ദില്ലി: ബലക്കുറവില്‍ സ്ത്രീകളാണ് മുന്നില്‍ എന്ന് കരുതിയെങ്കില്‍ തെറ്റി. രാജ്യത്തെ എണ്‍പത് ശതമാനം പുരുഷന്മാരും ബലഹീനരെന്ന് കണ്ടെത്തല്‍. ഡോക്ടര്‍മാരുടെ ഭാഷയില്‍ ഒസ്റ്റോപൊറോസിസ് എന്നറിയപ്പെടുന്ന രോഗത്തിന് അടിമകളാണ് രാജ്യത്തെ പുരുഷന്മാരില്‍ ഭൂരിപക്ഷവും. ഒസ്റ്റോപൊറോസിസ് എന്നാല്‍ അസ്ഥിക്ഷതമുള്ളവര്‍ എന്നര്‍ത്ഥം. സ്ത്രീകള്‍ക്ക് ആര്‍ത്തവ വിരാമത്തിന് ശേഷം സംഭവിക്കാവുന്ന ഈ രോഗം ഭൂരിപക്ഷം പുരുഷന്മാരെയും ബാധിക്കുന്നു. ജീവിതത്തിന്റെ നല്ല കാലത്തുതന്നെ പുരുഷന്മാര്‍ ഈ അവസ്ഥയിലേക്കെത്തുന്നു എന്നതാണ് ഞെട്ടിക്കുന്ന വസ്തുത.
പുരുഷന്മാരുടെ എല്ലുകള്‍ ദുര്‍ബലമാണ്. എളുപ്പം പൊട്ടുന്നതുമാണെന്നാണ് ആരോഗ്യസര്‍വ്വേയില്‍ കണ്ടെത്തിയത്. എസ്ആര്‍എല്‍ ഡയഗ്നോസ്റ്റിക്‌സ് എന്ന സ്ഥാപനമാണ് സര്‍വേ നടത്തിയത്. 73 ലക്ഷം പുരുഷന്മാരിലായി വന്‍ സര്‍വേയാണ് സ്ഥാപനം നടത്തിയത്. മൂന്ന് വര്‍ഷത്തോളമെടുത്താണ് എസ്ആര്‍എല്‍ഡി ആരോഗ്യസര്‍വേ പൂര്‍ത്തിയാക്കിയത്. 2012- 14 വര്‍ഷക്കാലയളവില്‍ നടത്തിയ സര്‍വേയുടെ ഫലം ക്രോഡീകരിക്കാന്‍ മാത്രം ഒന്നര വര്‍ഷത്തിലധികം സമയമെടുത്തു. രാജ്യത്താകെ നടത്തിയ ആരോഗ്യസര്‍വ്വേയാണിതെന്ന് അറിയുമ്പോള്‍ നമ്മുടെ നാട്ടിലെ പുരുഷന്മാരുടെ ആരോഗ്യാവസ്ഥ എത്രത്തോളം ഗുരുതരമാണെന്ന് ബോധ്യമാകും.
അസ്ഥി ക്ഷയത്തിന്റെ പ്രധാന കാരണവും സര്‍വേയില്‍ കണ്ടെത്തിയിട്ടുണ്ട്. വിറ്റാമിന്‍ ഡി, കാല്‍സ്യം എന്നിവയില്‍ ഉണ്ടാവുന്ന കുറവാണ് അസ്ഥിക്ഷയത്തിന് പിന്നിലെ വില്ലന്‍. ഇവയുടെ കുറവു മൂലം എല്ലുകള്‍ എളുപ്പം ഒടിയാന്‍ സാധ്യത കൂടുതലാണ്. പുകവലിയും മദ്യപാനവും അസ്ഥിക്ഷയത്തിന്റെ കാരണങ്ങളിലൊന്നാണ്.
പാരമ്പര്യമായും ഈ രോഗം വരാം. വേണ്ടത്ര വ്യായാമം ഇല്ലാത്തതും അസ്ഥിക്ഷയത്തിന് കാരണമാകും. അസ്ഥിക്ഷയത്തെ നേരത്തെ തിരിച്ചറിയാന്‍ മാര്‍ഗമില്ല. മിക്കവാറും എല്ലുകള്‍ പൊട്ടി ആശുപത്രിയില്‍ എത്തുമ്പോഴാവും രോഗം തിരിച്ചറിയുക. എക്‌സ് – റേയും മറ്റ് പരിശോധനകള്‍ വഴിയും എല്ലുകളുടെ ശക്തി പരിശോധിച്ചാല്‍ മാത്രമേ രോഗത്തെ തിരിച്ചറിയാനാവൂ.
അസ്ഥിക്ഷയത്തിന് അടിപ്പെട്ടാല്‍ കഠിനമായ ചര്യകള്‍ രോഗിക്ക് പാലിക്കേണ്ടി വരും. പുകവലി, മദ്യപാനം എന്നിവ കര്‍ശനമായും ഒഴിവാക്കണം. അസ്ഥികളുടെ ശക്തി തിരികെ നേടുവാന്‍ ആവശ്യമായ വ്യായാമവും രോഗി ചെയ്യണം. കാല്‍സ്യം, വിറ്റാമിന്‍ ഡി എന്നിവ ഭക്ഷണ ക്രമത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുന്നതും അസ്ഥിക്ഷയത്തെ പ്രതിരോധിക്കാന്‍ ശരിയായ മാര്‍ഗമാണ്.
Get real time update about this post categories directly on your device, subscribe now.
Discussion about this post