കുവൈറ്റിൽ പ്രവാസികൾക്ക് വ്യക്തിപരമായ ഉപയോഗത്തിനായി പരമാവധി മൂന്ന് വാഹനങ്ങൾ വരെ സ്വന്തമാക്കാൻ അനുമതിയുണ്ടെന്ന് വ്യക്തമാക്കി ആഭ്യന്തര മന്ത്രാലയം. പ്രവാസികൾക്ക് സ്വന്തമാക്കാൻ കഴിയുന്ന വാഹനങ്ങളിൽ സ്വകാര്യ കാറുകൾക്ക് പുറമെ മോട്ടോർ സൈക്കിളുകൾ, പിക്കപ്പ് ട്രക്കുകൾ തുടങ്ങിയവയും ഉൾപ്പെടുമെന്ന് ട്രാഫിക് ബോധവൽക്കരണ വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ലഫ്റ്റനന്റ് കേണൽ അബ്ദുല്ല ബൂഹസ്സാൻ അറിയിച്ചു.
എന്നാൽ ഈ അനുമതി വ്യക്തിപരമായ ഉപയോഗത്തിനായി മാത്രമാണ്. വാണിജ്യ ആവശ്യങ്ങൾക്കായി വാഹനങ്ങൾ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് അബ്ദുല്ല ബൂഹസ്സാൻ വ്യക്തമാക്കി.
വാഹനങ്ങളുടെ അമിത വർധന നിയന്ത്രിക്കുക, ഗതാഗത സംവിധാനത്തിലെ ക്രമീകരണം മെച്ചപ്പെടുത്തുക, റോഡുകളിലെ സുരക്ഷ ശക്തിപ്പെടുത്തുക, രജിസ്ട്രേഷൻ സംവിധാനം കൂടുതൽ സുതാര്യമാക്കുക എന്നിവയാണ് ഈ തീരുമാനത്തിന്റെ പ്രധാന ലക്ഷ്യങ്ങളെന്ന് ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു.
മന്ത്രാലയ ഉത്തരവനുസരിച്ച്, പ്രവാസികൾക്ക് ഒരേ സമയം കൈവശം വയ്ക്കാൻ കഴിയുന്ന വാഹനങ്ങളുടെ എണ്ണം മൂന്ന് എന്ന പരിധിയിൽ നിയന്ത്രിക്കപ്പെടും. നിലവിൽ പ്രവാസികളുടെ പേരിലുള്ള വാഹനങ്ങളുടെ രജിസ്ട്രേഷൻ, നിലവിലുള്ള നടപടിക്രമങ്ങൾ പാലിച്ച് പുതുക്കുന്നതിന് അനുമതി ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
എന്നാൽ നിശ്ചയിച്ച പരിധി കവിയുന്ന വിധത്തിൽ പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ അനുവദിക്കില്ല. ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു. വാഹന ഉടമസ്ഥതയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ലംഘിക്കരുതെന്നും പൊതുജനങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

