ഡോ. ഷംഷീര്‍ വയലിലിന്റെ ബുര്‍ജീല്‍ ഹോള്‍ഡിംഗ്സിന് വന്‍ നേട്ടം

മിഡില്‍ ഈസ്റ്റിലെ ഏറ്റവും മൂല്യമുള്ള ലിസ്റ്റഡ് ഹോള്‍ഡിംഗ് കമ്പനിയായ ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ് കമ്പനി ഡോ. ഷംഷീര്‍ വയലിലിന്റെ ഉടമസ്ഥതയിലുള്ള ബുര്‍ജീല്‍ ഹോള്‍ഡിംഗ്സിന്റെ 15 % ഓഹരികള്‍ ഏറ്റെടുത്തു. ഗള്‍ഫിലെ ആരോഗ്യമേഖലയിലെ സമീപവര്‍ഷങ്ങളിലെ ഏറ്റവും വലിയ ഇടപാടിലൂടെയാണ് ഐഎച്ച്‌സി നിര്‍ണ്ണായക ഓഹരി പങ്കാളിത്തം ഉറപ്പിച്ചത്. യുഎഇയിലും മേഖലയിലും ആരോഗ്യ സംരക്ഷണ രംഗത്തെ ഐഎച്ച്‌സിയുടെ നിക്ഷേപം വ്യാപിപ്പിക്കാനും വൈവിധ്യവത്കരിക്കാനും ലക്ഷ്യമിട്ടാണ് ഓഹരി ഏറ്റെടുക്കല്‍.

ലക്ഷ്യങ്ങള്‍ അടിസ്ഥാനമാക്കി മുന്നോട്ടു പോകുന്ന ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് പോലുള്ള സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്താനുള്ള മികച്ച അവസരമായാണ് ഓഹരി ഏറ്റെടുക്കലിനെ കാണുന്നതെന്ന് ഐഎച്ച്സി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സയ്യിദ് ബസാര്‍ ഷുഇബ് പറഞ്ഞു. ‘യു.എ.ഇയിലും പുറത്തേക്കും വിപണിയിലെ സ്ഥാനം വിപുലീകരിക്കുന്നതിലുള്ള ബുര്‍ജീലിന്റെ പുരോഗതിയില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ഈ പുതിയ ഏറ്റെടുക്കല്‍ ഐഎച്ച്‌സിയുടെ ശക്തമായ വളര്‍ച്ചാ പ്ലാറ്റ്ഫോമിന് വലിയ മൂല്യം നല്‍കും.’ 2007-ല്‍ സ്ഥാപിതമായ ബുര്‍ജീല്‍ ഹോള്‍ഡിംഗ്‌സ് യുഎഇയിലെ പ്രമുഖ സ്വകാര്യ ആരോഗ്യ സേവന ദാതാക്കളാണ്.

ജിസിസിയില്‍ വര്‍ദ്ധിച്ചുവരുന്ന സാന്നിധ്യമുള്ള കമ്പനി അത്യാധുനിക സൗകര്യങ്ങളോടും ലോകോത്തര സേവന നിലവാരത്തോടും കൂടി, ആരോഗ്യ പരിപാലനത്ത് മികച്ച മുന്നേറ്റമാണ് നടത്തുന്നത്. ഏറെ വിശാലവും പരസ്പര പൂരക കഴിവുകളുമുള്ള സുപ്രധാന സ്ഥാപനവുമായുള്ള പങ്കാളിത്തത്തില്‍ അതിയായ സന്തോഷമുണ്ടെന്ന് ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് സ്ഥാപകനും സിഇഒയുമായ ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു.
‘പുതിയ കഴിവുകള്‍, മൂലധനം, പുതിയ വിപണികളിലേക്കുള്ള പ്രവേശനം എന്നിവയില്‍ ഈ പങ്കാളിത്തം പ്രതിഫലിക്കും. ബുര്‍ജീല്‍ ഹോള്‍ഡിംഗ്സിന്റെ വളര്‍ച്ചയുടെ ആവേശകരമായ സമയമാണിത്.’

ബുര്‍ജീല്‍, മെഡിയോര്‍, എല്‍എല്‍എച്ച്, ലൈഫ്‌കെയര്‍, തജ്മീല്‍ എന്നീ ബ്രാന്‍ഡുകളിലായി എല്ലാ സാമൂഹിക-സാമ്പത്തിക വിഭാഗങ്ങള്‍ക്കും സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന 60 ഓളം ആസ്തികളാണ് ബുര്‍ജീല്‍ ഹോള്‍ഡിംഗ്‌സിനു കീഴിലുള്ളത്. കമ്പനിയുടെ ഏറ്റവും വിശാലമായ ആശുപത്രിയായ ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റി, യുഎഇയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രിയും ESMO- അംഗീകൃത കേന്ദ്രവുമാണ്. പ്രശസ്തമായ ലോകോത്തര മികവിന്റെ കേന്ദ്രങ്ങളും യുഎഇയിലെ ഏറ്റവും വലിയ ഡയഗ്‌നോസ്റ്റിക് ശൃംഖലയും സമഗ്ര കാന്‍സര്‍ സെന്ററും കമ്പനിക്ക് കീഴിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News