
ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ചാക്കോച്ചന്റെ (Kunchacko Boban) ദേവദൂതര്‍ പാടി എന്ന വീഡിയോയാണ്. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു. എന്നാല്‍ സോഷ്യല്‍മീഡിയ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് വൈറലായ ചാക്കോച്ചന്റെ ആ ഡ്യൂപ്പിനെയാണ്. ഇപ്പോള്‍ നിങ്ങള്‍ക്ക് ആളെ പിടികിട്ടിയിട്ടുണ്ടാകും. അതെ ആ ആള് തന്നെ.. ഭാസ്‌കര്‍ അരവിന്ദ് ( Bhaskar Aravind ).
ഭാസ്‌കറിന്റെ ഡാന്‍സ് കണ്ട് ഒരു നിമിഷം ഇത് ചാക്കോച്ചന്‍ തന്നെ അല്ലേ എന്ന് ചിന്തിക്കാത്തവര്‍ വളരെ വിരളമാണ്. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ ചാക്കോച്ചന്റെ ഡാന്‍സിലെ അതേ കോസ്റ്റ്യൂമില്‍, അതേ വേഷത്തില്‍ ഭാസ്‌കര്‍ ഡാന്‍സ് ചെയ്ത് സമ്മളെ ഓരോരുത്തേയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുകയായിരുന്നു.
ഭാസ്‌കര്‍ കൈരളി ന്യൂസിനോട് മനസ് തുറക്കുന്നു….
ഒരുപാട് പ്ലാന്‍ ചെയ്‌തോ മുന്‍കൂട്ടി നിശ്ചയിച്ചോ ഒന്നും ചെയ്തതായിരുന്നില്ല ആ ഡാന്‍സ്. വെറും ഒരു മണിക്കൂർകൊണ്ടാണ് ഡാന്‍സിന്റെ കോസ്റ്റ്യൂം സെറ്റാക്കിയതും ട്രയല്‍ നോക്കിയതും ഫൈനല്‍ ഔട്ട് എടുത്തതും. എന്തിനും കട്ട സപ്പോര്‍ട്ടായി കുടുംബവും കൂട്ടുകാരും ഉള്ളതാണ് തന്‍റെ വിജയം.
ചാക്കോച്ചന്റെ വീഡിയോ ഇറങ്ങിക്കഴിഞ്ഞപ്പോള്‍ തന്നെ കൂട്ടുകാരന്‍ അരുണ്‍ മോഹന്‍ മെസ്സേജ് അയച്ചു, ”ഈ വീഡിയോ നീ ചെയ്താല്‍ നന്നായിരിക്കും.. നീ പെട്ടന്നൊരു വീഡിയോ എടുത്ത് അയക്ക്…” പിന്നെ ഒന്നും നോക്കിയില്ല. അമ്മ വേഷം സെറ്റ് ചെയ്ത് തന്നു. മേക്കപ്പ് ഒട്ടുമില്ലാതെ, തലയിൽ അൽപ്പം എണ്ണ മാത്രം തേയ്ച്ചുകൊണ്ടാണ് വീഡിയോയ്ക്ക് തയാറെടുത്തത്.
ക്യാമറാമാനായി ഷിഹാബ് ഓങ്ങല്ലൂരും എഡിറ്ററായി സച്ചിന്‍ സത്യയും കൂടാതെ വിഷ്ണു ബാലകൃഷ്ണനും ജംഷീറും കൂടി ചേര്‍ന്നപ്പോള്‍ നല്ല കിടിന്‍ വീഡിയോ പുറത്തിറങ്ങിയെന്നും ടെലിവിഷന്‍ പ്രോഗ്രാമുകളുടെയും സീരിയലുകളുടെയും കോഡിനേറ്ററും അസോസിയേറ്റ് ഡയറക്ടറും നടനുമൊക്കെയായി തിളങ്ങുന്ന ഭാസ്‌കര്‍ പറയുന്നു.
വീഡിയോ കണ്ടപ്പോള്‍ ഇഷ്ടം തോന്നി, അതിന്റെ പള്‍സ് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞതുകൊണ്ട് കോണ്‍ഫിഡന്‍സുമുണ്ടായി. പിന്നെ മറുത്തൊന്നും ചിന്തിച്ചില്ല… നേരെ പോയങ്ങ് വീഡിയോ എടുത്തു. ‘ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തില്‍ ചാക്കോച്ചന്റെ മുഖവും എന്റെ മുഖവും തമ്മില്‍ സാദൃശ്യമുണ്ടെന്ന് കുറച്ച് കൂട്ടുകാര്‍ പറഞ്ഞിരുന്നു.
ആ കഥാപാത്രത്തിനുവേണ്ടി ചാക്കോച്ചന്‍ നടത്തിയ മേക്കോവറുമായി എന്റെ മുഖവുമായി നല്ല ഛായയുണ്ടായിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വന്നപ്പോള്‍ എന്റെ മൊബൈലില്‍ അത് കണ്ട പയ്യന്‍ ഇത് ചേട്ടനല്ലേ എന്ന് ചോദിച്ചു. ഫെയ്‌സ്ബുക്കില്‍ ഞാന്‍ ആ ഫോട്ടോ ഇട്ടപ്പോള്‍ ചിലര്‍ ആശംസകളൊക്കെ അറിയിച്ച് എത്തി.
