കണ്ണൂരില്‍ യുവതി പോലീസ് സ്റ്റേഷനിൽ കയറി എസ്ഐയെയും വനിത പൊലീസ് ഓഫീസറേയും ആക്രമിച്ചു

പോലീസ് സ്റ്റേഷനിൽ കയറി യുവതി എസ്.ഐ യെയും വനിത പോലീസ് ഓഫീസറേയും ആക്രമിച്ചു. കണ്ണൂർ പഴയങ്ങാടി പൊലീസ് സ്റ്റേഷനിലാണ് സംഭവം. പൊലീസുകാരെ കയ്യേറ്റം ചെയ്ത യുവതി പേപ്പർ വെയിറ്റ് ഉപയോഗിച്ച് അലമാരയുടെ ഗ്ലാസ് തല്ലിപ്പൊളിക്കുകയും ചെയ്തു.

പഴയങ്ങാടി സ്റ്റേഷനിലെ എസ് ഐ ബിനു മോഹൻ,സിവിൽ പോലീസ് ഓഫീസർമാരായ കെ ലീന, പ്രജീഷ് എന്നിവർക്കാണ് യുവതിയുടെ അക്രമത്തിൽ പരിക്കേറ്റത്.കാസറഗോഡ് സ്വദേശിനി കെ ദിവ്യ ആണ് പഴയങ്ങാടി പോലീസ് സ്റ്റേഷനിൽ കയറി എസ് ഐ യെയും പൊലീസുകാരെയും ആക്രമിച്ചത്.

ഭർത്താവുമായി പിണങ്ങി കഴിയുന്ന യുവതി സ്വർണാഭരണങ്ങൾ തിരിച്ചു വാങ്ങാൻ തളിപ്പറമ്പ് പോലീസിൽ പരാതി നൽകിയിരുന്നു. ബിനു മോഹൻ തളിപ്പറമ്പ് എസ് ഐ ആയിരുന്ന സമയത്തായിരുന്നു ഈ സംഭവം.

കേസുമായി ബന്ധപ്പെട്ട സംഭവങ്ങൾ ചർച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ടാണ് യുവതി പഴയങ്ങാടി സ്റ്റേഷനിൽ എത്തിയത്. യുവതിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതിനാൽ വനിതാ പോലീസിന്റെ സാനിധ്യത്തിൽ മാത്രമേ സംസാരിക്കാൻ കഴിയൂ എന്ന് എസ് ഐ വ്യക്തമാക്കി.

ഇതോടെയാണ് ദിവ്യ വാതിൽ തള്ളിത്തുറന്ന് എസ് ഐ യുടെ കാബിനിൽ കയറിയത്.തടയാൻ ശ്രമിച്ച വനിതാ പൊലീസ് ഓഫീസറെ തള്ളിമാറ്റി അകത്തു കയറിയ യുവതി പേപ്പർ വെയിറ്റ് വലിച്ചെറിയുകയും എസ് ഐ യെ ആക്രമിക്കുകയും ചെയ്തു.

അക്രമസക്തയായ യുവതിയെ വനിതാ പൊലീസുകാർ മൽപ്പിടിത്തതിലൂടെ ആണ് കീഴടക്കിയത്.എസ് ഐ യും പോലീസുകാരും താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തൽ,അതിക്രമിച്ചു കടക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്ത് പോലീസ് കേസെടുത്ത യുവതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News