Raveendran Master: മലയാളസിനിമാഗാനങ്ങളുടെ സുവര്‍ണകാലഘട്ടം; ഇന്നും നിലയ്ക്കാതെ രവീന്ദ്രസംഗീതം

മലയാളസിനിമഗാനങ്ങളുടെ സുവര്‍ണകാലഘട്ടത്തെ രേഖപ്പെടുത്തുന്ന പേരുകളില്‍ ഒന്നാണ് രവീന്ദ്രന്‍ മാസ്റ്ററുടേത്(Raveendran Master). സുന്ദരമായ എത്രയോ അനശ്വരഗാനങ്ങള്‍ സംഗീതപ്രേമികള്‍ക്ക് സമ്മാനിച്ചാണ് രവീന്ദ്രസംഗീതം നിലച്ചത്. നിലയ്ക്കാത്ത ഈണങ്ങളുടെ കൂട്ടില്‍ നിന്ന് അനശ്വരതയിലേക്കു കടന്നുപോയ രവീന്ദ്രന്‍ മാസ്റ്ററിന്റെ ജന്മവാര്‍ഷികമാണിന്ന്. കാതുകളെ കീഴടക്കുന്ന ഹരിമുരളീരവമാണ് അദ്ദേഹത്തിന്റെ ഓരോ ഗാനങ്ങളും.

1979ല്‍ പുറത്തിറങ്ങിയ ‘ചൂള’ എന്ന ചിത്രത്തിലെ ‘താരകേ മിഴിയിതളില്‍ കണ്ണീരുമായി’ എന്ന ചിത്രമാണ് രവീന്ദ്രന്‍മാസ്റ്ററുടെ ആദ്യഗാനമായി പരക്കെ അറിയപ്പെടുന്നത്. എന്നാല്‍ ആദ്യമായി റെക്കോര്‍ഡ് ചെയ്യപ്പെട്ടത് അതേ ചിത്രത്തിലെ തന്നെ ‘ഉപ്പിനു പോണ വഴിയേത്?..കായംകുളത്തിനു തെക്കേത്?..മുളകിനു പോകണ വഴിയേത്?..മലയാറ്റൂരിനു തെക്കേത്?..’ എന്ന ഗാനമാണ്. ജെന്‍സി, ലതിക എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചത്.

ദാരിദ്ര്യം നിറഞ്ഞ ബാല്യവും യൗവനവും ജീവിതത്തിലൂടെ കടന്നു പോയപ്പോഴും സംഗീതത്തെ വിടാതെ ചേര്‍ത്തു നിര്‍ത്തി അദ്ദേഹം. സംഗീത കോളജിലെ പഠനമാണ് കുളത്തൂപ്പുഴ രവിയെ മലയാളത്തിന്റെ രവീന്ദ്രന്‍ മാസ്റ്ററായി വാര്‍ത്തെടുത്തത്. സഹപാഠിയായിരുന്ന യേശുദാസിനോടുള്ള ചങ്ങാത്തം സിനിമയിലേക്കു രവീന്ദ്രന്‍ മാസ്റ്ററെ എത്തിച്ചു. ദാസിനു വേണ്ടി ഈണമിടാന്‍ രവിക്കും ശബ്ദമാകാന്‍ ദാസിനും ഏറെ പ്രിയം. രണ്ട് ഇതിഹാസങ്ങളുടെ കൂടിച്ചേരല്‍ സമ്മാനിച്ചതെല്ലാം ഗന്ധര്‍വ ഗാനങ്ങള്‍.

1979ല്‍ ശശികുമാര്‍ സംവിധാനം ചെയ്ത ചൂളയെന്ന ചിത്രത്തിലൂടെയാണ് രവീന്ദ്രന്‍ മാസ്റ്ററിന്റെ സംഗീതത്തെ മലയാളികള്‍ കേട്ടുതുടങ്ങിയത്. തീച്ചൂളയുടെ കൂര്‍മതയും കാല്‍പനികതയുടെ ലാളിത്യവും ഈണങ്ങളുടെ മാന്ത്രികതയും ഒത്തിണങ്ങിയ ഒരു നൂറ് ഗാനങ്ങളിലേക്കുള്ള യാത്രയായിരുന്നു പിന്നീടങ്ങോട്ട്, 2005 മാര്‍ച്ച് മൂന്നിന് ചെന്നൈയില്‍ വച്ച് മരണം ആ ദേഹം തൊടുന്നതു വരെ. അമരം, ഭരതം, ഹിസ്‌ഹൈനസ് അബ്ദുള്ള, ആറാം തമ്പുരാന്‍, സൂര്യഗായത്രി, വടക്കുംനാഥന്‍ അങ്ങനെ എത്രയോ ചിത്രങ്ങളിലൂടെ രവീന്ദ്ര സംഗീതത്തിന്റെ മാന്ത്രികത നമ്മിലേക്കെത്തിയിരിക്കുന്നു. യേശുദാസിന്റെ ആലാപനത്തിന്റെ വിവിധ തലങ്ങളെ മലയാളിക്ക് പരിചിതമാക്കിയതും രവീന്ദ്രന്‍ മാസ്റ്റര്‍ തന്നെ.

ശാസ്ത്രീയ സംഗീതത്തിന്റെ അനന്തമായ വഴികളിലൂടെ സഞ്ചരിച്ചതിന് ഭരതം എന്ന ചിത്രത്തിലൂടെ 1992ല്‍ ദേശീയ പുരസ്‌കാരവും ലഭിച്ചു. ഇതേ ചിത്രത്തിന് 1991ല്‍ സംസ്ഥാന പുരസ്‌കാരവും. ഓര്‍മകളിലേക്കുള്ള മടക്കയാത്ര ആരംഭിക്കും മുന്‍പ് സംഗീതം നല്‍കിയ നന്ദനമെന്ന ചിത്രത്തിലെ പാട്ടുകള്‍ക്ക് 2002ല്‍ സംസ്ഥാന പുരസ്‌കാരവും ലഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News