Hrithik Roshan; മതവികാരം വ്രണപ്പെടുത്തി ഋത്വിക് റോഷന്റെ പരസ്യം; സൊമാറ്റോയ്‌ക്കെതിരെ ബഹിഷ്‌കരണാഹ്വാനം

ബോളിവുഡ് നടൻ ഋത്വിക് റോഷൻ(hrithik-roshan)അഭിനയിച്ച പരസ്യചിത്രം വിവാദമായതനു പിന്നാലെ പ്രമുഖ ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോയ്ക്ക് (zomato) ബഹിഷ്‌കരണാഹ്വാനം. ഋത്വിക് റോഷൻ അവതരിപ്പിക്കുന്ന പരസ്യം പിൻവലിച്ച് സൊമാറ്റോ മാപ്പ് പറയണമെന്ന് ഉജ്ജയിനിലെ മഹാകാൽ ക്ഷേത്രത്തിലെ പുരോഹിതന്മാർ ആവശ്യപ്പെട്ടു. ഇതിനു പിന്നാലെയാണ് സൊമാറ്റോയ്ക്കെതിരെ ബഹിഷ്‌കരണാഹ്വാനമുണ്ടായത്. പരസ്യം ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതാണെന്നാണ് ഇവരുടെ വാദം.

രാജ്യത്തെ വിവിധയിടങ്ങളിലുള്ള വൈവിധ്യമാർന്ന രുചികളെ പരിചയപ്പെടുത്തുന്ന പരസ്യത്തിലെ ഒരു ഭാഗമാണ് വിവാദമായിരിക്കുന്നത്. മദ്ധ്യപ്രദേശിലെ ഉജ്ജയിനിയിലുള്ള മഹാകലേശ്വർ ക്ഷേത്രത്തിൽ ഭക്തർക്ക് പ്രസാദമായി ഥാലി മീൽസ് നൽകാറുണ്ട്. ഉജ്ജയിനിയിൽ തന്നെയുള്ള ‘മഹാകൽ’ എന്ന റെസ്റ്റോറൻറിലാണെങ്കിൽ പ്രധാന മെനുവാണ് ഥാലി. ഇതുദ്ദേശിച്ചായിരുന്നു പരസ്യം ചെയ്തത്. എന്നാൽ ക്ഷേത്രത്തിലെ ഥാലിയായി ഇത് തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. ഉജ്ജയിനിയിലെ ഥാലി കഴിക്കാൻ ആഗ്രഹം തോന്നി, അപ്പോൾ മഹാകലിൽ നിന്നും അത് ഓർഡർ ചെയ്തു എന്നാണ് പരസ്യത്തിൽ ഹൃത്വിക് റോഷൻ പറയുന്നത്.

ക്ഷേത്രത്തിലെ പ്രസാദം വിൽപനയ്ക്ക് ഉള്ളതല്ലെന്നും ഇത് ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും കാണിച്ച് മഹാകലേശ്വർ ക്ഷേത്രത്തിലെ പൂജാരികൾ തന്നെയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പരസ്യം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇവർ കളക്ടറെയും സമീപിച്ചു. പിന്നാലെ പരസ്യത്തിനും സൊമാറ്റോയ്ക്കും എതിരായി കാര്യമായ ക്യാംപയിൻ നടക്കുകയാണ്.

”മതേതര ഇന്ത്യയിൽ ഹിന്ദു മതവുമായി ബന്ധപ്പെട്ട പരസ്യങ്ങൾ ചെയ്യുമ്പോൾ സൊമാറ്റോ ആദ്യം ഒന്ന് ചിന്തിക്കണം”. ട്വിറ്ററിൽ ഒരാൾ അഭിപ്രായപ്പെട്ടു.

”എന്റെ ധീരരായ ഹിന്ദു സഹോദരങ്ങളെ ഉണരൂ, സൊമാറ്റോയ്ക്കും ഹൃത്വിക് റോഷനും അവരുടെ ശരിയായ സ്ഥാനം കാണിച്ചു കൊടുക്കൂ”, എന്നിങ്ങനെയുള്ള ട്വീറ്റുകളും വിവാദ പരസ്യത്തിനു പിന്നാലെ പ്രത്യക്ഷപ്പെട്ട് തുടങ്ങി. ബഹിഷ്‌കരണാഹ്വാനം നേരിട്ടതോടെ പരസ്യം പിൻവലിച്ച് വിശദീകരണവുമായി എത്തിയിരിക്കുകയാണ് സൊമാറ്റോ. തങ്ങൾ ഉദ്ദേശിച്ചത് മഹാകൽ റെസ്റ്റോറൻറ് ആണെന്നും ആരുടെയും മതവികാരം വ്രണപ്പെടുത്തണമെന്ന് ആഗ്രഹിച്ചിട്ടില്ല, അങ്ങനെ സംഭവിച്ചെങ്കിൽ അതില് ഖേദം പ്രകടിപ്പിക്കുന്നുവെന്നുമാണ് കമ്പനി വിശദീകരിച്ചത്.

തങ്ങൾക്ക് ഉജ്ജയിനിയിൽ ഏറ്റവുമധികം ഓർഡറുകൾ ലഭിക്കാറുള്ളൊരു റെസ്റ്റോറൻറ് ആണ് മഹാകൽ എന്നും അവിടെ തന്നെ ഥാലിയാണ് കൂടുതൽ പേർ ആവശ്യപ്പെടാറെന്നും സൊമാറ്റോ പുറത്തിറക്കിയ വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News