
ഇന്ത്യയിലെ വാഹന ചരിത്രത്തിൽ പുതിയ റെക്കോർഡ് കുറിച്ചുകൊണ്ട് ഒരു വിഐപി നമ്പർ പ്ലേറ്റ് റെക്കോർഡ് തുകയ്ക്ക് വിറ്റുപോയി. DDC 0001 എന്ന വിന്റേജ് രജിസ്ട്രേഷൻ നമ്പറാണ് 2.08 കോടി രൂപയ്ക്ക് ലേലത്തിൽ വിറ്റുപോയത്. ആന്ധ്രപ്രദേശിലെ ഗുണ്ടൂർ സ്വദേശിയായ കിരൺ കൊൾപ്പാക്കുളയാണ് അവിശ്വസനീയമായ ഈ തുക നൽകി ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള നമ്പർ സ്വന്തമാക്കിയത്.
പ്രമുഖ ആഡംബര കാർ ഡീലർഷിപ്പായ ‘ബിഗ് ബോയ് ടോയിസ്’ (Big Boy Toyz) പുതുതായി ആരംഭിച്ച ഓക്ഷൻ ഹൗസ് വഴിയാണ് ഈ ലേലം നടന്നത്. ബിഗ് ബോയ് ടോയിസ് ഉടമ ജതിൻ അഹൂജയുടെ ഉടമസ്ഥതയിലുള്ള ഈ നമ്പർ പ്ലേറ്റ്, നേരത്തെ അദ്ദേഹത്തിന്റെ മാരുതി സുസുക്കി ഇഗ്നിസ് കാറിലാണ് ഉപയോഗിച്ചിരുന്നത്. 2022-ൽ ഹരിയാനയിൽ വിറ്റുപോയ 1.17 കോടി രൂപയുടെ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്.
ബോളിവുഡ് താരങ്ങളായ ശിൽപ ഷെട്ടി, രോഹിത് ഷെട്ടി, ക്രിക്കറ്റ് താരം ദിനേശ് കാർത്തിക് എന്നിവരുടെ ആഡംബര കാറുകൾ വിറ്റഴിച്ചതിലൂടെ ശ്രദ്ധേയമായ ബിഗ് ബോയ് ടോയിസ്, കാറുകൾക്ക് പുറമെ വിന്റേജ് നമ്പർ പ്ലേറ്റുകൾ, ലക്ഷ്വറി വാച്ചുകൾ, വിഐപി മൊബൈൽ നമ്പറുകൾ എന്നിവയും ലേലത്തിന് വെക്കുന്നുണ്ട്. ഇത്രയും വലിയ തുകയ്ക്ക് നമ്പർ പ്ലേറ്റ് വിറ്റുപോയത് രാജ്യത്തെ ലക്ഷ്വറി കളക്ടീബിൾസ് വിപണിയിലുണ്ടായ വലിയ മുന്നേറ്റമായാണ് വിലയിരുത്തപ്പെടുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

