തൃശ്ശൂര്‍: തൃശ്ശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ രാവിലെ കെഎസ്ആര്‍ടിസിബസ് യാത്രക്കാര്‍ക്കിടയിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടത് കാഴ്ചശേഷിയില്ലാത്ത രണ്ടുപേര്‍. ചെര്‍പുളശ്ശേരി സ്വദേശി വിനോദ്, പട്ടാമ്പി സ്വദേശി രജീഷ് എന്നിവരാണ് മരിച്ചത്. ഇരുവരും അന്ധ ക്രിക്കറ്റ് താരങ്ങളാണ്. ബ്ലൈന്‍ഡ് ക്രിക്കറ്റ് കമ്മിറ്റിയുടെ യോഗത്തില്‍ പങ്കെടുക്കാന്‍ കൊച്ചിയിലേക്കുള്ള യാത്രക്കിടെയാണ് ഇരുവര്‍ക്കും അപകടമുണ്ടായത്.

രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്. ആദ്യ ഓട്ടത്തിനായി സ്റ്റാന്‍ഡിലേക്ക് വരുകയായിരുന്ന തൃശ്ശൂര്‍-പാലക്കാട് റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി എസി ലോഫ്‌ളോര്‍ ബസ്, സ്റ്റാന്‍ഡില്‍ ബസ് കാത്തിരുന്നവര്‍ക്കിടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. കാത്തിരിപ്പുകാര്‍ക്കും സ്റ്റാന്‍ഡിനും ഇടയ്ക്കുള്ള മതിലും തകര്‍ത്താണ് ബസ് പാഞ്ഞുകയറിയത്.