കൊച്ചിയില്‍ ഓട്ടോ ഓടിക്കാന്‍ ഇനി പൈലറ്റുമാര്‍; സൗജന്യ സൈക്കിള്‍ യാത്ര വാഗ്ദാനം ചെയ്ത് മെട്രോ

മെട്രോ ഉദ്ഘാടനത്തോടെ അടിമുടി മാറാന്‍ ഒരുങ്ങുകയാണ് കൊച്ചിയിലെ ഗതാഗതം. കൊച്ചി മെട്രോയും വാട്ടര്‍ മെട്രോയും പുതിയ ബസ് കമ്പനികളും പൈലറ്റുമാര്‍ ഓടിക്കുന്ന ഓട്ടോറിക്ഷയും ഒക്കെ ചേരുമ്പോള്‍ അഴിച്ചുപണി സമഗ്രം.

വലിയ പരിഷ്‌ക്കാരം വരുന്നത് സിറ്റി ബസ് സര്‍വ്വീസിലാണ്. നിലവിലുള്ള സിറ്റി സര്‍വ്വീസ് ബസുകള്‍ ഒരുമിച്ച് ചേര്‍ത്ത് ഏഴ് ബസ് കമ്പനികള്‍ നിലവില്‍ വരും. കൊച്ചി വീല്‍സ് , മൈ മെട്രോ അങ്ങനെ പല പേരുകളില്‍. ആദ്യ കമ്പനി 15 ന് നിലവില്‍ വരും. കമ്പനിയുടെ കീഴില്‍ വരുന്ന 163 ബസുകളില്‍ അന്ന് മുതല്‍ ഒറ്റ ടിക്കറ്റാവും. വരുമാനം പങ്കിടുകയാണ് ലക്ഷ്യം. മെട്രോ നിലവില്‍ വരുന്നതോടെ ഉണ്ടാകുന്ന വരുമാന നഷ്ടം മറികടക്കാനാണ് ശ്രമം

നഗരത്തിലെ ഓട്ടോഡ്രൈവര്‍ന്മാരാണ് മാറാന്‍ പോകുന്ന മറ്റൊരു കൂട്ടര്‍. നഗരത്തില്‍ ഇനി ഓട്ടോഡ്രൈവര്‍മാരില്ല, പകരം ഓട്ടോ പൈലറ്റുമാരാവും ഡ്രൈവിംഗ് സീറ്റില്‍ ഉണ്ടാവുക. ഇതില്‍ മാത്രമല്ല മാറ്റം വരുന്നത്. ഇനി ഡ്രൈവര്‍മാര്‍ക്കു ഏകീകൃത യൂണിഫോമും ഓട്ടോറിക്ഷകള്‍ക്കു പ്രത്യേക ലോഗോയുമുണ്ടാകും. ഓണ്‍ലൈന്‍ ടാക്‌സി പോലെ വീട്ടുമുറ്റത്തുനിന്നും ഓട്ടോ വിളിക്കാനുള്ള സൗകര്യമാണ് ഒപ്പം ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് സൊസൈറ്റി രൂപീകരിക്കാന്‍ ഓട്ടോറിക്ഷാ തൊഴിലാളി സംഘടനകളും കെഎംആര്‍എല്‍ അധികൃതരും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനത്തിലായിട്ടുണ്ട്. വിശാലകൊച്ചി മേഖലയിലും ഗോശ്രീ പ്രദേശത്തുമുള്ള 15,000 ഓട്ടോറിക്ഷകളാണ് ഇതിന്റെ ഭാഗമാവുക. സാധാരണ രീതിയിലുള്ള ഓട്ടോ സര്‍വീസ്, ആപ്പിലൂടെ ഓട്ടോ വിളിക്കാവുന്ന സംവിധാനം, ഫീഡര്‍ ഓട്ടോ എന്നിങ്ങനെ മൂന്നുതരം സംവിധാനമാണു നിലവില്‍ വരിക.

കൂടാതെ സൗജന്യ സൈക്കിള്‍ സവാരിക്കും മെട്രോ അവസരമൊരുക്കുന്നുണ്ട് . പരിസ്ഥിതി സൗഹൃദ പൊതുഗതാഗതമാണ് ലക്ഷ്യം . നഗരത്തില്‍ നാലിടത്ത് റാക്കില്‍ വച്ചിരിക്കുന്ന സൈക്കിളുകള്‍ ആവശ്യക്കാര്‍ക്ക് എടുത്ത് ചവിട്ടാം . പണം നല്‍കേണ്ടതില്ല . സൈക്കിള്‍ ക്ലബ്ബില്‍ എസ് എം എസ് വഴി അംഗത്വമെടുക്കുന്നവര്‍ക്ക് സൈക്കിള്‍ ഉപയോഗിക്കാം . മാസത്തില്‍ 100 മണിക്കൂര്‍ വരെയാണ് പരമാവധി ഉപയോഗം . സൈക്കിളുകള്‍ക്ക് മാത്രമായി പ്രത്യേകവഴികളും ഒരുക്കും .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here