വൈവിധ്യങ്ങള്‍ നിറഞ്ഞ രാജ്യത്തെ ഒറ്റ ചരടില്‍ ചേര്‍ത്തുകെട്ടുക പ്രയാസം നിറഞ്ഞത്; ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

ഭരണഘടന എന്താണെന്ന് വ്യക്തമാക്കുന്നതാണ് ഭരണഘടനാ അസംബ്ലി സംവാദങ്ങളെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍.

ഭരണഘടനാ മൂല്യങ്ങളെക്കുറിച്ച് നമ്മള്‍ സ്ഥിരമായി സംസാരിക്കുന്നു. പക്ഷേ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളുടെ അടിസ്ഥാനമെന്തെന്ന് അറിയില്ലെന്നും അന്നത്തെ സാമൂഹിക സാഹചര്യങ്ങള്‍ പ്രതിഫലിക്കുന്നതാണ് രാജ്യത്തിന്റെ ഭരണഘടനയെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. കേരള സര്‍വകലാശാല നിയമ പഠന വകുപ്പ് സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍.

വൈവിധ്യങ്ങള്‍ നിറഞ്ഞ രാജ്യത്തെ ഒറ്റ ചരടില്‍ ചേര്‍ത്തുകെട്ടുക പ്രയാസം നിറഞ്ഞതാണ്. എന്നാല്‍ അങ്ങനെ ചേര്‍ത്തുവച്ച ആശയസംഹിതയാണ് ഭരണഘടന.

കമ്യൂണിസ്റ്റ് നേതാവ് എം. എന്‍. റേ ആണ് ഭരണഘടനാ അസംബ്ലി എന്ന നിര്‍ദേശം ആദ്യമായി മുന്നോട്ട് വച്ചത്. നമ്മുടെ ഭരണഘടന നമ്മള്‍ തന്നെ നിര്‍മ്മിക്കുമെന്നും ബ്രിട്ടീഷുകാര്‍ മുന്നോട്ട് വയ്ക്കുന്ന ഭരണഘടന ആവശ്യമില്ലെന്നും ആണ് അക്കാലത്ത് ചര്‍ച്ച ചെയ്തത്. ആ ആവശ്യത്തെ തടയാന്‍ ആവില്ലെന്ന് ബ്രിട്ടീഷ് ഭരണകൂടം മനസിലാക്കി. അങ്ങനെയാണ് ഭരണഘടനാ നിര്‍മ്മാണ സഭയുടെ തുടക്കം.ഭരണഘടനാ അസംബ്ലിയില്‍ പതിനഞ്ച് വനിതകള്‍ ഉണ്ടായിരുന്നത് അന്നത്തെ സാഹചര്യത്തില്‍ വലിയ കാര്യമാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

രാജ്യം ഉള്ളിടത്തോളം കാലംവരെ നിലനില്‍ക്കുന്ന ഭരണഘടനയാണ് സംവാദത്തിലൂടെ നിര്‍മ്മിച്ചത്. അടുത്ത നൂറ്റാണ്ടിലേക്കും രാജ്യത്തെ നയിക്കാന്‍ കഴിയുന്നതാണ് നമ്മുടെ ഭരണഘടന. ഭരണഘടനാ അനുസൃതമാണോ ഒരു നിയമമെന്ന് പരിശോധിക്കാന്‍ കോടതിക്ക് ഭരണഘടന തന്നെ അധികാരം നല്‍കുന്നുണ്ട്. അമേരിക്ക പോലെയുള്ള രാജ്യങ്ങളില്‍ പ്രത്യേക വിധിന്യായത്തിലൂടെ ആണ് ജുഡീഷ്യറിക്ക് അതിന് അവസരം ലഭിച്ചത് എന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

സംഘടിക്കാനും പ്രതിഷേധിക്കാനുമുള്ള മൗലികാവകാശം ഭരണഘടന പത്തൊന്‍പതാം അനുച്ഛേദത്തിലൂടെ ഉറപ്പുനല്‍കുന്നു. എന്നാല്‍ അതിലൂടെ ജനങ്ങളെ ബുദ്ധിമുട്ടിക്കാനുള്ള അവകാശം ഭരണഘടന നല്‍കുന്നില്ല. ഭരണഘടനയുടെ പതിനേഴാം അനുച്ഛേദത്തിലൂടെ ഇല്ലാതാക്കിയ അയിത്തത്തിന്റെ പുതിയ വ്യാഖ്യാനമാണ് ശബരിമല സ്ത്രീപ്രവേശന വിധിയുടെ അടിസ്ഥാനം. മൗലിക അവകാശങ്ങളെയും ചുമതലകളെയും കുറിച്ച് ബോധവാനായിരിക്കണം. സ്‌കൂള്‍ തലം മുതല്‍ ഭരണഘടന പഠിപ്പിക്കണം. ഇതിനായി ഗവേഷണങ്ങള്‍ നടത്തണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

ഭരണഘടനാ നിര്‍മ്മാണ സഭാ സംവാദങ്ങള്‍ സംബന്ധിച്ച ദ്വിദിന ദേശീയ സെമിനാറിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. സമാപന ചടങ്ങില്‍ നിയമപഠന വകുപ്പ് മേധാവി ഡോ. സിന്ധു തുളസീധരന്‍ സ്വാഗതം പറഞ്ഞു. സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ പ്രൊഫ. (ഡോ.) പി. പി. അജയകുമാര്‍ അധ്യക്ഷനായിരുന്നു. ഡോ. എന്‍. എല്‍. സജി കുമാര്‍, ഡോ. സി. കെ. രാകേന്ദു എന്നിവര്‍ സംസാരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News