ഈ എട്ട് ശീലങ്ങള്‍ നിങ്ങള്‍ക്കുണ്ടോ ?…ഇതറിയാതെ പോവല്ലേ ! Diabetes

ദിനംപ്രതി പ്രമേഹ രോഗികൾ വർധിച്ചു വരികയാണ് നമ്മുടെ രാജ്യത്ത്.ടൈപ്പ് 1 പ്രമേഹം പലപ്പോഴും പരമ്പരാഗതമായി പകർന്നു കിട്ടുന്നതാകാമെങ്കിലും ടൈപ്പ് 2 പ്രമേഹം പ്രധാനമായും നമ്മുടെ മോശം ജീവിതശൈലിയും ഭക്ഷണശീലങ്ങളും മൂലം വരുന്നതാണ്. ഇതിനാൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചാൽ ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാൻ സാധിക്കും.

നിത്യജീവിതത്തിലെ നിരുപദ്രവകരമെന്ന് നമുക്ക് തോന്നുന്ന ചില ശീലങ്ങൾ പ്രമേഹത്തിന്റെ സാധ്യത പലമടങ്ങ് വർധിപ്പിക്കുന്നതാണ്. അവ ഏതെല്ലാമെന്ന് പരിശോധിക്കാം.

1. പ്രഭാതഭക്ഷണം ഉപേക്ഷിക്കൽ

ഒരു ദിവസത്തിന്റെ ആദ്യ ഭക്ഷണമെന്ന നിലയിൽ പ്രഭാതഭക്ഷണത്തിന് നമ്മുടെ ആരോഗ്യത്തിൽ ഗണ്യമായ സ്വാധീനം ചെലുത്താൻ സാധിക്കും. ഇത് കഴിക്കാതെ വിടുന്നത് പ്രമേഹത്തിനു മാത്രമല്ല അമിത വണ്ണത്തിനും കാരണമാകാം.

പ്രഭാതഭക്ഷണം കഴിക്കാതിരിക്കുന്നത് അമിതമായി വിശക്കാനും ദിവസത്തിന്റെ മറ്റ് നേരങ്ങളിൽ ഭക്ഷണം വാരിവലിച്ച് കഴിക്കാനും കാരണമായെന്നു വരാം. ജോലിയുടെ തിരക്കുകൾ മൂലം പ്രഭാതഭക്ഷണം കഴിക്കാൻ നേരമില്ലാത്തവർ പോലും ഒരു പഴമോ, നട്‌സോ ഒക്കെ ആ സമയത്ത് നിർബന്ധമായും കഴിച്ചിരിക്കണം.

2. ദീർഘനേരത്തേക്ക് ഇരിപ്പ്

ഇരുന്നുള്ള ജോലി ദീർഘനേരം ചെയ്യേണ്ടി വരുന്നവർക്കും പ്രമേഹം വരാൻ സാധ്യതയുണ്ട്. തുടർച്ചയായി 30 മിനിറ്റിൽ അധികം ഇരിക്കുന്നത് പല വിധത്തിലുള്ള പ്രശ്‌നങ്ങൾ ശരീരത്തിനുണ്ടാക്കാമെന്ന് ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടുന്നു. തുടർച്ചയായി ഇരിക്കാതെ ഇടയ്ക്ക് എഴുന്നേറ്റ് നടക്കാനും ശരീരം അനക്കാനും ശ്രമിക്കണം.

3. വൈകിയുള്ള ഉറക്കം

പല കാരണങ്ങളാൽ ഇന്ന് വൈകി ഉറങ്ങുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇത് ശരീരത്തിന്റെ ചയാപചയ സംവിധാനത്തെ താറുമാറാക്കുകയും പ്രമേഹത്തിലേക്ക് നയിക്കുകയും ചെയ്യും. ഉറക്കമില്ലായ്മയുള്ളവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 17 ശതമാനം അധികമാണെന്ന് ഡയബറ്റോളജിയയിൽ 2020ൽ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

4. സംസ്‌കരിച്ച ഭക്ഷണം

ഇന്ത്യയിൽ സംസ്‌കരിച്ച ഭക്ഷണം കഴിക്കുന്നവരുടെ എണ്ണം അധികമായത് കൂടിയാണ് രാജ്യത്തെ പ്രമേഹ രോഗികളുടെ എണ്ണം ഉയരാനുള്ള ഒരു കാരണം. സംസ്‌കരിച്ച ഭക്ഷണം പ്രമേഹ സാധ്യത 15 ശതമാനം വർധിപ്പിക്കുന്നു.

5. പുകവലി, മദ്യപാനം

പുകവലിക്കാത്തവരെ അപേക്ഷിച്ച് പുകവലിക്കാർക്ക് പ്രമേഹം വരാൻ 30 മുതൽ 40 ശതമാനം വരെ സാധ്യത അധികമാണെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ(സിഡിസി) നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നു. പുകവലിയും മദ്യപാനവും ഹൃദ്രോഗ പ്രശ്‌നങ്ങളിലേക്കും ഉയർന്ന കൊളസ്‌ട്രോളിലേക്കും നയിക്കും.

6. പഞ്ചസാരയുടെ ഉപയോഗം

പ്രമേഹ പ്രശ്‌നങ്ങളുള്ളവർ പഞ്ചസാര ഉപയോഗം പരിമിതപ്പെടുത്തണം. കാർബൺ കുറഞ്ഞ, പഞ്ചസാര രഹിത വസ്തുക്കൾ വേണം ഇവർ കൂടുതലായും കഴിക്കാൻ. എന്നാൽ മറ്റ് ചോക്ലേറ്റുകളെ അപേക്ഷിച്ച് പഞ്ചസാരയുടെ തോത് കുറവായതിനാൽ പ്രമേഹ രോഗികൾക്ക് ഡാർക്ക് ചോക്ലേറ്റ് ഉപയോഗിക്കാം.

7. ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കൽശരീരത്തിന്റെ ജലാംശം നിലനിർത്തേണ്ടത് ആരോഗ്യത്തോടെ ഇരിക്കാൻ അത്യാവശ്യമാണ്. ഒരു ദിവസം അഞ്ച് മുതൽ ആറ് ലീറ്റർ വരെ വെള്ളം കുടിക്കണമെന്നാണ് ഡോക്ടർമാർ ശുപാർശ ചെയ്യുന്നത്. വെള്ളം കുറച്ച് കുടിക്കുന്നവർക്ക് രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയരാൻ സാധ്യത കൂടുതലാണ്. കരളിലും വൃക്കകളിലും ജലാംശം കുറയുന്നത് പഞ്ചസാരയുടെ തോത് ഉയർത്താം.

8. അർധരാത്രിയിലെ സ്‌നാക്‌സ്

സിനിമയും മറ്റും കണ്ടിരുന്ന് അർധരാത്രിയിൽ സ്‌നാക്‌സുകൾ കൊറിക്കുന്നവർ ഉണ്ട്. രാത്രിഭക്ഷണത്തിന് ശേഷം രാത്രി വൈകി കാർബോഹൈഡ്രേറ്റ് തോത് ഉയർന്ന ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ തോത് വർധിപ്പിക്കും. ഇതിനാൽ രാത്രിയിലെ ഈ സ്‌നാക്‌സ് തീറ്റ ഒഴിവാക്കണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here