Edamalakkudy:ഇടമലക്കുടിയിലെ വിദ്യാര്‍ത്ഥികള്‍ക്കും ഇനി മലയാളം പഠിക്കാം

സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലെ(Edamalakkudy) വിദ്യാര്‍ഥികളും മലയാളം ഭാഷ അഭ്യസിക്കുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സമഗ്ര ശിക്ഷാ കേരളയാണ് ‘പഠിപ്പുറൈസി’ എന്ന പേരില്‍ പദ്ധതി നടപ്പിലാക്കുന്നത്. തനതായ ഗോത്രഭാഷ മാത്രം അഭ്യസിക്കുന്ന വിദ്യാര്‍ഥികള്‍ പഠനത്തില്‍ പിന്നാക്കം പോകുന്ന സാഹചര്യം മുന്നില്‍ കണ്ടാണ് സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍.

ഏറ്റവും പ്രബലവും സാംസ്‌കാരിക തനിമ നിലനിര്‍ത്തുന്നതുമായ മുതുവാന്‍ വിഭാഗത്തില്‍ നിന്നുള്ളവരാണ് ഇടമലക്കുടിയിലെ വിദ്യാര്‍ഥികള്‍. പ്രത്യേക ലിപിയില്ലാത്തതും വാമൊഴിയായി കൈമാറ്റം ചെയ്യപ്പെടുന്നതുമായ തനതായ ഭാഷയും സംസ്‌കാരവും കാത്തു സൂക്ഷിക്കുന്നവര്‍. മലയാളം അവരെ സംബന്ധിച്ച് അവന്റേതല്ലാത്ത മുഖ്യധാരാ ഭാഷയാണ്. പക്ഷേ വിദ്യാലയത്തിലേക്ക് എത്തുന്നതോടെ മലയാളം മാനകമായി മാറുന്നു.

ഇതുമൂലം പാഠപുസ്തകത്തില്‍ ഉള്ളതും അധ്യാപകര്‍ പറയുന്നതുമായ കാര്യങ്ങളെ മനസിലാക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയാറില്ല. ക്രമേണ പഠനത്തില്‍ പിന്നാക്കം പോവുകയും അതോടെ വിദ്യാഭ്യാസം അവസാനിപ്പിക്കുകയുമായിരുന്നു പതിവ്. ഭാഷയും സംസ്‌കാരവും ഉള്‍ചേര്‍ക്കല്‍ നടത്തിക്കൊണ്ട് മാത്രമേ പ്രതിസന്ധി പരിഹരിക്കാനാകൂ എന്ന തിരിച്ചറിവില്‍ നിന്നാണ് പഠിപ്പുറൈസി പദ്ധതിയിലേക്ക് സംസ്ഥാന സര്‍ക്കാര്‍ കടക്കുന്നത്. ഇതിന്റെ ഭാഗമായി അഡീഷണല്‍ ഡി പി ഐ, എസ് എസ് കെ സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ അടക്കമുള്ളവര്‍ കുടികളിലെത്തി കാര്യങ്ങള്‍ നേരില്‍ കണ്ട് മനസിലാക്കി. തുടര്‍ന്നാണ് വിദ്യാഭ്യാസ പ്രവര്‍ത്തകനായ ഡോ. ടി പി കലാകാരന്റെ നേതൃത്വത്തില്‍ പഠിപ്പുറൈസിയുടെ രൂപരേഖ തയാറാക്കുന്നത്.

പാക്കേജില്‍ മുതുവാന്‍ ഭാഷയ്ക്ക് പ്രാധാന്യം നല്‍കുന്നതിനോടൊപ്പം, അവരുടെ പ്രദേശത്തെ കാടുകള്‍, പുഴ, ജീവിത രീതികള്‍ വാമൊഴിയായി പകര്‍ന്നു വന്നിട്ടുള്ള കഥകള്‍ എന്നിവക്കെല്ലാം പ്രാധാന്യം നല്‍കിയിരിക്കുന്നു. ബിആര്‍സി ട്രെയിനര്‍മാരായ ഷമീര്‍, ബിജി വര്‍ഗീസ്, ഷാദം, മുതുവാന്‍ ഭാഷ വശമുള്ള രഘു വ്യാസ ചന്ദ്ര വര്‍ണ്ണന്‍ എന്നിവരാണ് ഇടമലക്കുടിയിലെ പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. പദ്ധതിയിലൂടെ ഗോത്രവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള കൂടുതല്‍ വിദ്യാര്‍ഥികള്‍ മികച്ച പഠന നിലവാരത്തിലേക്കുയരുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഉറപ്പ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News