി സാക് പോസ്റ്റ് ചെയ്തു. വെള്ളത്തില്‍ കിടന്നതിനുശേഷം ഫോണുകള്‍ക്ക് എന്തുസംഭവിച്ചു എന്നാണ് രണ്ടാമത്തെ വീഡിയോയില്‍ കാണാനാവുക. ഐഫോണ്‍ 6എസിന്റെ സ്‌ക്രീനില്‍ നെടുകെ ഒരു വര വീണതൊഴിച്ചാല്‍ പ്രവര്‍ത്തനത്തിന് യാതൊരു പ്രശ്‌നവുമില്ല. രണ്ട് ഫോണുകളും കാര്യക്ഷമമായി തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വീഡിയോയില്‍ വ്യക്തമാകുന്നു. വാട്ടര്‍പ്രൂഫ് ആണ് 6 എസും 6 എസ് പ്ലസും എന്ന് ആപ്പിള്‍ ഇതുവരെ എവിടെയും അവകാശപ്പെട്ടിരുന്നില്ല. എന്നിട്ടു പോലും ഫോണ്‍ വെള്ളത്തിലിട്ടാലും തകരാറിലാകുന്നില്ലെന്നാണ് തെളിയുന്നത്.

സോണിയാണ് ആദ്യം വാട്ടര്‍പ്രൂഫ് ഫോണുകള്‍ എത്തിച്ചത്. എക്‌സ്പീരിയ ഫോണുകളിലൂടെയായിരുന്നു ഇത്. എന്നാല്‍, ഇപ്പോള്‍ സോണി തന്നെ ഫോണുകള്‍ വെള്ളത്തില്‍ ഇട്ട് പരീക്ഷിക്കരുതെന്ന് ഉപയോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News