സോണി സോരിയുടെ കുടുംബത്തിന് പൊലീസ് ഭീഷണി; സഹോദരിയും ഭര്‍ത്താവും പൊലീസ് കസ്റ്റഡിയില്‍; സോണിയെ കൊല്ലുമെന്ന് ഐജിയുടെ ഭീഷണി

ദില്ലി: സാമൂഹ്യപ്രവര്‍ത്തകയും ആംആദ്മി പാര്‍ട്ടി നേതാവുമായ സോണി സോരിയുടെ കുടുംബത്തിന് പൊലീസ് ഭീഷണി. ആസിഡാക്രമണത്തിന്റെ പേരില്‍ സോണിയുടെ പിതാവിനും സഹോദരിക്കും നേരെയാണ് പൊലീസ് ഭീഷണി ഉയര്‍ത്തുന്നത്.

ആസിഡാക്രമണം സഹോദരി ഭര്‍ത്താവിന്റെ തലയില്‍കെട്ടിവയ്ക്കാനുള്ള നീക്കമാണ് പൊലീസ് നടത്തുന്നതെന്ന് സോണിയുടെ അഭിഭാഷകര്‍ പറയുന്നു. വ്യാഴാഴ്ച്ച മുതല്‍ സഹോദരിയുടെ ഭര്‍ത്താവ് അജയ് മര്‍ക പൊലീസ് കസ്റ്റഡിയിലാണ്. സഹോദരിയും നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായ ധ്വനേഷരി മര്‍കത്തിനെ ഹോസ്റ്റലില്‍ നിന്നിറക്കി കൊണ്ട് പോയി അജ്ഞാത കേന്ദ്രത്തില്‍ വച്ച് ചോദ്യം ചെയ്‌തെന്നും സോണി പറയുന്നു. സഹോദരി ഇപ്പോഴും എവിടെയാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. തന്റെ പിതാവിനെതിരെയും വധഭീഷണി ഉയര്‍ന്നതായി സോണി ബസ്തര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഐജി എസ്ആര്‍പി കല്ലുരി പരാതിയുമായി വന്ന സോണിയുടെ പിതാവ് അടക്കമുള്ളവരോടു അശ്ലീല ചുവയില്‍ സംസാരിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും സോണിയുടെ അഭിഭാഷകര്‍ പറയുന്നു. സോണിയെ കൊല്ലുമെന്ന് പിതാവിന്റെ മുന്നില്‍ വച്ചു കല്ലുരി പറഞ്ഞതായും അഭിഭാഷകര്‍ പറയുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സോണി ഡിജിപിക്ക് കത്ത് നല്‍കി.

ദിവസങ്ങള്‍ക്ക് മുന്‍പാണ് അജ്ഞാതരായ മൂന്നംഗ സംഘം സോണിക്ക് നേരെ ആസിഡാക്രമണം നടത്തിയത്. സംഘം സോണിയെ തടഞ്ഞു നിര്‍ത്തി രാസവസ്തു മുഖത്തേക്ക് ഒഴിക്കുകയായിരുന്നു.

2011ല്‍ ഛത്തീസ്ഗഢില്‍ വച്ച് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ദില്ലി പൊലീസിന്റെ ക്രൈംബ്രാഞ്ച് സോണിയെ അറസ്റ്റു ചെയ്തിരുന്നു. ജയിലില്‍ കഴിയുന്ന സമയത്ത് സോണിയെ പൊലീസ് ക്രൂരമായി പീഡിപ്പിക്കുകയും ലൈംഗികമായി ആക്രമിക്കുകയും ചെയ്തിരുന്നു. 2013 ഏപ്രിലില്‍ തെളിവുകളുടെ അഭാവത്തില്‍ കോടതി സോണിക്കെതിരെ ചുമത്തിയ എട്ടില്‍ ആറു കേസുകളില്‍ നിന്നും അവരെ കുറ്റവിമുക്തയാക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News