മിക്ക വാഹന പ്രീയരുടേയും ഇഷ്ട കാര്‍ ടാറ്റയുടേതാണ്. ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളില്‍ ടോപ്പ് സെല്ലിങ്ങ് പട്ടം ചാര്‍ത്തി കിട്ടിയ വാഹനമാണ് ടാറ്റ നെക്‌സോണ്‍ ഇ.വി.
312 കിലോമീറ്റര്‍ റേഞ്ചുമായെത്തിയ ഈ വാഹനം ഇലക്ട്രിക് വാഹന വിപണിയുടെ 60 ശതമാനവും സ്വന്തമാക്കുകയായിരുന്നു. ഈ വാഹനത്തിന് ലഭിച്ച സ്വീകാര്യത വര്‍ധിപ്പിക്കുന്നതിനായി കൂടുതല്‍ റേഞ്ചുമായി ഈ ഇലക്ട്രിക് എസ്.യു.വിയുടെ പുതിയ പതിപ്പ് നിരത്തുകളില്‍ എത്തിക്കാനുള്ള നീക്കത്തിലാണ് ടാറ്റ മോട്ടോഴ്‌സ് എന്നാണ് റിപ്പോര്‍ട്ട്.
കൂടുതല്‍ ശേഷിയുള്ള ബാറ്ററിയുമായായിരിക്കും പുതിയ നെക്‌സോണ്‍ ഇ.വി. എത്തുകയെന്നാണ് വിവരം. ഇപ്പോള്‍ നിരത്തുകളിലുള്ള മോഡലില്‍ 30.2 kWh ബാറ്ററിയാണ് നല്‍കിയിട്ടുള്ളതെങ്കില്‍ പുതിയ മോഡലില്‍ 40 kWh ബാറ്ററി ഒരുക്കാനാണ് നിര്‍മാതാക്കളുടെ നീക്കം. പുതിയ ബാറ്ററി നല്‍കുന്നതോടെ റേഞ്ച് 30 ശതമാനം ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 400 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിലുള്ള മോഡലിന് 312 കിലോമീറ്റര്‍ റേഞ്ച് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും പല ഡ്രൈവിങ്ങ് സാഹചര്യത്തിന്റെ അടിസ്ഥാനത്തില്‍ ഇതില്‍ വലിയ മാറ്റമുണ്ടാകുന്നുണ്ടെന്നാണ് വിവരം. എന്നാല്‍, പുതിയ പതിപ്പില്‍ ഏത് സാഹചര്യത്തില്‍ ഏറ്റവും കുറഞ്ഞത് 320 കിലോമീറ്റര്‍ റേഞ്ച് ഉറപ്പാക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. നിര്‍മാണത്തിലും പരീക്ഷണയോട്ടത്തിലുമുള്ള ഈ വാഹനം ഏപ്രില്‍ മാസത്തോടെ നിരത്തുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നെക്‌സോണ്‍ ഇലക്ട്രിക്കിന് നിലവില്‍ 14.29 ലക്ഷം രൂപ മുതല്‍ 16.90 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില. അതേസമയം, പുതിയ മോഡല്‍ എത്തുന്നതോടെ വിലയില്‍ മാറ്റമുണ്ടായേക്കും. മൂന്ന് ലക്ഷം രൂപയോളം ഉയര്‍ന്നേക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ പോലും നെക്‌സോണ്‍ ഇ.വിയുടെ എതിരാളികളെക്കാള്‍ കുറഞ്ഞ വിലയില്‍ ഈ വാഹനം ഉപയോക്താക്കളില്‍ എത്തിക്കാന്‍ കഴിയും. എം.ജി. EZ EV, ഹ്യുണ്ടായി കോന എന്നിവയാണ് നെക്‌സോണിന്റെ എതിരാളികള്‍.
ടാറ്റ വികസിപ്പിച്ചെടുത്ത സിപ്‌ട്രോണ്‍ ഇലക്ട്രിക് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയാണ് നെക്‌സോണ്‍ ഇവി ഒരുങ്ങിയിരിക്കുന്നത്. ഐപി 67 സര്‍ട്ടിഫൈഡ് ലിഥിയം അയേണ്‍ ബാറ്ററിയാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 129 ബിഎച്ച്പി പവറും 254 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന മോട്ടോറാണ് ഇതില്‍ നല്‍കിയിരിക്കുന്നത്. ടാറ്റയുടെ ഇലക്ട്രിക് സെഡാന്‍ വാഹനമായ ടിഗോറും സിപ്‌ട്രോണ്‍ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായാണ് ഒരുങ്ങിയിട്ടുള്ളത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here