ഞാനാണത് എന്ന് തെറ്റിദ്ധരിച്ചിട്ടായിരുന്നു അത്. പിന്നീടാണ് വീഡിയോ എടുക്കുന്നത്. ഇതിന് മുന്‍പും ഇതുപോലെ വീഡിയോ ചെയ്തിട്ടുണ്ടെങ്കിലും ഇത്രയും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. നടിമാരായ ശ്വേതാ മേനോനും ജുവല്‍ മേരിയും അശ്വതി ശ്രീകാന്തും നടന്‍മാരായ കലാഭവന്‍ ഷാജോണും നിര്‍മല്‍ പാലാഴിയും നോബിയും എല്ലാം വീഡിയോ കണ്ടിട്ട് അഭിനന്ദിച്ചിരുന്നു.
ശ്വേത മേനോനാണ് അത് ചാക്കോച്ചന് അയച്ചുകൊടുത്തത്. നിങ്ങള്‍ കോപ്പിയടിക്കപ്പെട്ടിരിക്കുന്നു ചാക്കോച്ചാ എന്നായിരുന്നു ശ്വേതയുടെ കമന്‍റ്. ചിത്രത്തിലെ രംഗത്തില്‍ നിന്ന് എടുത്ത മീം പങ്കുവച്ചുകൊണ്ടായിരുന്നു കുഞ്ചാക്കോ ബോബന്‍റെ പ്രതികരണം.
“ഞാന്‍ സുഹൃത്തുക്കളോട് ഇതേക്കുറിച്ച് തമാശ പറഞ്ഞത് കുഞ്ചാക്കോ ബോബന്‍ സിനിമയില്‍ എന്റെ ഫിഗര്‍ ചെയ്തപ്പോള്‍ ഞാന്‍ തിരിച്ച് ഒരു പണി കൊടുത്തതാണെന്നാണ്”. വീഡിയോ സ്റ്റാറ്റസ് ആക്കിയവരില്‍ ചാക്കോച്ചനും ചിത്രത്തിന്‍റെ സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളുമൊക്കെ ഉള്‍പ്പെട്ടിട്ടുണ്ട്.
വീഡിയോയ്ക്ക് ഇത്രയും സ്വീകാര്യത ലഭിക്കുമെന്ന് ആദ്യമൊന്നും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ വീഡിയോ പുറത്തിങ്ങളിയതോടെ സോഷ്യല്‍മീഡിയ അത് ഏറ്റെടുക്കുകയായിരുന്നു. ഭാര്യ ആരതിയും അമ്മ ലളിത അരവിന്ദും കൂടാതെ വീട്ടുകാരും ഒപ്പത്തിനൊപ്പം നിന്നതോടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പറപറന്നു. സോഷ്യല്‍മീഡിയയിലും നിരവധി പേരാണ് അഭിനന്ദനവുമായി രംഗത്തെത്തിയത്. പരാമാവധി എല്ലാവര്‍ക്കും താന്‍ മറുപടി കൊടുക്കാറുണ്ടെന്നും ഭാസ്‌കര്‍ പറയുന്നു.
വീഡിയോ ഇത്രയും വൈറലായെങ്കിലും തന്‍റെ ഡാന്‍സ് കുറച്ചും കൂടി നന്നാക്കാമായിരുന്നു എന്ന അഭിപ്രായമാണ് ഭാസ്കറിന് . തന്‍റെ വീഡിയോ വീണ്ടും വീണ്ടും കാണുമ്പോള്‍ ഇനിയും കൂടുതല്‍ നന്നാക്കാമായിരുന്നു എന്ന് തനിക്ക് തോന്നാറുണ്ടെന്ന് ഭാസ്കര്‍ പറയുന്നു. ചാക്കോച്ചന്‍റെ ഡാന്‍സ് കിടിലനായിരുന്നുവെന്നും അത്രത്തോളം തന്‍റെ ഡാന്‍സ് എത്തില്ലെന്നും ഭാസ്കറിന് അഭിപ്രായമുണ്ട്.
ഭാസ്‌കര്‍ അഭിനയിച്ച മൂന്ന് സിനിമകള്‍ പുറത്തിറങ്ങാനുണ്ട്. അങ്കം, തലക്കുറി, ഭഗവാന്‍ ദാസന്റെ രാമരാജ്യം എന്നിവയാണ് അവ. ചാനലുകളില്‍ നടന്‍, കോഡിനേറ്റര്‍, കാസ്റ്റിംഗ് ഡയറക്ടര്‍, അസോസിയേറ്റ് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഭാസ്‌കര്‍ അരവിന്ദ് കുടുംബശ്രീ ശാരദ എന്ന സീരിയലിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇനിയും ഒട്ടേറെ അവസരങ്ങളിൽ തിളങ്ങാനാകുമെന്ന ശുഭാപ്തി വിശ്വാസം ഭാസ്കറിന്റെ വാക്കുകളിലുണ്ട്….
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here