ആര്‍ എസ് എസ് ബന്ധമുള്ള വ്യക്തിയുടെയും അംബാനിയുടെയും അഴിമതി പൂഴ്ത്തിവെക്കാൻ കോടികൾ വാഗ്ദാനം ലഭിച്ചു; സത്യപാല്‍ മാലിക്ക്

ആർ എസ് എസ് ബന്ധമുള്ള വ്യക്തിയുടെയും അംബാനിയുടെയും അഴിമതി പൂഴ്ത്തിവെക്കാൻ കോടികൾ വാഗ്ദാനം ലഭിച്ചെന്ന് ജമ്മു കാശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്ക്. 300 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാൽ താൻ വഴങ്ങിയില്ലെന്നും സത്യപാൽ മാലിക്ക് വെളിപ്പെടുത്തി. കാശ്മീരിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ അഴിമതി നടക്കുന്നതെന്നും സത്യപാൽ മാലിക്ക് ആരോപിച്ചു.

അംബാനിയുമായും ആർഎസ്എസ് ബന്ധമുള്ള വ്യക്തിയുമായും ബന്ധപ്പെട്ട രണ്ട് ഫയലുകൾക്ക് അനുമതി നൽകിയാൽ 300 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തിരുന്നതായാണ് സത്യപാൽ മാലിക്ക് വെളിപ്പെടുത്തിയത്. ഗവർണറായി ജമ്മു കശ്മീരിൽ ചുമതലയേറ്റ ശേഷം രണ്ട് ഫയലുകൾ അനുമതിക്കായി മുന്നിൽ വന്നിരുന്നെന്നും, വലിയ അഴിമതി ഒതുക്കി തീർക്കുവാൻ തന്നെ പലരും നിർബന്ധിച്ചുവെന്നും സത്യപാൽ മാലിക്ക് വ്യക്തമാക്കി.

രണ്ട് ഫയലുകളിൽ ഒന്ന് അനിൽ അംബാനിയുടെ കമ്പനിയുമായും മറ്റൊന്ന് ആർഎസ്എസ് ബന്ധമുള്ള വ്യക്തിയുടെയും ആയിരുന്നുവെന്നും സത്യപാൽ മാലിക്ക് വെളിപ്പെടുത്തി. ആർഎസ്എസ് ബന്ധമുള്ള വ്യക്തി മെഹബൂബ മുഫ്തി സർക്കാരിൽ മന്ത്രിയായിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഏറെ അടുപ്പമുള്ള വ്യക്തിയാണെന്നും വ്യക്തിയുടെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും സത്യപാൽ പറഞ്ഞു. അഴിമതി ആരോപണം ഉയർന്ന രണ്ട് ഫയലുകൾക്ക് അനുമതി നൽകിയാൽ ഫയലിന് 150 കോടി എന്ന നിലയിൽ പ്രതിഫലം നൽകുമെന്ന് അറിയിപ്പ് ലഭിച്ചിരുന്നെങ്കിലും താൻ ഫയൽ തള്ളുകയായിരുന്നുവെന്നും സത്യപാൽ പറഞ്ഞു.

പ്രസ്തുത ഫയലുകൾ സർക്കാർ ജീവനക്കാരുടെ ഇൻഷുറൻസ് പദ്ധതിയുമായി ബന്ധപ്പെട്ട ഫയലാണെന്നാണ് നിലവിലുള്ള സൂചന. കാശ്മീരാണു രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സ്ഥലമെന്നും മുൻ ഗവർണർ ആരോപിച്ചു. നേരത്തെ കാശ്മീർ ഏറ്റുമുട്ടൽ വിഷയത്തിലും ലഖിംപുർ കൂട്ടക്കൊലയിലും ബിജെപിയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് സത്യപാൽ മാലിക് രംഗത്ത് എത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News