ഛത്തിസ്ഗഡിലെ പണ്ഡാരിയയിലെ പരാശ്വര ഗ്രാമപഞ്ചായത്തില്‍ നടന്നൊരു സത്യപ്രതിജ്ഞാ ചടങ്ങിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. സംസ്ഥാനത്തെ കബിര്‍ദാം ജില്ലയിലെ ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പതിനൊന്ന് പേരില്‍ തെരഞ്ഞെടുക്കപ്പെട്ട ആറു പേര്‍ സ്ത്രീകളായിരുന്നു. എന്നാല്‍ സത്യപ്രതിജ്ഞ ചെയ്തത് ഇവര്‍ക്ക് പകരം പങ്കെടുത്തത് ഭര്‍ത്താക്കന്മാരും. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ബിജെപി എംഎല്‍എ ഭാവ്‌ന ബൊഹ്‌റ പ്രതിനിധീകരിക്കുന്ന പണ്ഡാരിയ നിയമസഭാ മണ്ഡലത്തില്‍ ഈ സംഭവമുണ്ടായത്.
സംഭവം വിവാദമായതോടെ കാബിര്‍ദാം ജില്ലാ പഞ്ചായത്ത് സിഇഒ അജയ് ത്രിപാഠി അന്വേഷണത്തിന് ഉത്തരവിട്ടു. ഈയടുത്ത് നടന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചവരുടെ അധികാരമേല്‍ക്കല്‍ തിങ്കളാഴ്ചയാണ് നടന്നത്.
പഞ്ചായത്ത് സെക്രട്ടറിയുടെ സാന്നിധ്യത്തിലാണ് തെരഞ്ഞെടുക്കപ്പെട്ട സ്ത്രീകളുടെ ഭര്‍ത്താക്കന്മാരും മറ്റുള്ള അഞ്ച് പേരും സത്യപ്രതിജ്ഞ നടത്തിയത്. അതേസമയം നാട്ടുകാരും സാമൂഹിക പ്രവര്‍ത്തകരും കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. സ്ത്രീ ശാക്തീകരണത്തിനായി രാജ്യത്ത് പല പ്രവര്‍ത്തനങ്ങളും നടക്കുമ്പോള്‍ ഇത്തരത്തിലൊരു സംഭവമുണ്ടായതിന് എതിരെ ശക്തമായ നടപടിയുണ്ടാകണമെന്നാണ് ആവശ്യമുയരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

