സഹോദരനെ വെടിവെച്ച് കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് ബിജെപി എംപി; ഗുരുതരമായി ആരോപണവുമായി കഫീല്‍ ഖാന്‍

ബിജെപി എംപിയ്‌ക്കെതിരെ ഗുരുതരമായി ആരോപണവുമായി ഡോക്ടര്‍ കഫീല്‍ ഖാന്‍ രംഗത്ത്. തന്റെ സഹോദരനെ വെടിവെച്ച് കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് ബിജെപി എംപിയായ കമലേഷ് പാസ്വാനാണെന്നും കേസ് അന്വേഷണം പൊലീസില്‍ നിന്ന് മാറ്റണമെന്നും കഫീല്‍ഖാന്‍ ആവശ്യപ്പെട്ടു.

വലത് നെഞ്ചിലും കയ്യിലും വെടിയേറ്റ കാഷിഫ് ജമീലിനെ വെടിവെക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ബി.ജെ.പി എം.പി കമലേഷ് പാസ്വാനാണെന്ന് ഡോ കഫീല്‍ ഖാന്‍.

തന്റെ അമ്മാവന്റെ സ്ഥലത്ത് ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മിക്കാന്‍ ബി.ജെ.പി എം.പി നടത്തിയ കടന്നുകയറ്റത്തിനെതിരെ പരാതി നല്‍കിയതിന്റെ പ്രതികാരമാണ് വെടിവെപ്പെന്നും കഫീല്‍ ഖാന്‍ ആരോപിച്ചു.

കമലേഷ് പാസ്വാനും ബല്‍ദേവ് പ്ലാസ ഉടമ സതിഷ് നന്‍ഗലിയയുമാണ് അക്രമികളെ വാടകക്കെടുത്തതെന്ന് കഫീല്‍ ഖാന്‍ പറഞ്ഞു. സംഭവത്തിന് പിന്നില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരാണെന്ന് കഫീല്‍ ഖാന്‍ സംഭവ ദിവസം തന്നെ ആരോപണമുയര്‍ത്തിയിരുന്നു.

തന്റെ കുടുംബത്തിന് വധ ഭീഷണി ഉണ്ടെന്നും സംരക്ഷണം അത്യാവശ്യമാണെന്നും കഫീല്‍ ഖാന്റെ മാതാവും ആവശ്യപ്പെട്ടിരുന്നു. കമലേഷ് പാസ്വാനും സതിഷിനുമെതിരെ കഴിഞ്ഞ ഫെബ്രുവരിയില്‍ കയ്യേറ്റ പരാതി രജിസ്റ്റര്‍ ചെയ്തിരുന്നു.

എന്നാല്‍ ഹൈകോടതിയില്‍ പോയാണ് ഇരുവരും അറസ്റ്റ് ഒഴിവാക്കിയതെന്നും കഫീല്‍ ഖാന്‍ പറഞ്ഞു. സഹോദരനെ ആക്രമിച്ചവരെ 48 മണിക്കൂറിനകം അറസ്റ്റ് ചെയ്യുമെന്നാണ് ഉറപ്പ് ലഭിച്ചത്.

ഇതുവരെ അറസ്റ്റ് ഉണ്ടായിട്ടില്ല. കേസ് സിബിഐയോ ഹൈക്കോടതി ജഡ്ജിയോ അന്വേഷിക്കണമെന്നും കഫീല്‍ ഖാന്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ഓഗസ്റ്റില്‍ ഗൊരഖ്പൂരിലെ ബി ആര്‍ ഡി ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത ഡോ.കഫീല്‍ അഹമ്മദ് ഖാന് ഈ വര്‍ഷം എപ്രിലില്‍ ആണ് ജാമ്യം ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here