ദില്ലി: പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ ദേശീയ പാതകളില്‍ യുദ്ധവിമാനങ്ങള്‍ക്ക് ലാന്‍ഡിംഗിനും പറന്നുയരാനുമുള്ള സൗകര്യം ഒരുക്കണമെന്ന് വ്യോമസേന. ഇക്കാര്യത്തില്‍ ലാന്‍ഡിംഗിനു പറ്റിയ ദേശീയപാതകളുടെ വിശദാംശങ്ങള്‍ നല്‍കണമെന്ന് വ്യോമസേന ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെട്ടു. അടിയന്തര ഘട്ടങ്ങളില്‍ ലാന്‍ഡിംഗിനു പറ്റിയ രീതിയില്‍ ദേശീയപാതകള്‍ സജ്ജീകരിക്കണമെന്നും വ്യോമസേന ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ ലാന്‍ഡിംഗ് ടേക് ഓഫ് സൗകര്യമുള്ള റണ്‍വേകള്‍ ആയി വികസിപ്പിക്കാനുള്ള പദ്ധതിയുടെ വിശദാംശങ്ങള്‍ നല്‍കണമെന്നും വ്യോമസേന ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
രാജസ്ഥാന്‍, ഗുജറാത്ത്, പഞ്ചാബ് എന്നിങ്ങനെ അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ ഏതെങ്കിലുമായിരിക്കും ഇതിനായി തെരഞ്ഞെടുക്കുക. മുന്‍ഗണനാ അടിസ്ഥാനത്തില്‍ ഈ മൂന്ന് സംസ്ഥാനങ്ങളും പരിഗണനാ പട്ടികയിലുണ്ട്. രാജസ്ഥാനിലും പഞ്ചാബിലുമായി ഇത്തരം എട്ട് ഹൈവേകള്‍ കണ്ടെത്തിയിട്ടുണ്ട്. കുറച്ചു റോഡുകള്‍ കൂടി ഇത്തരത്തില്‍ മാറ്റിയെടുക്കേണ്ടി വരും. ജൂലൈയില്‍ മിറാഷ് 2000 വിമാനം യമുന ഹൈവേയില്‍ ഇറങ്ങിയതിനു തൊട്ടുപിന്നാലെയാണ് ഇത്തരം ആശയവുമായി വ്യോമസേന ദേശീയപാതാ അതോറിറ്റിയെ സമീപിച്ചത്. ഉന്നത നിലവാരമുള്ള ഹൈവേകള്‍ എപ്രകാരം റണ്‍വേകളുടെ നിലവാരത്തിലേക്കു മാറ്റി ലാന്‍ഡിംഗും ടേക്ഓഫും സാധ്യമാക്കാമെന്ന് ആരാഞ്ഞു. അടുത്ത 10 വര്‍ഷത്തിനകം റോഡുകള്‍ ലാന്‍ഡിംഗിന് അനുയോജ്യമായ രീതിയില്‍ മാറ്റിയെടുക്കാനുതകുന്ന പ്ലാന്‍ സമര്‍പ്പിക്കാന്‍ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വ്യോമസേനാ ആസ്ഥാനത്തു നിന്നും ജനവാസ കേന്ദ്രങ്ങളില്‍ നിന്നും ഏറെ അകലയെയായിരിക്കും ഈ റോഡുകള്‍ രൂപകല്‍പന ചെയ്യുക. സിമന്റ് കോണ്‍ക്രീറ്റ് കൊണ്ട് ഉപയോഗിച്ച 5 കിലോമീറ്റര്‍ വരെ നീളമുള്ള പാതകളാണ് റണ്‍വേക്കായി പൊതുവെ ഉപയോഗിക്കുന്നത്. സമര്‍പ്പിക്കപ്പെടുന്ന പദ്ധതിയില്‍ ഇക്കാര്യങ്ങളും ഉള്‍പ്പെട്ടിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. കാരണം ഹൈവേകളും പ്രധാന നവീകരണം വരുമ്പോഴോ ബൈപാസുകള്‍ നിര്‍മ്മിക്കുമ്പോഴോ ഇത് ഉപകാരപ്പെടുമെന്നാണ് വ്യോമസേന പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here